CMDRF

ഐപിഎൽ ലേലം: കൊൽക്കത്ത നിലനിർത്തുക 2 താരങ്ങളെ

നായകൻ ശ്രേയസ് അയ്യർ, ഫിനിഷർ റിങ്കു സിംഗ് എന്നിവരെയാണ് കൊൽക്കത്ത നിലനിർത്താൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ

ഐപിഎൽ ലേലം: കൊൽക്കത്ത നിലനിർത്തുക 2 താരങ്ങളെ
ഐപിഎൽ ലേലം: കൊൽക്കത്ത നിലനിർത്തുക 2 താരങ്ങളെ

കൊൽക്കത്ത: ഐപിഎൽ താരലേലത്തിന് മുമ്പ് നിലനിർത്താവുന്ന കളിക്കാരുടെ കാര്യത്തിൽ ബിസിസിഐ തീരുമാനം വരാനിരിക്കെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് താരങ്ങളെ നിലനിർത്താൻ തീരുമാനിച്ചതായി റിപ്പോർട്ട്. നായകൻ ശ്രേയസ് അയ്യർ, ഫിനിഷർ റിങ്കു സിംഗ് എന്നിവരെയാണ് കൊൽക്കത്ത നിലനിർത്താൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കഴിഞ്ഞ താരലേലത്തിൽ റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിച്ച ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിനെ ഇത്രയും വലിയ തുകയ്ക്ക് നിലനിർത്തണോ എന്ന കാര്യത്തിൽ ടീം ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.

ഒരു വിദേശതാരത്തെ മാത്രമെ നിലനിർത്താനാവു എങ്കിൽ സ്റ്റാർക്കിനെ നിലനിർത്തിയാൽ ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ എന്നിവരെ കൈവിടേണ്ടിവരുമെന്നതാണ് കൊൽക്കത്തയുടെ മുന്നിലെ പ്രതിസന്ധി. വർഷങ്ങളായി ടീമിനൊപ്പമുള്ള വിശ്വസ്ത താരം സുനിൽ നരെയ്നെ ടീം കൈവിടാൻ തയാറാവില്ലെന്നാണ് കരുതുന്നത്. ഫിൽ സോൾട്ടാണ് കൊൽക്കത്തക്ക് കൈവിടേണ്ടിവരുന്ന മറ്റൊരു താരം. വർഷങ്ങളായി ടീമിനൊപ്പമുള്ള ഓൾ റൗണ്ടർ വെങ്കടേഷ് അയ്യരെയും കൊൽക്കത്ത ലേലത്തിന് മുമ്പ് കൈവിട്ടേക്കുമെന്നാണ് കരുതുന്നത്.

നവംബർ അവസാനമോ ഡിസംബർ ആദ്യവാരമോ ആയിട്ടായിരിക്കും ഐപിഎൽ മെഗാ താരലേലം നടക്കുകയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 10 വർഷത്തിനിടെ ഐപിഎല്ലിൽ രണ്ട് മെഗാ താരലേലങ്ങളാണ് നടന്നത്. 2014ലും 2018ലുമായിരുന്നു ഇത്. 2021ൽ നടക്കേണ്ടിയിരുന്ന മെഗാ താരലേലം കൊവിഡിനെത്തുടർന്ന് അടുത്തവർഷത്തേക്ക് മാറ്റിയിരുന്നു. പിന്നീട് 2022ൽ പുതിയ രണ്ട് ടീമുകൾ കൂടി ഉൾപ്പെട്ട സാഹചര്യത്തിലായിരുന്നു താരലേലം നടന്നത്. ലഖ്നൗവും ഗുജറാത്ത് ടൈറ്റൻസുമാണ് പുതുതായി എത്തി ടീമുകൾ. 2022ലേതുപോലെ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന താരലേലമായിരിക്കും ഇത്തവണയും നടക്കുകയെന്നാണ് റിപ്പോർട്ട്

Top