ട്രംപിനെ വധിക്കാൻ ഉദ്ദേശമില്ലെന്ന് ഇറാൻ പറഞ്ഞതായി റിപ്പോർട്ട്

ട്രംപും ഇലോണ്‍ മസ്‌ക്കും ചേര്‍ന്ന് യുക്രൈയിന്‍ - റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടല്‍ നടത്തുന്നതിനിടെ തന്നെയാണ് ഇറാനുമായും ചര്‍ച്ചക്കുള്ള സാധ്യത തേടിയിരിക്കുന്നത്.

ട്രംപിനെ വധിക്കാൻ ഉദ്ദേശമില്ലെന്ന് ഇറാൻ പറഞ്ഞതായി റിപ്പോർട്ട്
ട്രംപിനെ വധിക്കാൻ ഉദ്ദേശമില്ലെന്ന് ഇറാൻ പറഞ്ഞതായി റിപ്പോർട്ട്

നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ പദ്ധതിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഇറാന്‍ അമേരിക്കയ്ക്ക് രേഖാമൂലം ഉറപ്പ് നല്‍കിയതായാണ് പല അമേരിക്കന്‍ മാധ്യമങ്ങളും നവംബര്‍ 15 ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നതനുസരിച്ച് വര്‍ദ്ധിച്ചുവരുന്ന ഭിഷണി കുറയ്ക്കുന്നതിനുള്ള ശ്രമത്തില്‍ ഒക്ടോബര്‍ മധ്യത്തിലാണ് ഇത്തരമൊരു സന്ദേശം ഇറാന്‍ നല്‍കിയിരിക്കുന്നത് എന്നാണ് ഈ അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സെപ്റ്റംബറില്‍ അമേരിക്ക നല്‍കിയ രേഖാമൂലമുള്ള ആവശ്യത്തിന് മറുപടിയായാണ് ഇത്തരമൊരു നിലപാട് ഇറാന്‍ സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. ഒരു മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെയോ ഉദ്യോഗസ്ഥന്റെയോ കൊലപാതകത്തെ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ‘യുദ്ധപ്രവൃത്തി’ ആയി വ്യാഖ്യാനിക്കുമെന്ന് അമേരിക്ക ഇറാനോട് വ്യക്തമാക്കിയതായി സിബിഎസ് ന്യൂസ് അക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, തങ്ങളുടെ ലക്ഷ്യങ്ങള്‍ ആര്‍ക്കെതിരെ ആയാലും അത് പൂര്‍ത്തീകരിക്കുമെന്നും ട്രംപ് തല്‍ക്കാലം തങ്ങളുടെ ടാര്‍ഗറ്റ് അല്ലന്നതുമാണ് ഇക്കാര്യത്തില്‍ ഇറാന്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്.

Donald Trump

ദീര്‍ഘകാലമായി ഇറാന്റെ കടുത്ത ശത്രുവായിരുന്ന ട്രംപ് ഇപ്പോള്‍ ഇറാനുമായി ഒത്തുതീര്‍പ്പിനായി തന്റെ വിശ്വസ്തനായ ഇലോണ്‍ മസ്‌കിനെ നിയോഗിച്ചതോടെയാണ് ഇറാന്‍ നല്‍കിയതായി പറയപ്പെടുന്ന ഉറപ്പും മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഇതിന് പിന്നില്‍ സ്ഥാനമൊഴിയാന്‍ പോകുന്ന ജോ ബൈന്ധന്‍ ഭരണകൂടത്തിന്റെ കുബുദ്ധിയാണെന്നാണ് ടീം ട്രംപ് സംശയിക്കുന്നത്. 2018-ല്‍ ടെഹ്റാനുമായുള്ള സുപ്രധാന ആണവകരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയതും 2020-ല്‍ ഇറാന്റെ സൈനിക കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തിയതും ട്രംപ് പ്രസിഡന്റായിരിക്കുന്ന കാലത്താണ്.

ഈ രണ്ട് നിക്കങ്ങള്‍ക്ക് പിന്നിലും ട്രംപിന്റെ കയ്യൊപ്പാണ് ഉണ്ടായിരുന്നത്. ഇതിനു ശേഷം, ഖാസിം സുലൈമാനിയെ വധിക്കാന്‍ നേതൃത്വം നല്‍കിയവരെയും ആ ഉത്തരവ് നടപ്പടക്കിയവരെയും ഇറാന്റെ ചാവേറുകള്‍ കൊലപ്പെടുത്തുമെന്ന നിരവധി റിപ്പോര്‍ട്ടുകളാണ് അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ നല്‍കിയിരുന്നത്. തുടര്‍ന്ന് ട്രംപിന് നേരെയും നിരവധി വധശ്രമങ്ങള്‍ നടക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ജോ ബൈഡന്‍ ഭരണകൂടം തന്നെ നേരിട്ട് ഇറാനെ പ്രതിഷേധം അറിയിച്ചിരുന്നത്.

Qasem Soleimani

അതേസമയം, ട്രംപിനെ കൊല്ലാന്‍ ശ്രമിക്കില്ലെന്ന ഇറാന്റെ ഉറപ്പില്‍ ഒരു പ്രത്യേക ഉദ്യോഗസ്ഥന്‍ ഒപ്പിട്ടിട്ടില്ലെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുലൈമാനിയെ വധിക്കാന്‍ ഉത്തരവിട്ടതിലൂടെ നിയുക്ത പ്രസിഡന്റ് ‘കുറ്റം’ ചെയ്തതായി ഈ ഉദ്യോഗസ്ഥന്‍ ആവര്‍ത്തിച്ചതായാണ് പത്രം പറയുന്നത്. ട്രംപിനെ കൊല്ലാന്‍ ഒരു പദ്ധതി തയ്യാറാക്കാന്‍ ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ഒരു അഫ്ഗാന്‍ പൗരനോട് അഭ്യര്‍ത്ഥിച്ചതായി അമേരിക്കന്‍ നീതിന്യായ വകുപ്പ് കഴിഞ്ഞ ആഴ്ച അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ സന്ദേശത്തെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകളും ചര്‍ച്ചയായിരിക്കുന്നത്.

ഓഗസ്റ്റില്‍ കൊലപാതകങ്ങള്‍ നടത്താന്‍ ഇറാന്‍ ഒരു പാകിസ്ഥാന്‍ പൗരനെ അമേരിക്കയിലേക്ക് അയച്ചുവെന്നും ഇതില്‍ ഒരു ലക്ഷ്യം വരാനിരിക്കുന്ന പ്രസിഡന്റാണെന്നുമാണ് നീതിന്യായ വകുപ്പ് ഡിഒജെ ആരോപിച്ചിരുന്നത്. എന്നാല്‍ ട്രംപിനെ കൊല്ലാനുള്ള ഗൂഢാലോചന ഇറാന്‍ നിഷേധിക്കുകയാണ് ഉണ്ടായത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ രണ്ട് വധശ്രമങ്ങളില്‍ നിന്നാണ് ട്രംപ് രക്ഷപ്പെട്ടിരുന്നത്. ജൂലൈയില്‍ പെന്‍സില്‍വാനിയയില്‍ നടന്ന റാലിയില്‍ തോമസ് മാത്യു ക്രൂക്സ് എന്നയാള്‍ തൊടുത്തുവിട്ട ബുള്ളറ്റ് ട്രംപിന്റെ ചെവിയില്‍ കയറിയതാണ് ഇതിലെ ഏറ്റവും വലിയ ആക്രമണം. തലനാരിഴക്കാണ് അന്ന് ട്രംപ് രക്ഷപ്പെട്ടിരുന്നത്.

Elon Musk

ട്രംപും ഇലോണ്‍ മസ്‌ക്കും ചേര്‍ന്ന് യുക്രൈയിന്‍ – റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടല്‍ നടത്തുന്നതിനിടെ തന്നെയാണ് ഇറാനുമായും ചര്‍ച്ചക്കുള്ള സാധ്യത തേടിയിരിക്കുന്നത്. അമേരിക്കയിലെ ഇറാന്‍ അംബാസിഡറുമായുള്ള കൂടിക്കാഴ്ചയും അതിന്റെ ഭാഗമാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനെ അനുനയിപ്പിച്ച് ഹിസ്ബുള്ളയെയും ഹമാസിനെയും ഹൂതികളെയും തണുപ്പിക്കാനാണ് ശ്രമം. എന്നാല്‍, ഇസ്രയേലിനോടുള്ള അമേരിക്കന്‍ നിലപാട് മാറിയ ശേഷം മാത്രം ചര്‍ച്ചയെ കുറിച്ച് ആലോചിക്കാമെന്നതാണ് ഇറാന്റെ നിലപാട്.

പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി, എന്ത് വിലകൊടുത്തും പോരാടുമെന്നു തന്നെയാണ് വീണ്ടും ഇറാനിപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യക്കും ഉത്തര കൊറിയക്കും ചൈനക്കും പുറമെ 57 അറബ് – ഇസ്ലാമിക രാജ്യങ്ങളും ഇറാന്റെ ഈ തീരുമാനത്തിനൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇറാന് ലഭിക്കുന്ന ഈ പിന്തുണയാണ് സമവായ ചര്‍ച്ചയ്ക്ക് നിയുക്ത അമേരിക്കന്‍ പ്രസിഡന്റിനെയും പ്രേരിപ്പിച്ചിരിക്കുന്നത്. പശ്ചിമേഷ്യയില്‍ വലിയ ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ ഉള്ള ട്രംപിനും മസ്‌കിനും വ്യക്തിപരമായും സംഘര്‍ഷം അവസാനിക്കേണ്ടത് അനിവാര്യമാണ്.

വീഡിയോ കാണാം

Top