ലോകം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് പോകുകയാണെങ്കില്‍, അതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം അമേരിക്കയ്ക്ക് മാത്രമായിരിക്കും. ഇസ്രയേല്‍ ഗാസയെ ആക്രമിച്ചതും… ലെബനനെ ആക്രമിക്കുന്നതും ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ഉന്നതരെ വധിച്ചതുമെല്ലാം അമേരിക്കയുടെ അനുവാദത്തോടെയാണ്. ഹൂതികളെ ലക്ഷ്യമിട്ട് യെമനിനു നേരെ നടത്തിയ ആക്രമണത്തിനു പിന്നിലും ആ കഴുകന്റെ താല്‍പ്പര്യം വ്യക്തമാണ്. അരലക്ഷത്തോളം പേരാണ് ഗാസയില്‍ ഇതിനകം കൊല്ലപ്പെട്ടിരിക്കുന്നത്. ലെബനനിലും ആയിരങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ നടത്തുന്ന മനുഷ്യത്വരഹിതമായ കടന്നാക്രമണം പശ്ചിമേഷ്യയെ മാത്രമല്ല, ലോകത്തെ തന്നെയാണ് നിലവില്‍ യുദ്ധഭീതിയിലാഴ്ത്തിയിരിക്കുന്നത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും സകല മുന്നറിയിപ്പുകളും ഭീഷണികളും തള്ളിയാണ് ഇസ്രയേലിനു നേരെ ഇറാന്‍ ആക്രമണം നടത്തിയിരിക്കുന്നത്. തിരിച്ചടി മുന്‍കൂട്ടി കണ്ട് മുന്‍കരുതല്‍ സ്വീകരിച്ചിട്ടും, ഇസ്രയേലിന്റെ സകല പ്രതിരോധ സംവിധാനങ്ങളും തകര്‍ത്താണ് ബാലസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിന്റെ തന്ത്ര പ്രധാനമായ സ്ഥലങ്ങളില്‍ പതിച്ചിരിക്കുന്നത്.
ഇറാന്‍ മിസൈലുകള്‍ക്ക് മുന്നില്‍ ഇസ്രയേലിന്റെ അയണ്‍ഡോം പോലും തകര്‍ന്ന കാഴ്ചയാണ് ലോകം കണ്ടത്. ഇതൊരു സൂചന മാത്രമാണെന്നും ഇസ്രയേല്‍ തിരിച്ചടിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഇറാന്‍ ഇതിനകം തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതായത്, ആവനാഴിയില്‍ ആയുധം നിറച്ചും റഷ്യയുടെ ഉള്‍പ്പെടെ പിന്തുണ ഉറപ്പ് വരുത്തിയുമാണ് ഇറാന്‍ ആക്രമണം നടത്തിയതെന്നത് ഈ ചങ്കൂറ്റത്തില്‍ നിന്നു തന്നെ വ്യക്തമാണ്. റഷ്യന്‍ പ്രധാനമന്ത്രി ഇറാന്‍ സന്ദര്‍ശിച്ചതിന് തൊട്ടു പിന്നാലെയാണ് ഇസ്രയേലിനെ ഇറാന്‍ ആക്രമിച്ചത് എന്നത് അമേരിക്കയെയും ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.
ഇസ്രയേലിനെ സഹായിക്കാന്‍ മേഖലയില്‍ തമ്പടിച്ച അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് ഇറാന് എതിരെ ചെറുവിരല്‍ അനക്കാന്‍ പോലും കഴിയാതിരുന്നത് റഷ്യയുടെ നിലപാട് മനസ്സിലാക്കിയത് കൊണ്ടു കൂടിയാണ്. ഇറാനെതിരെ അമേരിക്ക ആക്രമണം നടത്തിയാല്‍ റഷ്യയും യുദ്ധത്തിനിറങ്ങുമെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയെ സംബന്ധിച്ച് റഷ്യയുമായി നേരിട്ടൊരു ആക്രമണത്തിന് ആ രാജ്യം ആഗ്രഹിക്കുന്നില്ല. റഷ്യയുമായി അമേരിക്ക ഏറ്റുമുട്ടുക എന്നതിനര്‍ത്ഥം ലോകം അവസാനിക്കുക എന്നത് കൂടിയാണ്.
കാരണം ലോകത്ത് ഏറ്റവും അധികം ആണവ ആയുധങ്ങള്‍ ഉള്ള രാജ്യം റഷ്യയാണ്. രണ്ടാമത് മാത്രമേ അമേരിക്ക വരുന്നൊള്ളൂ. ഈ ആണവ രാജ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയാലുള്ള അവസ്ഥ നമുക്ക് ചിന്തിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരിക്കും. യുദ്ധതന്ത്രത്തില്‍ അമേരിക്കയേക്കാള്‍ മിടുക്കരാണ് റഷ്യയും ഇറാനും എന്നതും ഈ ഘട്ടത്തില്‍ നാം തിരിച്ചറിയേണ്ടതുണ്ട്. ഇസ്രയേല്‍ ടെക്‌നോളജിയെ തരിപ്പണമാക്കാനുള്ള കരുത്തും റഷ്യക്കുണ്ട്.
കരയാക്രമണത്തില്‍ പേര്‍ഷ്യന്‍ പോരാളികളായ ഇറാന്‍ സൈന്യത്തോട് ഏറ്റുമുട്ടി നില്‍ക്കുക ശത്രു രാജ്യങ്ങളെ സംബന്ധിച്ച് എളുപ്പം കഴിയുന്ന കാര്യവുമല്ല. പൂര്‍ണ്ണ തോതിലുള്ള ഒരു യുദ്ധം ഉണ്ടായാല്‍ അമേരിക്കന്‍ ചേരിക്ക് എതിരെ റഷ്യയും ചൈനയും ഉള്‍പ്പെടെ രംഗത്തിറങ്ങാനുള്ള സാധ്യതയുണ്ടെന്നാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രായേലിലെ ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ സ്ഥിതിഗതികള്‍ ലോകരാജ്യങ്ങളും നിരീക്ഷിച്ചു വരികയാണ്.
ഇസ്രയേല്‍ തിരിച്ചടിക്കുമെന്നും അതോടെ ഇറാന്‍ കൂടുതല്‍ പ്രഹരശേഷിയുള്ള മിസൈലുകള്‍ പ്രയോഗിക്കുമെന്നുമാണ് ലോക രാജ്യങ്ങള്‍ ഭയക്കുന്നത്. ഇത്തരമൊരു ഘട്ടത്തിലാകും ഇറാന് വേണ്ടി റഷ്യ രംഗത്തിറങ്ങുകയെന്നാണ് വിലയിരുത്തല്‍. ഇസ്രായേല്‍ സൈന്യവുമായി സഹകരിച്ച് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചുവെന്ന് അമേരിക്ക ഇപ്പോള്‍ വീമ്പിളക്കുന്നുണ്ടെങ്കിലും ഇസ്രയേലില്‍ ഇറാന്‍ മിസൈലുകള്‍ പതിച്ചു എന്നത് ഇസ്രയേല്‍ തന്നെ അംഗഗീകരിച്ച ഒരു യാഥാര്‍ത്ഥ്യമാണ്. നാശനഷ്ടത്തിന്റെ കണക്കു മാത്രമാണ് അവര്‍ പുറത്ത് വിടാതിരിക്കുന്നത്. അതാകട്ടെ മാനക്കേട് ഭയന്നുമാണ്.
ഇറാന്‍ തൊടുത്തുവിട്ട 180-ഓളം ബാലിസ്റ്റിക് മിസൈലുകളില്‍ ഒന്ന് ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ടെല്‍ അവീവിലെ ആസ്ഥാനത്തിന് സമീപമാണ് പതിച്ചിരിക്കുന്നത്. തൊട്ടു പിന്നാലെ മൊസാദ് ആസ്ഥാനത്തിന് സമീപം വന്‍ ഗര്‍ത്തം രൂപപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൊസാദ് ആസ്ഥാനത്തിന് സമീപമുള്ള ഒരു ബഹുനില കെട്ടിടത്തില്‍ നിന്ന് ചിത്രീകരിച്ച വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നതെന്ന് സിഎന്‍എന്‍ ജിയോ ലൊക്കേറ്റ് ചെയ്തിട്ടുണ്ട്.
പാര്‍ക്കിംഗ് സ്ഥലമെന്നു തോന്നിക്കുന്ന സ്ഥലത്താണ് 50 അടി വീതിയിലാണ് ഗര്‍ത്തമുണ്ടായത്. മിസൈല്‍ ആക്രമണത്തിന് പിന്നാലെ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞിട്ടുണ്ട്. സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ മണ്ണില്‍ മൂടുകയുണ്ടായി. വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങിയതോടെ ഒരു കോടിയോളം പേര്‍ ബോംബ് ഷെല്‍ട്ടറുകളില്‍ അഭയം തേടിയതാണ് മരണ സംഖ്യ കുറച്ചിരിക്കുന്നത്. ഇറാന്‍ ആക്രമണം നടത്തുന്നത്തിന് വളരെ മുന്‍പ് തന്നെ അമേരിക്ക മുന്നറിയിപ്പ് നല്‍കിയതാണ് ഇസ്രയേല്‍ ജനതയ്ക്ക് രക്ഷയായത്.
എന്നാല്‍, ഇനിയുള്ള ആക്രമണങ്ങള്‍ ഇങ്ങനെ ആവണമെന്നില്ല. തികച്ചും അപ്രതീക്ഷിതമായ സമയത്ത് ഇസ്രയേലിനുള്ളില്‍ ഹമാസ് നടത്തിയ ആക്രമണം തന്നെ അതിന് ഉദാഹരണമാണ്. ഒരു രഹസ്യാന്വേഷണ ഏജന്‍സിക്കും കണ്ടെത്താന്‍ കഴിയാത്ത ആ ആക്രമണം ആസൂത്രണം ചെയ്തതും ഇറാനാണ്. അതു കൊണ്ടു തന്നെ തീര്‍ച്ചയായും ഇസ്രയേലും അമേരിക്കയും ഇനിയും ഭയക്കണം. അമേരിക്കന്‍ സൈനിക ശക്തിയുടെ വലുപ്പം കൊണ്ടും ഇസ്രയേലിന്റെ ടെക്‌നോളജി കൊണ്ടും മാത്രം ഒരു യുദ്ധവും പുതിയ കാലത്ത് ജയിക്കാന്‍ കഴിയില്ല.
അമേരിക്കന്‍ ചേരിക്ക് എതിരെ ഒരു ലോക ചേരി തന്നെ ഉണ്ടായി കൊണ്ടിരിക്കുകയാണ്. അതിനെ നയിക്കുന്നതാകട്ടെ ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ആണവായുധം കൈവശമുളള റഷ്യയാണെന്നതും ഓര്‍ത്തുകൊള്ളണം. കിം ജോങ് ഉന്നിന്റെ മിസൈലിനെ പേടിക്കുന്ന അമേരിക്കയ്ക്ക് റഷ്യയുടെ കൈവശമുള്ള ലോകത്തെ ഏറ്റവും നശീകരണ ശേഷിയുള്ള ആണവ മിസൈലായ സാത്താനെ തടയാനുള്ള ആരോഗ്യമുണ്ടോ എന്നത് അമേരിക്കന്‍ ചേരിക്ക് വേണ്ടി വാദിക്കുന്ന മാധ്യമങ്ങളും ചിന്തിക്കുന്നത് നല്ലതായിരിക്കും.
വീഡിയോ കാണാം