CMDRF

ഐഫോൺ 16 സിരീസിന് ഇന്ത്യയിൽ വില കുറഞ്ഞേക്കും

ഐഫോൺ 16 സിരീസിന് ഇന്ത്യയിൽ വില കുറഞ്ഞേക്കും
ഐഫോൺ 16 സിരീസിന് ഇന്ത്യയിൽ വില കുറഞ്ഞേക്കും

ചെന്നൈ: ഐഫോൺ 16 സിരീസ് സ്‌മാർട്ട്ഫോണുകളെ കുറിച്ചുള്ള ആകാംക്ഷ മുറുകിയിരിക്കേ വില സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയർന്നുകഴിഞ്ഞു. ഇന്ത്യയിൽ ഐഫോൺ 16 സിരീസ് മോഡലുകൾക്ക് വില കുറഞ്ഞേക്കും എന്ന സൂചനയും ഇതിനൊപ്പം വന്നിട്ടുണ്ട്. ഐഫോൺ 16 സിരീസിന് ഇന്ത്യയിൽ വിലക്കുറവ് പ്രകടമായേക്കും എന്നാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നത്. രണ്ട് കാരണങ്ങളാണ് ഇതിന് വാർത്തയിൽ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഐഫോൺ 16 പ്രോ സിരീസുകളുടെ നിർമാണം തമിഴ്നാട്ടിലെ ഫാക്ടറിയിൽ തുടങ്ങാൻ പോകുന്ന എന്ന വാർത്ത കഴിഞ്ഞ ദിവസം ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. ബേസ് മോഡലുകൾക്ക് പുറമെ പ്രോ മോഡലുകളും ഇന്ത്യയിൽ നിർമിക്കുന്നത് ഐഫോൺ 16 മോഡലുകളുടെ വിലക്കുറവിന് കാരണമായേക്കും എന്നതാണ് ഒരു കാരണം. ആഗോള ലോഞ്ചിന് പിന്നാലെ ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയുടെ നിർമാണം തമിഴ്‌നാട്ടിലെ പ്ലാൻറിൽ തുടങ്ങും.

രണ്ടാമത്തെ കാരണം ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ടതാണ്. ഇക്കഴിഞ്ഞ ബജറ്റിൽ മൊബൈൽ ഫോണുകളുടെ ഇറക്കുമതി തീരുവ 22 ശതമാനത്തിൽ നിന്ന് 17 ആയി കുറച്ചിരുന്നു. ഇതോടെ ഇതിനകം നിലവിലെ ഐഫോൺ മോഡലുകൾക്ക് 5,900 രൂപ വരെ വിലക്കുറവ് സംഭവിച്ചിട്ടുണ്ട്. സമാനമായി ഐഫോൺ 16 സിരീസിൻറെ വിലയും കുറയാനാണ് വഴിയൊരുങ്ങുന്നത്.ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയാണ് ഐഫോൺ 16 സിരീസിൽ വരുന്ന ആപ്പിളിൻറെ സ്മാർട്ട്ഫോണുകൾ. സെപ്റ്റംബർ 10നാണ് ഐഫോൺ 16 സിരീസ് പുറത്തിറങ്ങുക എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ആപ്പിൾ 16 സിരീസ് അവതരണത്തിന് മുമ്പ് ഐഫോൺ 16 പ്രോയുടെ ഡിസൈൻ ലീക്കായിട്ടുണ്ട്. കളറിലും രൂപകൽപനയിലും മാറ്റങ്ങളോടെയാവും ഐഫോൺ 16 പ്രോ വരിക എന്നാണ് സൂചന.

Top