ഇസ്രയേലിനെതിരെ വലിയ ആക്രമണം നടത്താനുള്ള കഴിവ് ഇറാൻ ഇതിനകം തെളിയിച്ചിട്ടുണ്ട്: യുഎസ്

ഇസ്രയേലിനെതിരെ വലിയ ആക്രമണം നടത്താനുള്ള കഴിവ് ഇറാൻ ഇതിനകം തെളിയിച്ചിട്ടുണ്ട്: യുഎസ്
ഇസ്രയേലിനെതിരെ വലിയ ആക്രമണം നടത്താനുള്ള കഴിവ് ഇറാൻ ഇതിനകം തെളിയിച്ചിട്ടുണ്ട്: യുഎസ്

വാഷിങ്ടണ്‍: ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയെ ഇറാനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇസ്രായേലിന് മുന്നറിയിപ്പുമായി യു.എസ്. ഇസ്രായേല്‍ കൈയടക്കിവെച്ചിരിക്കുന്ന പലസ്തീന്‍ അധിനിവേശ പ്രദേശങ്ങളെ ഇറാന്‍ ലക്ഷ്യം വെക്കാനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ലെന്നും ഇസ്രായേലിനെതിരെ വലിയ ആക്രമണം നടത്താനുള്ള ശേഷിയുണ്ടെന്ന് ഇറാന്‍ ഇതിനകം തെളിയിച്ചതാണെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഏപ്രില്‍ 13ന് അധിനിവേശ പ്രദേശങ്ങള്‍ക്കെതിരെ ഇസ്‌ലാമിക് റിപബ്ലിക് നടത്തിയ ‘ഓപ്പറേഷന്‍ ട്രൂ പ്രോമിസിനെ’ ഉദ്ദരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്സ് കോര്‍പ്സിന്റെ (ഐ.ആര്‍.ജി.സി) ഭാഗമായ ഖുദ്സ് ഫോഴ്സിന്റെ രണ്ട് ജനറല്‍മാരെയും അവരുടെ കൂട്ടാളികളെയും നാല് മാസം മുന്‍പ് സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍വെച്ച് ഇസ്രായേല്‍ വധിച്ചിരുന്നു. ഇതിന് മറുപടിയായി 300ലധികം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാന്‍ ഇസ്രായേലിനെതിരെ വ്യോമാക്രമണം നടത്തിയിരുന്നു. എന്നാല്‍ ഹമാസ് തലവനായ ഹനിയെ ഇറാന്‍ മണ്ണില്‍ കൊല്ലപ്പെട്ടതോടെ ഇസ്രായേലിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രതിരോധ നേതാവിന്റെ രക്തത്തിന് പ്രതികാരം ചെയ്യേണ്ടത് ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ കടമയാണെന്നും ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള ഖമേനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പരമോന്നത നേതാവിന്റെ പ്രഖ്യാപനത്തെ യു.എസ് ഗൗരവമായി കാണുമെന്നും സഖ്യകക്ഷികളുടേയും തങ്ങളുടേയും പ്രതിരോധം ഉറപ്പ് വരുത്തുമെന്നും കിര്‍ബി കൂട്ടിച്ചേര്‍ത്തു. ഇറാന് പുറമെ, ലെബനനിലെ ബെയ്റൂത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ളയുടെ മുതിര്‍ന്ന മിലിട്ടറി കമാന്‍ഡറായ ഫുഅദ് ഷുക്റിന്റെ മരണത്തിന് പകരം വീട്ടുമെന്ന് ഹിസ്ബുള്ളയും അറിയിച്ചു. ഇസ്രായേല്‍ എല്ലാ നിയന്ത്രണരേഖകളും ലംഘിച്ചെന്നും ഇനി പ്രതികാരനടപടികളിലേക്ക് കടക്കുകയാണന്നും ഹിസ്ബുള്ള സെക്രട്ടറി ജനറല്‍ സയ്യിദ് ഹസ്സന്‍ നസ്റുല്ല പറഞ്ഞു.

Top