മുംബൈ: അടി മുടി മാറ്റത്തിനാണ് ഇക്കുറി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താര ലേലം വേദിയായിരിക്കുന്നത്. ഒരു ടീമിന് ആറുപേരെ നിലനിര്‍ത്താമെന്നതാണ് ഏറ്റവും പുതിയ മാറ്റങ്ങളിലൊന്ന്. ഇതുമായി ബന്ധപ്പെട്ട ഐ.പി.എല്‍. ഗവേണിങ് കൗണ്‍സിലിന്റെ തീരുമാനത്തിന് ബി.സി.സി.ഐ. അനുമതി നല്‍കിയിട്ടുണ്ട്. പരമാവധി അഞ്ച് അന്താരാഷ്ട്ര താരങ്ങളെയും രണ്ട് അണ്‍ക്യാപ്പ്ഡ് താരങ്ങളെയുമാണ് ഉള്‍പ്പെടുത്താന്‍ അനുമതിയുള്ളത്. ഇംപാക്ട് പ്ലെയര്‍ നിയമം 2027 വരെ തുടരും.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒരു അന്താരാഷ്ട്ര മത്സരവും കളിക്കാത്ത എല്ലാ ഇന്ത്യന്‍ കളിക്കാരെയും അണ്‍ക്യാപ്പ്ഡ് പ്ലെയറായി കണക്കാക്കാനും തീരുമാനിച്ചത് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഗുണം ചെയ്യും. മഹേന്ദ്ര സിങ് ധോണി 2019 ഏകദിന ലോകകപ്പ് സെമി ഫൈനലിലാണ് അവസാനമായി കളിച്ചത്. അഞ്ചുവര്‍ഷം പൂര്‍ത്തിയായതിനാല്‍ ധോണിക്ക് അണ്‍ക്യാപ്പ്ഡ് പ്ലെയറായി ടീമില്‍ തുടരാനാവും. അണ്‍ക്യാപ്പ്ഡ് പ്ലെയര്‍ എന്ന നിലയില്‍ ധോണിയെ നിലനിര്‍ത്താന്‍ പരമാവധി നാലുകോടി രൂപ മതിയാകും.
Also Read: സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍; ബംഗ്ലാദേശ് ടി-20 പരമ്പരയിൽ കളിക്കും
2025-ല്‍ ലേലത്തുക ഉള്‍പ്പെടെ ഒരു ടീമിന് ആകെ അനുവദിക്കുന്ന തുക 146 കോടി രൂപയായി നിശ്ചയിച്ചു. 2024-ല്‍ ഇത് 110 കോടി രൂപയായിരുന്നു. 2026-ല്‍ 151 കോടി, 2027-ല്‍ 157 കോടി എന്നിങ്ങനെയാക്കാനും നിശ്ചയിച്ചു. വിദേശ താരങ്ങളും മെഗാ ലേലത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം, തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ലേലങ്ങളില്‍ പങ്കെടുക്കാനാവില്ല.
ലേലത്തില്‍ വിറ്റുപോയ താരങ്ങള്‍ മതിയായ കാരണങ്ങളില്ലാതെ ലീഗില്‍നിന്ന് വിട്ടുനിന്നാലും പണികിട്ടും. തുടര്‍ന്നുള്ള രണ്ട് സീസണുകളില്‍ കളിക്കാനോ ലേലത്തില്‍ പങ്കെടുക്കാനോ കഴിയില്ല. 2025 ഐ.പി.എൽ. സീസണിനു മുന്നോടിയായുള്ള മെഗാ താരലേലം നവംബർ ഒടുവിലോ ഡിസംബർ ആദ്യമോ നടക്കും. വേദിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
Also Read: മായങ്ക് യാദവ് ഇന്ത്യൻ ടീമിലേക്ക്; സൂചന നൽകി ബിസിസിഐ
ഐ.പി.എലില്‍ മാച്ച് ഫീസ് സംവിധാനവും അടുത്ത സീസണ്‍ മുതല്‍ കൊണ്ടുവരും. ഇതുപ്രകാരം ഓരോ കളിക്കാരനും 7.50 ലക്ഷം രൂപവെച്ച് ഓരോ കളിക്കും ലഭിക്കും. കളിക്കാർക്ക് നൽകുന്ന കരാർ തുകയ്ക്കും മറ്റ് അലവൻസുകൾക്കും പുറമേയാണിത്. സീസണിലെ എല്ലാ മത്സരങ്ങളും കളിക്കുന്നയാൾക്ക് മാച്ച് ഫീസ് ഇനത്തിൽമാത്രം 1.5 കോടി രൂപ ലഭിക്കും.
കഴിഞ്ഞ തവണ നടന്ന മെഗാ ലേലത്തില്‍ നാലുതാരങ്ങളെ നിലനിര്‍ത്താനാണ് ടീമുകള്‍ക്ക് അവകാശമുണ്ടായിരുന്നത്. ശനിയാഴ്ച ബെംഗളൂരുവില്‍ ചേര്‍ന്ന ഐ.പി.എല്‍. ഗവേണിങ് ബോഡി യോഗത്തില്‍ ഇത് ആറാക്കി ഉയര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇത് റൈറ്റ് റ്റു മാച്ച് (ആര്‍.ടി.എം.) കാര്‍ഡ് സംവിധാനം വഴിയുമാവാം.