CMDRF

ഇഖാമ പുതുക്കിയില്ല; മലയാളിയെ സൗദിയില്‍ നിന്ന് നാടുകടത്തി

ഇഖാമ പുതുക്കിയില്ല; മലയാളിയെ സൗദിയില്‍ നിന്ന് നാടുകടത്തി
ഇഖാമ പുതുക്കിയില്ല; മലയാളിയെ സൗദിയില്‍ നിന്ന് നാടുകടത്തി

അബഹ: ഇഖാമ (താമസരേഖ) പുതുക്കാന്‍ വൈകിയതിന് മലയാളിയെ സൗദിയില്‍ നിന്ന് നാടുകടത്തി. സൗദിയില്‍ അടുത്ത കാലത്ത് നിലവില്‍ വന്നതാണ് ഇഖാമ പുതുക്കുന്നതില്‍ മൂന്ന് തവണ കാലവിളംബം വരുത്തിയാല്‍ നാടുകടത്തും എന്ന നിയമം. ഇതുപ്രകാരമാണ് മലപ്പുറം ഇടക്കര സ്വദേശിയെ നാടുകടത്തിയത്.

മുമ്പ് രണ്ട് പ്രാവശ്യം ഇഖാമ പുതുക്കാന്‍ വൈകിയ ഇദ്ദേഹം രണ്ട് തവണയും ഫൈന്‍ അടച്ച് പുതുക്കിയിരുന്നു. മൂന്നാമതും ഇഖാമ കാലാവധി കഴിഞ്ഞപ്പോള്‍ മുമ്പ് ചെയ്തപോലെ ഫൈന്‍ അടച്ച് പുതുക്കാന്‍ കഴിയും എന്ന വിശ്വാസത്തിലായിരുന്നു. സാധനങ്ങള്‍ വാങ്ങാനായി ഖമീസ് മുശൈത്ത് ടൗണില്‍ എത്തിയപ്പോള്‍ യുവാവിനോട് പൊലീസ് പതിവ് പരിശോധനയുടെ ഭാഗമായി ഇഖാമ ആവശ്യപ്പെടുകയായിരുന്നു.

ഇഖാമ പരിശോധിച്ച ഉദ്യോഗസ്ഥര്‍ മുമ്പ് രണ്ട് തവണ കാലാവധി കഴിഞ്ഞിട്ടാണ് പുതുക്കിയതെന്നും മൂന്നാം തവണയും കാലാവധി കഴിഞ്ഞിരിക്കുകയാണെന്നും മനസിലാക്കിയതോടെ യുവാവിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അതിന് ശേഷം നാടുകടത്തല്‍ (തര്‍ഹീല്‍) കേന്ദ്രത്തില്‍ എത്തിച്ചു. ഇത് അറിഞ്ഞ് തര്‍ഹീലില്‍ എത്തിയ സഹോദരനോട് നാടുകടത്താനാണ് തീരുമാനം എന്ന് അധികൃതര്‍ പറഞ്ഞു.

തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകനും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹികക്ഷേമ സമിതിയംഗവുമായ ബിജു കെ. നായരുടെ സഹായം തേടി. അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം വിമാന ടിക്കറ്റുമായി എത്തി തര്‍ഹീലില്‍ നിന്ന് പുറത്തിറക്കി അബഹ എയര്‍പോര്‍ട്ട് വഴി നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു.

Top