ചെന്നൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് വിക്കറ്റുകള്‍ക്ക് തകര്‍ത്ത് വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയെ 137 റണ്‍സുകളിലൊതുക്കിയ ചെന്നൈ 14 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. സീസണില്‍ ചെന്നൈയുടെ മൂന്നാം വിജയവും കൊല്‍ക്കത്തയുടെ ആദ്യ പരാജയവുമാണിത്.
ഫീല്‍ഡിങ്ങിലെ തകര്‍പ്പന്‍ പ്രകടനത്തോടെ മറ്റൊരു നേട്ടവും ജഡേജ സ്വന്തമാക്കി. ഐപിഎല്ലില്‍ നൂറ് ക്യാച്ചുകള്‍ നേടുന്ന അഞ്ചാമത്തെ താരമെന്ന റെക്കോര്‍ഡാണ് ജഡേജ സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. കൊല്‍ക്കത്തയുടെ അവസാന ഓവറില്‍ ശ്രേയസ് അയ്യരുടെ ക്യാച്ച് നേടിയതോടെയാണ് ജഡേജ ഐപിഎല്‍ ക്യാച്ചുകളില്‍ സെഞ്ച്വറി തികച്ചത്.ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്ലിയാണ് ഐപിഎല്ലിലെ ക്യാച്ചുകളുടെ എണ്ണത്തില്‍ ഒന്നാമത്. 242 ഐപിഎല്‍ മത്സരങ്ങളില്‍ 110 ക്യാച്ചുകളാണ് കോഹ്ലിയുടെ സമ്പാദ്യം. 109 ക്യാച്ചുകള്‍ നേടിയ സുരേഷ് റെയ്ന, 103 ക്യാച്ചുകളുള്ള കീറോണ്‍ പൊള്ളാര്‍ഡ്, 100 ക്യാച്ചുകളുള്ള സുരേഷ് റെയ്ന എന്നിവരാണ് ജഡേജയ്ക്ക മുന്നേ ഈ പട്ടികയിലുള്ള താരങ്ങള്‍.
മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയെ തകര്‍ത്ത രവീന്ദ്ര ജഡേജയാണ് മത്സരത്തിലെ താരമായി തിളങ്ങിയത്. സുനില്‍ നരൈന്‍, അംഗ്കൃഷ് രഘുവംശി, വെങ്കടേഷ് അയ്യര്‍ എന്നിവരെയാണ് ജഡ്ഡു പുറത്താക്കിയത്. വിക്കറ്റിന് പുറമേ രണ്ട് ക്യാച്ചുകളും മത്സരത്തില്‍ ജഡേജ സ്വന്തമാക്കിയിട്ടണ്ട്. ഫില്‍ സാള്‍ട്ട്, കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവരെയാണ് ജഡേജ കിടിലന്‍ ക്യാച്ചിലൂടെ പുറത്താക്കിയത്.