വാഷിങ്ടൺ: ഇസ്രയേലിനെതിരെ മിസൈൽ ആക്രമണത്തിന് ഇറാൻ തയ്യാറെടുക്കുന്നതായി അമേരിക്ക. തെക്കൻ ലെബനനിലേക്ക് ഇസ്രയേൽ കരയുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാൻ തയാറെടുക്കുന്നതായി സൂചന വരുന്നത്.
ഇസ്രയേലിനെതിരെ നേരിട്ട് നടത്തുന്ന ഏതൊരു ആക്രമണവും ഇറാന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി. ആക്രമണത്തെ പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ പ്രതിരോധ തയ്യാറെടുപ്പുകളെ പിന്തുണയ്ക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇറാൻ്റെ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണത്തിൻ്റെ ഭാഗമായി ഇസ്രയേൽ കരസേന തെക്കൻ ലെബനനിലേക്ക് കടന്നതോടെയാണ് ഇറാൻ്റെ ആസൂത്രിത നീക്കം.