CMDRF

ഇസ്രയേൽ പ്രധാനമന്ത്രിയെ വധിക്കാൻ ഇറാൻ നീക്കം, പിടിയിലായവരിൽ ഇസ്രയേലിയും, ആശങ്കയിൽ ലോകം

ഇറാന്റെ ഒപ്പം ചേര്‍ന്ന് വലിയ ആക്രമണത്തിന് അവര്‍ തയ്യാറെടുക്കുന്നതിനിടെയാണിപ്പോള്‍ ലെബനനില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്

ഇസ്രയേൽ പ്രധാനമന്ത്രിയെ വധിക്കാൻ ഇറാൻ നീക്കം, പിടിയിലായവരിൽ ഇസ്രയേലിയും, ആശങ്കയിൽ ലോകം
ഇസ്രയേൽ പ്രധാനമന്ത്രിയെ വധിക്കാൻ ഇറാൻ നീക്കം, പിടിയിലായവരിൽ ഇസ്രയേലിയും, ആശങ്കയിൽ ലോകം

തുടര്‍ച്ചയായി രണ്ടുദിവസം വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഇസ്രയേല്‍ ചാര സംഘടനയായ മൊസാദ് ലെബനനില്‍ നടത്തിയ സ്‌ഫോടന പരമ്പര ലോകത്തെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്. മാറുന്ന ലോകത്ത് ടെക്‌നോളജിയില്‍ സാമര്‍ത്ഥ്യം ഉണ്ടെങ്കില്‍ എന്തും നടപ്പാക്കാന്‍ കഴിയുമെന്നാണ് ഈ സ്‌ഫോടനം ലോകത്തെ ബോധ്യപ്പെടുത്തുന്നത്. ഇസ്രയേലിന്റെ അപ്രതീക്ഷിത നടപടിയില്‍ പതറിപ്പോയ ഇറാന്‍ അനുകൂല സംഘടനയായ ഹിസ്ബുള്ള പക്ഷേ… ശക്തമായി തിരിച്ചടിക്കാനുള്ള പദ്ധതിയാണ് ഇതിനകം തന്നെ തയ്യാറാക്കിയിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്രയേല്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതരെ ലക്ഷ്യമിട്ട് നിരവധി ചാവേറുകള്‍ ഇസ്രയേലിനുള്ളില്‍ അവസരം കാത്തിരിക്കുകയാണ്.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ഉന്നത ഇസ്രയേല്‍ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഇറാനിയന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നാരോപിച്ച് ഒരു ജൂതനെ ഇസ്രയേല്‍ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തതോടെയാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെ വധിക്കാന്‍ ജൂതന്‍മാരെ ഉള്‍പ്പെടെ രംഗത്തിറക്കാന്‍ ഇറാന്‍ ഏജന്‍സികള്‍ക്ക് കഴിഞ്ഞത് ഇസ്രയേല്‍ ഭരണകൂടത്തെ മാത്രമല്ല അമേരിക്കയെയും അമ്പരപ്പിച്ചിട്ടുണ്ട്. ഇസ്രയേല്‍ പൗരനായ 73 കാരനെ കഴിഞ്ഞ മാസമാണ് ഇസ്രയേല്‍ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നതെങ്കിലും ഇപ്പോഴാണ് ഈ വിവരം പോലീസും ഇസ്രയേലി സുരക്ഷാ ഏജന്‍സിയും സ്ഥിരീകരിച്ചിരിക്കുന്നത്.

Benjamin netanyahu

അഷ്‌കെലോണിലെ താമസക്കാരനായ ഈ ജൂതന്‍ രണ്ടുതവണ ഇറാനില്‍ പോയി ഒരു ഇറാനിയന്‍ ഏജന്റായി പ്രവര്‍ത്തിക്കാന്‍ പണം സ്വീകരിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ തുര്‍ക്കിയില്‍ ദീര്‍ഘകാലം താമസിച്ചിരുന്നതായും തുര്‍ക്കി ഇറാനിയന്‍ പൗരന്മാരുമായി ബിസിനസ്സ് സാമൂഹിക ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇസ്രയേല്‍ അധികൃതര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഇസ്രയേലി പൗരന്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് ഇയാള്‍ക്ക് ചുമതലകള്‍ നല്‍കപ്പെട്ടിരുന്നത്രെ. അന്ന് മുതല്‍ നിശ്ചിത സ്ഥലങ്ങളില്‍ പണവും ആയുധങ്ങളും എത്തിക്കുക, രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കുക, ഇസ്രയേല്‍ പൗരന്മാരെ സ്വാധീനിക്കുക… തുടങ്ങിയ അസൈന്‍മെന്റുകള്‍… ഇപ്പോള്‍ പിടിയിലായ ഈ ഇസ്രയേല്‍ പൗരന് ഇറാന്‍ ഏജന്‍സികള്‍ നല്‍കിയിരുന്നു എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.

ഓഗസ്റ്റില്‍ ഇയാള്‍ രണ്ടാമതും ഇറാനിലേക്ക് പോയി അവിടെ നെതന്യാഹു, ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഷിന്‍ ബെറ്റ് മേധാവി റോണന്‍ ബാര്‍ എന്നിവര്‍ക്കെതിരായ നീക്കങ്ങള്‍ക്ക് സഹായിക്കാന്‍ പ്രത്യേക ചുമതല നല്‍കിയതായാണ് ഇസ്രയേല്‍ സുരക്ഷാ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്.ഇസ്രയേല്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് അറസ്റ്റിലായ ഇസ്രയേല്‍ പൗരന്‍ ഉന്നതരെ വധിക്കാനുള്ള സഹായത്തിനായി മുന്‍കൂറായി ഒരു മില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടെങ്കിലും ഇത് തുടക്കത്തില്‍ തന്നെ നല്‍കാതെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് മാത്രമായി 5,000 യൂറോയാണ് ഇറാന്‍ നല്‍കിയതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

Iran

ഇസ്രയേല്‍ തങ്ങളുടെ ഒരു പൗരന്‍ തന്നെ ചാരനായി മാറിയെന്ന് തുറന്ന് സമ്മതിക്കുമ്പോള്‍ അത് ഉയര്‍ത്തുന്ന ആശങ്കയും സുരക്ഷാ ഭീഷണിയും വലുത് തന്നെയാണ്. കാരണം, ഇപ്പോള്‍ പിടിക്കപ്പെട്ടത് ഒരാളാണെങ്കില്‍ പിടിക്കപ്പെടാതെ എത്ര പേര്‍ ഉണ്ടാകുമെന്നത് ഇസ്രയേല്‍ അധികൃതര്‍ക്കും നിശ്ചയമില്ലാത്ത അവസ്ഥയാണുള്ളത്. ലോകത്തെ ഏറ്റവും വലിയ രഹസ്യാന്വേഷണ സംവിധാനമാണ് ഇസ്രയേലിന്റെ മൊസാദ്. അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. എന്നാല്‍, ഇതേ മൊസാദിന്റെയും സകല ഇസ്രയേല്‍ സുരക്ഷാ സംവിധാനങ്ങളുടെയും കണ്ണുവെട്ടിച്ച് ഇസ്രയേലില്‍ വന്‍ ആക്രമണ പരമ്പര നടത്താന്‍ ഇറാന്‍ പിന്തുണയോടെ ഹമാസിന് കഴിഞ്ഞിട്ടുണ്ട്. അന്ന് ഇസ്രയേലില്‍ പറന്നിറങ്ങിയ ചാവേറുകളെ എല്ലാം വകവരുത്തിയെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇനിയും പിടിക്കപ്പെടാത്തവര്‍ അവിടെ ഉണ്ടെന്ന് തന്നെയാണ് അമേരിക്കന്‍ ഏജന്‍സികള്‍ ഉള്‍പ്പെടെ വിലയിരുത്തുന്നത്. ഇപ്പോള്‍ ചാരപ്രവര്‍ത്തനത്തിന് പിടികൂടപ്പെട്ട ഇസ്രയേല്‍ പൗരനെ പോലും ഇസ്രയേലിന് അകത്തുള്ള ഓപ്പറേഷന് സഹായം ചെയ്ത് നല്‍കാന്‍ മാത്രമാണ് ഇറാന്‍ ഏജന്‍സികള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. അതായത്, കൃത്യമായ ആസൂത്രണത്തോടെ ഇസ്രയേല്‍ ഭരണകൂടത്തെ ലക്ഷ്യമിടുന്ന ഒരു നീക്കമാണ് ഇറാന്‍ പിന്തുണയുള്ള സംഘടനകള്‍ ഇസ്രയേലിന് അകത്ത് നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് വ്യക്തമാണ്.

വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ലെബനനില്‍ നടത്തിയ സ്‌ഫോടന പരമ്പരയ്ക്ക് ഇസ്രയേലിന് അകത്ത് തന്നെ വലിയ സ്‌ഫോടന പരമ്പര നടത്തി തിരിച്ചടി നല്‍കാനാണ് ഇറാന്‍ അനുകൂല സംഘടനകള്‍ ശ്രമിക്കുന്നത് എന്നാണ് അമേരിക്ക ഉള്‍പ്പെടെ സംശയിക്കുന്നത്. അതുകൊണ്ടുതന്നെ അതീവ ജാഗ്രത പാലിക്കാന്‍ ഇസ്രയേല്‍ ഭരണകൂടത്തിനോടും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഇരട്ടിയിലധികമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

America flag

2023 ഒക്ടോബറില്‍ ഇസ്രയേലിന് നേരെ നടന്ന ഹമാസിന്റെ മിന്നലാക്രമണത്തില്‍ തുടങ്ങിയ സംഘര്‍ഷമാണ് ഇപ്പോള്‍ സകല പരിധികളും ലംഘിച്ച് വലിയ സംഘര്‍ഷമായി മാറിയിരിക്കുന്നത്. ഇസ്രയേലിന്റെ തിരിച്ചടിയില്‍ അരലക്ഷത്തോളം പലസ്തീനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിനിടെ ഹമാസിന്റെ രാഷ്ട്രീയതലവന്‍ ഇസ്മായില്‍ ഹനിയയെ കഴിഞ്ഞ ജൂലൈയില്‍ ഇറാനില്‍ വച്ച് ഇസ്രയേല്‍ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ ഇറാന്‍ പ്രഖ്യാപിച്ച പ്രതികാരം ഇതുവരെയും സംഭവിച്ചിട്ടില്ല. ഉചിതമായ സമയത്ത് കനത്ത തിരിച്ചടി നല്‍കുവാനാണ് ഇറാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ… ഹിസ്ബുള്ള കമാന്‍ഡറെ വധിച്ചതിന് പ്രതികാരമായി ഇസ്രയേലിന് നേരെ ഹിസ്ബുള്ളയും നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇറാന്റെ ഒപ്പം ചേര്‍ന്ന് വലിയ ആക്രമണത്തിന് അവര്‍ തയ്യാറെടുക്കുന്നതിനിടെയാണിപ്പോള്‍ ലെബനനില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്.

സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച വാര്‍ത്താവിനിമയ ഉപാധികള്‍ ഉപയോഗിച്ചുള്ള ഈ ആക്രമണം ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗം 15 വര്‍ഷങ്ങള്‍ക്ക് മുന്‍പേ പദ്ധതിയിട്ടതാണെന്നാണ് അമേരിക്കന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറഞ്ഞത് 15 വര്‍ഷമായി ഹിസ്ബുള്ള ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഇപ്പോള്‍ നടന്ന കൂട്ട സ്ഫോടനങ്ങളുടെ മാതൃകയില്‍ ഒരു ഓപ്പറേഷന്‍ നടത്താന്‍ ഇസ്രയേലി രഹസ്യാന്വേഷണ ഏജന്‍സി ആലോചിച്ചതായി അമേരിക്കന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ എ.ബി.സി ന്യൂസിനോട് പറഞ്ഞതായും അവര്‍ എടുത്ത് പറഞ്ഞിട്ടുണ്ട്.

ഹിസ്ബുള്ള സംഘം ഉപയോഗിച്ചിരുന്ന പേജറുകള്‍ വോക്കി-ടോക്കികള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സ്ഫോടന പരമ്പരകളില്‍ നിരവധിപേര്‍ മരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ സ്ഥിരീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ലെങ്കിലും അവരുടെ ടാര്‍ഗറ്റ് പകല്‍പോലെ വ്യക്തമാണ്. ഇറാനും ഇസ്രയേലിനെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത്. 2023 ലാണ് ഇപ്പോള്‍ പൊട്ടിത്തെറിച്ച ഉപകരണങ്ങളുടെ വിതരണം ആരംഭിച്ചതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹിസ്ബുള്ളയ്ക്കായി പേജറുകള്‍ നിര്‍മ്മിക്കുന്നതിനായി തായ്വാനീസ് ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളായ ഗോള്‍ഡ് അപ്പോളോയുടെ ഉപകരാര്‍ നല്‍കിയ ഹംഗേറിയന്‍ ആസ്ഥാനമായുള്ള സ്ഥാപനമായ ബിഎസി കണ്‍സള്‍ട്ടിംഗ് ഇസ്രയേലിന്റെ അടുത്ത സുഹൃത്താണെന്നാണ് എബിസി ന്യൂസ് സൂചിപ്പിക്കുന്നത്.

”ഉപകരണങ്ങള്‍ ഒരിക്കലും ഹംഗറിയിലായിരുന്നില്ല, ബിഎസി രാജ്യത്ത് നിര്‍മ്മാണമോ പ്രവര്‍ത്തന സൈറ്റോ ഇല്ലാത്ത ഒരു വ്യാപാര ഇടനിലക്കാരനായിരുന്നു” എന്നാണ് ഒരു സര്‍ക്കാര്‍ വക്താവ് ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. കാര്യങ്ങള്‍ എന്ത് തന്നെയായാലും ലോകം ഭയക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ലെബനനില്‍ നടന്ന സ്ഫോടനങ്ങള്‍ക്ക് സമാനമായ ആക്രമണങ്ങള്‍ ഇനിയും ഉണ്ടാകുവാനുള്ള സാധ്യത എല്ലാ രാജ്യങ്ങളുടെയും ഉറക്കം കെടുത്തുന്നതാണ്. കനത്ത രൂപത്തിലുള്ള തിരിച്ചടി ഇറാന്റെയും അവരെ പിന്തുണയ്ക്കുന്ന വിവിധ ഗ്രൂപ്പുകളില്‍ നിന്നും ഏത് നിമിഷവും ഇസ്രയേലും ഇനി പ്രതീക്ഷിക്കുക തന്നെ വേണം. കാരണം ടെക്നോളജി നല്‍കി ഇറാനെ സഹായിക്കാന്‍ വന്‍ ശക്തികള്‍ തന്നെയുണ്ടെന്നത് ഈ ഘട്ടത്തില്‍ നാം തിരിച്ചറിയേണ്ടതുണ്ട്. ഇസ്രയേലിന് അകത്തുതന്നെ ഇറാന്‍ അനുകൂല സംഘങ്ങള്‍ പുതിയ പോര്‍മുഖം തുറന്ന സ്ഥിതിക്ക് കാര്യങ്ങള്‍ കൈവിട്ട് പോകാന്‍ തന്നെയാണ് സാധ്യത. അതാകട്ടെ വ്യക്തവുമാണ്.

വീഡിയോ കാണാം

Top