ടെൽ അവീവ്: നിലവിൽ ഇസ്രയേലിന് നേരെ ഇറാന്റെ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനിടെ മിഡിൽ ഈസ്റ്റിലേക്ക് ഗൈഡഡ് മിസൈൽ അന്തർവാഹിനി അയക്കാൻ തീരുമാനിച്ച് യു.എസ്. യു.എസ്.എസ് ജോർജിയ എന്ന അന്തർവാഹിനി മേഖലയിലേക്ക് പുറപ്പെട്ടുവെന്ന് റിപോർട്ടുകൾ.
ഹമാസ് മുൻ തലവൻ ആയിരുന്ന ഇസ്‌മയിൽ ഹനിയേയെ വധിച്ചതിന് പ്രതികാരമായി വൈകാതെ ഇസ്രയേലിന് നേരെ ഇറാൻ വ്യോമാക്രമണം നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം ഇസ്രയേലിന്റെ ചെറുത്തുനിൽപ്പിനെ സഹായിക്കുമെന്ന് യു.എസ് വ്യക്തമാക്കി.മേഖലയിലേക്ക് എഫ് – 35 സി യുദ്ധവിമാനങ്ങൾ വഹിക്കുന്ന യു.എസ്.എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിയും ഉടൻ എത്തുമെന്ന് യു.എസ് ഡിഫൻസ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു. മേഖലകളിലേക്ക് യുദ്ധക്കപ്പലുകളെ യു.എസ് നേരത്തെ വിന്യസിച്ചിരുന്നു.
അതേസമയം ഉന്നത കമാൻഡറായ ഫൗദ് ഷുക്റിനെ വധിച്ചതിന് പ്രതികാരമായി ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പും ഇസ്രയേലിനെതിരെ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ട്. കൂടാതെ ആക്രമണ ഭീതി മൂലം മേഖലയിലൂടെയുള്ള നിരവധി വിമാന സർവീസുകളും റദ്ദാക്കി.
ഹമാസ് തലവൻ വെടിനിറുത്തലിന് അനുകൂലം?
അതേസമയം ഹമാസിന്റെ പുതിയ തലവനായ യഹ്യാ സിൻവാർ ഗാസയിൽ വെടിനിറുത്തൽ ആഗ്രഹിക്കുന്നതായി ഖത്തറും ഈജിപ്റ്റും. ഇസ്രയേലിനും ഹമാസിനുമിടെയിൽ മദ്ധ്യസ്ഥ ചർച്ചകൾ നടത്തുന്നത് നിലവിൽ ഇരുരാജ്യങ്ങളുമാണ്. വ്യാഴാഴ്ച മുതൽ വെടിനിറുത്തൽ ചർച്ചകൾ പുനരാരംഭിക്കാനിരിക്കെയാണ് വെളിപ്പെടുത്തൽ. എന്നാൽ ഇതിനെതിരെ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.
അതേസമയം ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സിൻവാറാണ്. ഗാസയിൽ ഒളിവിലുണ്ടെന്ന് കരുതുന്ന ഇയാളെ വധിക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. അതിനിടെ, ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നിലവിൽ 39,890 കടന്നു. ഇന്നലെ മാത്രം 25 പേർ കൊല്ലപ്പെട്ടു.