CMDRF

കേരള പൊലീസിലെ ‘ഷെർലക് ഹോംസിന്’ ഐ.പി.എസ്, മോഹന ചന്ദ്രൻ തിരിച്ചു വരുന്നു

കേരള പൊലീസിലെ ‘ഷെർലക് ഹോംസിന്’ ഐ.പി.എസ്, മോഹന ചന്ദ്രൻ തിരിച്ചു വരുന്നു
കേരള പൊലീസിലെ ‘ഷെർലക് ഹോംസിന്’ ഐ.പി.എസ്, മോഹന ചന്ദ്രൻ തിരിച്ചു വരുന്നു

നീണ്ട അനിശ്ചിതത്ത്വത്തിനും നിയമ പോരാട്ടത്തിനും ഒടുവിൽ ആ കാര്യത്തിലും ഇപ്പോൾ തീരുമാനമായിരിക്കുകയാണ്. 2021, 2022 വർഷങ്ങളിലെ ഐപിഎസ് ഒഴിവുകളിലേക്ക് കേരള പോലീസിൽ നിന്നുമുള്ള എസ്പിമാരുടെ അന്തിമ പട്ടികയായി. 2021ലേക്ക് 12 പേരുടെ പട്ടികയാണ് അംഗീകരിച്ചത്. 2022ലേക്ക് അഞ്ചുപേരെയും തിരഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാന സർക്കാർ ഇൻ്റഗ്രിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനാൽ നിയമനം അനിശ്ചിതത്വത്തിലായ മൂന്നുപേരുടെ പേരുകൾ ഒഴിവാക്കിയുള്ള പുതിയ പട്ടികയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

പുതുതായി ഐപിഎസ് കിട്ടിയവരിൽ കുറ്റാന്വേഷണ രംഗത്ത് ഏറെ മികവ് തെളിയിച്ച മോഹന ചന്ദ്രനും ഉൾപ്പെടും. നൂറോളം ഗുഡ് സര്‍വീസ് എന്‍ട്രികളാണ് മോഹന ചന്ദ്രൻ തൻ്റെ സർവ്വീസ് കാലയളവിൽ കരസ്ഥമാക്കിയിരുന്നത്. രാഷ്ട്രപതിയുടെ മെഡലിനു പുറമെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ കുറ്റാന്വേഷണ മികവിന് സംസ്ഥാന പോലീസ് ചീഫിന്റെ ബാഡ്ജ് ഓഫ് ഓണറും അദ്ദേഹം നേടിയിട്ടുണ്ട്.

സി.ആര്‍.പി.എഫ് എസ്.ഐയായി 1990 -ല്‍ കേന്ദ്ര പോലീസ് സേനയില്‍ ചേര്‍ന്ന മോഹനചന്ദ്രൻ ദേശീയ സുരക്ഷാ സേനയുടെ കമാന്റോ പരിശീലനവും ലഭിച്ചിട്ടുണ്ട്. പിന്നീട് എസ്.പി.ജി പരിശീലനവും പൂർത്തിയാക്കുകയുണ്ടായി.

മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ എസ്.പി.ജി സുരക്ഷാസംഘത്തിലും ഈ മലയാളി ഉണ്ടായിരുന്നു. കേരള പോലീസില്‍ എസ്.ഐയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് 1995-ൽ കേന്ദ്രസര്‍വീസില്‍ നിന്നും രാജിവെച്ച് കേരള പോലീസില്‍ എത്തിയിരുന്നത്. സംസ്ഥാനത്തെ വലിയ ബാങ്ക് കവര്‍ച്ചകളായ ചേലേമ്പ്ര, പെരിയ, പൊന്ന്യം, കാന്നാണി, തിരുനാവായ ബാങ്ക് കവര്‍ച്ചാ കേസുകളിലെ പ്രതികളെ പിടികൂടുന്നതിൽ മോഹനചന്ദ്രന്‍ നിർണ്ണായക പങ്കാണ് വഹിച്ചിരുന്നത്.

തിരൂരങ്ങാടി കൊടിഞ്ഞിയിലെ പാത്തുമ്മക്കുട്ടി വധക്കേസിലെ പ്രതി ഇസ്‌ലാം ഖാനെയും സംഘത്തെയും യു.പി മൊറാദാബാദിലെത്തി സാഹസികമായാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പിടികൂടിയിരുന്നത്.

മാറാട് കലാപക്കേസ് അന്വേഷണസംഘത്തിലും മോഹന ചന്ദ്രൻ ഉണ്ടായിരുന്നു. കുനിയില്‍ ഇരട്ടക്കൊലക്കേസ്, നിലമ്പൂര്‍ രാധാവധക്കേസ് എന്നിവ അന്വേഷിച്ച പ്രത്യേക സംഘത്തിലും മോഹന ചന്ദ്രൻ പ്രവർത്തിച്ചു. മതംമാറ്റത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കൊടിഞ്ഞി ഫൈസല്‍ വധക്കേസ്, ബിബിന്‍ വധക്കേസ്, കാസര്‍ഗോഡ് റിയാസ് മൗലവി വധക്കേസ്, അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസ്, ചാവക്കാട് വടക്കെക്കാട് ഷെമീര്‍ വധക്കേസ്, എന്നിവ തെളിയിച്ചതും, മോഹനചന്ദ്രന്റെ അന്വേഷണ മികവിലാണ്.

2009 -ലെ പെരിയ പൊന്ന്യന്‍ കവര്‍ച്ചാക്കേസ് അന്വേഷണത്തിനിടയിൽ തമിഴ്‌നാട് കുറുവ സംഘം നടത്തിയ 12 ബാങ്ക് കവര്‍ച്ചകള്‍ക്കാണ് മോഹന ചന്ദ്രൻ തുമ്പുണ്ടാക്കിയിരുന്നത്. കഞ്ചാവ് വേട്ടയിലും ഈ മികവ് പ്രകടമാണ്. കാസര്‍ഗോട്ടുനിന്നു മാത്രം 600 കിലോ ഗ്രാം കഞ്ചാവാണ് പിടികൂടിയിരുന്നത്. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയായിരിക്കെ നോട്ടു നിരോധനത്തിനു ശേഷം 2 വര്‍ഷം കൊണ്ട് 125 കോടി രൂപയുടെ നിരോധിതനോട്ടുകളാണ് പിടിച്ചെടുത്തിരുന്നത്. നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ക്ക് പുറമെ 110 കോടി രൂപ വിലമതിക്കുന്ന തുര്‍ക്കി കറന്‍സിയും മോഹനചന്ദ്രന്റെ നേതൃത്വത്തിൽ പിടികൂടുകയുണ്ടായി.

നിലമ്പൂര്‍ വനത്തില്‍ പോലീസും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടൽ സംഘത്തിലും ഈ പോലീസ് ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു. ആദിവാസി കോളനികളില്‍ ബോധവല്‍ക്കരണവും പ്രചരണവും നടത്തി ആദിവാസികള്‍ മാവോയിസ്റ്റ് ആശയത്തിലേക്ക് വഴിമാറാതിരിക്കാനുള്ള മുന്‍കരുതലും പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയും മലപ്പുറം ഇന്റലിജന്‍സ് ഡി.വൈ.എസ്.പിയുമായിരിക്കെ മോഹനചന്ദ്രൻ സ്വീകരിച്ചത് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ഇപ്പോഴും ഓർക്കുന്നുണ്ട്.

ഐ.പി.എസ് കരസ്ഥമാക്കി എത്രയുംവേഗം മോഹനചന്ദ്രൻ വീണ്ടും സർവ്വീസിൽ തിരിച്ചെത്തണമെന്ന് ആഗ്രഹിച്ചവരിൽ സാധാരണ പൊലീസുകാർ മുതൽ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ വരെയുണ്ട്.

Top