ഇറാനെതിരായ ഇസ്രയേലിന്റെ പ്രതികാര ആക്രമണം ഉടൻ തന്നെ സംഭവിക്കുമെന്നാണ് അമേരിക്കൻ- ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാന്റെ ആണവനിലയങ്ങൾ ആക്രമിക്കണമോ അതോ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ നടത്തണമോ എന്ന കാര്യത്തിൽ ഇസ്രയേൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. തിരിച്ചടി പരിമിതപ്പെടുത്തിയില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പ് അമേരിക്ക പരസ്യമായി ഇസ്രയേലിന് നൽകിയിട്ടുണ്ടെങ്കിലും ഇറാൻ വീണ്ടും പ്രത്യാക്രമണം നടത്തിയാൽ ഇസ്രയേലിനെ സംരക്ഷിക്കുമെന്ന നിലപാടിലാണ് ഇപ്പോഴും അമേരിക്ക ഉറച്ചു നിൽക്കുന്നത്.
അതേസമയം, ഇറാൻ പ്രസിഡന്റുമായി റഷ്യൻ പ്രസിഡന്റ് നടത്തിയ കൂടിക്കാഴ്ച്ചയും മേഖലയിൽ സ്ഥിതി സങ്കീർണ്ണമാക്കിയിട്ടുണ്ട്. ഏതുതരം ആക്രമണം ഇറാന് നേരെ ഉണ്ടായാലും തിരിച്ചടിക്കാൻ ഇറാന് അവകാശമുണ്ടെന്ന നിലപാടാണ് റഷ്യയ്ക്കുള്ളത്. ആയുധ സഹായവും റഷ്യയുടെ ഭാഗത്ത് നിന്നുണ്ടാകും. ഇസ്രയേലിന് ഒരിക്കലും നേരിട്ട് യുദ്ധം ചെയ്ത് ഇറാനെ കീഴ്പ്പെടുത്താൻ കഴിയില്ലെന്നാണ് റഷ്യ വിശ്വസിക്കുന്നത്. അമേരിക്ക നേരിട്ട് ആക്രമിക്കുന്ന സ്ഥിതി ഉണ്ടായാൽ തങ്ങളും നേരിട്ട് ഇടപെടുമെന്ന മുന്നറിയിപ്പും റഷ്യ അമേരിക്കയ്ക്ക് നൽകിയിട്ടുണ്ട്. ഇറാന്റെ മറ്റൊരു സുഹൃത്തായ ചൈനയും കാത്തിരുന്നു കാണാം എന്ന നിലപാടിലാണുള്ളത്. അതേസമയം അനവധി ആണവ പോർമുനകളുള്ള ഉത്തര കൊറിയ റഷ്യ എപ്പോൾ ആവശ്യപ്പെട്ടാലും അമേരിക്കയ്ക്ക് നേരെ ആണവ പോർമുന തിരിച്ചുവയ്ക്കുമെന്ന നിലപാടിലാണ് മുന്നോട്ടുപോകുന്നത്.
ഇറാനെതിരായ ഏതൊരു ആക്രമണവും അമേരിക്കയിലും ഇസ്രയേലിലും ഉൾപ്പെടെ വൻ ചാവേർ ആക്രമണത്തിന് വഴിതുറക്കുമെന്ന ആശങ്കയും ഈ രാജ്യങ്ങളിലെ രഹസ്യാന്വേഷണ വിഭാഗങ്ങൾക്കുണ്ട്. ഇറാൻ, ഇസ്രയേലിന് നേരെ ആക്രമണം നടത്തിയ ഘട്ടത്തിൽ തന്നെ ഇസ്രയേലിൽ നടന്ന ചാവേർ ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടിരുന്നത്. ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ചാവേർ സംഘങ്ങൾ ഇറാന് ഉള്ളതിനാൽ എന്തും സംഭവിക്കാം എന്നത് തന്നെയാണ് നിലവിലെ അവസ്ഥ. ഇറാൻ മുൻ സൈനിക മേധാവി ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ടതിന് പ്രതികാരമായാണ് അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപിന് നേരെ നടന്ന വധശ്രമങ്ങളെന്നാണ് അമേരിക്ക സംശയിക്കുന്നത്. ഇത് സംബന്ധമായി ഇറാന് അമേരിക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
അന്ന് ഈ ഓപ്പറേഷനിൽ പങ്കെടുത്ത മറ്റ് 60 ഉദ്യോഗസ്ഥരും ഇറാന്റെ ഹിറ്റ്ലിസ്റ്റിലാണുള്ളത്. എത്ര വർഷം കാത്തിരുന്നാലും ശത്രുവിനെതിരെ പ്രതികാരം ചെയ്യുമെന്നതാണ് ഇറാൻ പിന്തുടരുന്ന നയം. അമേരിക്കയുടെയും ഇസ്രയേലിന്റെയും ചങ്കിടിപ്പിക്കുന്നതും ഈ നിലപാട് തന്നെയാണ്. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും തലവന്മാരെയും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഒരു ജനറലിനെയും കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഒക്ടോബർ 1 ന് ഇസ്രയേലിനെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നത്. ഈ ആക്രമണം ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾക്ക് വൻ പ്രഹരമാണ് സൃഷ്ടിച്ചിരുന്നത്. ജനവാസ കേന്ദ്രങ്ങൾ ഇത്തവണ ഇറാൻ ലക്ഷ്യമിട്ടിട്ടില്ലെങ്കിലും ഇസ്രയേൽ ആക്രമണം കടുപ്പിച്ചാൽ ഈ നിലപാടും ഇറാൻ മാറ്റാനാണ് സാധ്യത. ഇറാൻ സൈന്യം തന്നെ ഇത് സംബന്ധമായ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇറാൻ മിസൈൽ ആക്രമണത്തോടുള്ള ഇസ്രയേലിന്റെ പ്രതികരണം ”മാരകവും കൃത്യവും ആശ്ചര്യകരവുമായിരിക്കുമെന്നാണ്” ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറയുന്നത്. അങ്ങനെ സംഭവിച്ചാൽ ഇസ്രയേൽ ഭൂപടത്തിൽ തന്നെ ഉണ്ടാകില്ലെന്നാണ് ഇറാനും വ്യക്തമാക്കിയിരിക്കുന്നത്. ‘സ്വയം പ്രതിരോധിക്കാനും ഇസ്രയേലിന്റെ സാധ്യമായ ഏത് ആക്രമണത്തിനും തിരിച്ചടി നൽകാനും പൂർണ്ണമായും തയ്യാറായാണ് നിലവിൽ ഇറാൻ സൈന്യം നിൽക്കുന്നത്. ഇറാന്റെ എണ്ണ ഇൻഫ്രാസ്ട്രക്ചറിനെ ഇസ്രയേൽ ലക്ഷ്യം വച്ചാൽ ഇസ്രയേലിന്റെ എണ്ണ ശുദ്ധീകരണശാലകൾ ആക്രമിക്കുന്നതിനും പദ്ധതി തയ്യാറാണ്. വൈദ്യുത നിലയങ്ങളും ആണവ സൗകര്യങ്ങൾ പോലുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കപ്പെടുകയാണെങ്കിൽ ഇസ്രയേലിലെ ഇത്തരം മേഖലകളിലും തിരിച്ചടി പ്രതീക്ഷിക്കാമെന്നാണ് ഇറാൻ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
എല്ലാ പരിധിയും ലംഘിച്ച് ഒടുവിൽ ഇസ്രയേൽ സൈന്യം ജനങ്ങളെ ആക്രമിച്ചാൽ ആണവായുധം തന്നെ ഇസ്രയേലിന് നേരെ ഇറാൻ പ്രയോഗിക്കുമെന്നാണ് അമേരിക്ക ഭയപ്പെടുന്നത്. ഇസ്രയേലും ഇറാനും പ്രഖ്യാപിത ആണവ രാജ്യങ്ങളല്ലെങ്കിലും ഇരു രാജ്യങ്ങളുടെ പക്കലും ആണവായുധങ്ങൾ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഇതിൽ തന്നെ ഇറാനാണ് ഏറ്റവും കൂടുതൽ ആണവ പോർമുനകളുള്ളത്. ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ ചതി പ്രയോഗത്തിലൂടെ ഇസ്രയേൽ കൊന്നൊടുക്കിയപ്പോൾ അവിടെ സഹായവുമായി എത്തിയത് റഷ്യയാണ്. റഷ്യൻ ശാസ്ത്രജ്ഞരുടെ സഹായം ഇറാന് ലഭിച്ചതായാണ് അമേരിക്കയും വിലയിരുത്തുന്നത്. ഇത് കൂടാതെ പ്രഹരശേഷിയുള്ള നിരവധി ആധുനിക ആയുധങ്ങളും റഷ്യ ഇറാന് നൽകിയിട്ടുണ്ട്. ഇസ്രയേലിന് ഒറ്റയ്ക്ക് ഇറാനെ നേരിടാൻ കഴിയില്ലെന്നത് ഇതിൽ നിന്നുതന്നെ വ്യക്തമാണ്.
ഇറാന്റെ ആക്രമണത്തിന് തിരിച്ചടി നൽകാനും പ്രാദേശിക പങ്കാളികളിൽ നിന്ന് പിന്തുണ തേടാനും ഇസ്രയേൽ നിരന്തരം ശ്രമിക്കുമ്പോൾ ഇസ്രയേലിനുള്ളിൽ തന്നെ ഇക്കാര്യത്തിൽ രണ്ട് അഭിപ്രായമുണ്ടെന്ന റിപ്പോർട്ടുകളും ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയ എതിരാളികൾക്ക് ഇറാനെതിരായ ആക്രമണം ഒഴിവാക്കണമെന്ന നിലപാടാണുള്ളത്. എന്നാൽ, എന്ത് സംഭവിച്ചാലും തിരിച്ചടിക്കുമെന്ന വാശിയിലാണ് ബെഞ്ചമിൻ നെതന്യാഹു മുന്നോട്ട് പോകുന്നത്. തിരിച്ചടിക്കാൻ ഇസ്രയേൽ ഒരുങ്ങിയതോടെ ഇസ്രയേലിന് സുരക്ഷാകവചം ഒരുക്കുന്ന തിരക്കിലാണിപ്പോൾ അമേരിക്കയുള്ളത്. ഇസ്രയേലി ചാനൽ 12-ന്റെയും ആർമി റേഡിയോയുടെയും റിപ്പോർട്ടുകൾ പ്രകാരം അമേരിക്ക തങ്ങളുടെ THAAD മിസൈൽ പ്രതിരോധ സംവിധാനം ഇസ്രയേലിൽ വിന്യസിക്കാൻ ഒരുങ്ങുകയാണ്.
ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ പൂർണ്ണമായും തടയുന്നതിൽ ഇസ്രയേൽ പ്രതിരോധ സംവിധാനമായ അയൺ ഡോം പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം. ഇസ്രയേൽ പ്രദേശങ്ങളിൽ അമേരിക്കൻ സൈന്യം സിസ്റ്റം പ്രവർത്തിപ്പിക്കുന്ന ട്രയൽ ദൃശ്യങ്ങളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെ പ്രതിരോധിക്കുന്നതിൽ വന്ന വീഴ്ചകൾ സംബന്ധിച്ച് അമേരിക്കൻ വിദഗ്ധർ ഇസ്രയേൽ അധികൃതരുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനം അമേരിക്ക എടുത്തിരിക്കുന്നത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രതിരോധ മേധാവികളുടെ നേതൃത്വത്തിൽ നടന്ന ഈ യോഗം ഇറാൻ അയച്ച മിസൈലുകൾ ഇസ്രയേലിൽ ലക്ഷ്യം കണ്ടു എന്നത് സമ്മതിക്കുന്നതിന് തുല്യമാണ്.
ലോകത്തിലെ ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സംവിധാനമാണ് ‘അയൺ ഡോം’ എന്ന് അഹങ്കരിച്ചിരുന്ന ഇസ്രയേലിന് അമേരിക്കൻ പ്രതിരോധ സംവിധാനത്തെ ആശ്രയിക്കേണ്ടി വന്നത് വലിയ നാണക്കേട് തന്നെയാണ്. വലിയ സംഭവമായി അമേരിക്ക ഇസ്രയേലിൽ ഇപ്പോൾ തീർക്കുന്ന ഈ പ്രതിരോധ സംവിധാനങ്ങളെ തകർത്ത ചരിത്രവും ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാനുണ്ട്. ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് തിരിച്ചടിയായി ഇറാൻ നടത്തിയ ആക്രമണം ഇറാഖിലെ അമേരിക്കൻ എംബസിയിലും സൈനിക കേന്ദ്രത്തിലും പതിച്ചത് ഇതേ THAAD മിസൈൽ പ്രതിരോധ സംവിധാനത്തെ തകർത്താണ് എന്നതും നാം അറിയേണ്ടതുണ്ട്.
Express View
വീഡിയോ കാണുക