ഐഫോണ്‍ 16 സീരീസ് അടുത്ത മാസം പുറത്തിറങ്ങും. ഐഫോണ്‍ 15 സീരീസിലേതിനേക്കാള്‍ ശക്തിയേറിയ ബാറ്ററികളുമായാണ് പുതിയ ഐഫോണുകള്‍ എത്തുക എന്നാണ് വിവരം. ഐഫോണ്‍ 16 പ്രോയില്‍ 3577 എംഎഎച്ച് ബാറ്ററി ആയിരിക്കുമെന്ന് ചൈനീസ് ലീക്കറായ ഇന്‍സ്റ്റന്റ് ഡിജിറ്റല്‍ പറയുന്നത്. ഐഫോണ്‍ 16 പ്രോ മാക്‌സില്‍ 4676 എംഎഎച്ച് ബാറ്ററിയുമായിരിക്കും. ആന്‍ഡ്രോയിഡ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ബാറ്ററികള്‍ വളരെ ചെറുതാണെങ്കിലും ഐഫോണ്‍ 15 ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കൂടുതലാണ്.
ഐഒഎസ് ഡിവൈസുകളിലെ ഏറ്റവും വലിയ ബാറ്ററി ആയിരിക്കും ഇതെന്നും പറയപ്പെടുന്നു. ബാറ്ററി ശേഷി കുറവാണെങ്കിലും ആന്‍ഡ്രോയിഡ് ഫോണുകളേക്കാള്‍ മികച്ച ബാറ്ററി ഒപ്റ്റിമൈസേഷന്‍ സംവിധാനങ്ങളാണ് ഐഒഎസിലുള്ളത്.ഐഫോണ്‍ 15 പ്രോയില്‍ 3274 എംഎഎച്ച് ബാറ്ററിയാണുള്ളത്. 15 പ്രോ മാക്‌സില്‍ 4422 എംഎഎച്ച് ബാറ്ററിയുമുണ്ട്. ആറ് ശതമാനം മുതല്‍ 9 ശതമാനം വരെ ബാറ്ററി ശേഷി വര്‍ധിപ്പിച്ചാണ് പുതിയ ഐഫോണ്‍ 16 ഫോണുകള്‍ കമ്പനി ഒരുക്കിയിരിക്കുന്നത്. മുമ്പ് വന്ന അഭ്യൂഹങ്ങള്‍ അനുസരിച്ച് വിലകുറഞ്ഞ പതിപ്പായ ഐഫോണ്‍ 16 ല്‍ 3561 എംഎഎച്ച് ബാറ്ററിയുണ്ടാവു.
ഐഫോണ്‍ 16 പ്ലസില്‍ 4006 എംഎഎച്ച് ബാറ്ററിയുമായിരിക്കും. പ്രോ മോഡലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ വന്നിരുന്നില്ല. ഇത്തവണ അതിവേഗ ചാര്‍ജിങ് സംവിധാനവും ഐഫോണ്‍ 16 സീരീസില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. 40 വാട്ട് വയേര്‍ഡ് ചാര്‍ജിങും 20 വാട്ട് വയര്‍ലെസ് ചാര്‍ജിങും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷവും ഇത് ഉണ്ടാവുമെന്ന് അഭൂഹമുണ്ടായിരുന്നുവെങ്കിലും ഐഫോണ്‍ 15 ല്‍ അതിവേഗ ചാര്‍ജിങ് സൗകര്യം ഉള്‍പ്പെടുത്തിയിരുന്നില്ല.