അമേരിക്കൻ യുദ്ധക്കപ്പലുകളും പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങളും ഇറാനും സഖ്യകക്ഷികളും ആക്രമിക്കുമെന്ന് മുന്നറിയിപ്പ്. അമേരിക്കൻ ചാര സംഘടനയായ സി.ഐ.എ ആണ് ഇത്തരം ഒരു റിപ്പോർട്ട് അമേരിക്കൻ ഭരണകൂടത്തിന് കൈമാറിയതെന്നാണ് പുറത്ത് വരുന്ന വിവരം. ഇത്തരമൊരു മുന്നറിയിപ്പ് ലഭിച്ചതിന് ശേഷമാണ് ആധുനിക ബോംബറുകൾ ഉൾപ്പെടെ, മേഖലയിലേക്ക് അമേരിക്ക അയച്ചിരിക്കുന്നത്. ബാലിസ്റ്റിക് മിസൈൽ ഡിസ്ട്രോയറുകൾ, ഫൈറ്റർ സ്ക്വാഡ്രൺ, ടാങ്കർ എയർക്രാഫ്റ്റുകൾ, ബി -52 ലോംഗ് റേഞ്ച് സ്‌ട്രൈക്ക് ബോംബറുകൾ എന്നിവയാണ് പുതുതായി മിഡിൽ ഈസ്റ്റിലേക്ക് അമേരിക്ക അയച്ചിരിക്കുന്നത്.
“ഇറാനും അവരുടെ സഖ്യകക്ഷികളും, അമേരിക്കൻ ഉദ്യോഗസ്ഥരെയോ മേഖലയിലെ താൽപ്പര്യങ്ങളെയോ ലക്ഷ്യം വയ്ക്കുകയാണെങ്കിൽ, ആവശ്യമായ എല്ലാ നടപടികളും അമേരിക്ക സ്വീകരിക്കുമെന്നാണ്,” പെൻ്റഗൺ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഇപ്പോൾ തന്നെ, അരലക്ഷത്തോളം അമേരിക്കൻ സൈനികർ, ഇസ്രയേലിന് കവചമൊരുക്കുന്നതിനായി, യുദ്ധക്കപ്പലുകളിലും മറ്റുമായി പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. ഈ സൈനികരെയും സംവിധാനങ്ങളെയും, യുദ്ധം പൊട്ടി പുറപ്പെട്ടാൽ ഇറാൻ ലക്ഷ്യമിടുമെന്നാണ്, സി.ഐ.എ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഇറാൻ അനുകൂലികളായ ഹൂതികൾ, കടലിലെ ഏറ്റവും അപകടകാരികളായ സേനയാണ്. ഇവരുടെ കൈവശം ഇറാൻ നൽകിയ ആയുധങ്ങൾക്ക് പുറമെ, റഷ്യയുടെ ആയുധങ്ങളും എത്തിയിട്ടുണ്ട്. ഇത് ഹൂതികളെ കൂടുതൽ കരുത്തരാക്കുന്നതാണ്.
Also Read: യുക്രെയ്ന്‍ ഇതുവരെ കാണാത്ത ശക്തമായ സൈനിക നീക്കവുമായി റഷ്യ
മിന്നൽ ആക്രമണങ്ങളിലൂടെ നിരവധി കപ്പലുകൾ ആക്രമിച്ച ചരിത്രവും ഇവർക്കുണ്ട്. റഷ്യയുടെ ആയുധങ്ങളും ടെക്നോളജിയും കൈവശമുള്ളതിനാൽ, ഇസ്രയേലിൻ്റെ മാത്രമല്ല, അമേരിക്കയുടെ കപ്പലുകളും, ഹൂതികൾക്ക് എളുപ്പത്തിൽ ആക്രമിക്കാൻ സാധിക്കും. യെമനിലെ ഹൂതി താവളങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ പ്രതികാരത്തിനുള്ള ഒരവസരത്തിനായാണ്, ഹുതികളും ഇപ്പോൾ കാത്ത് നിൽക്കുന്നത്.
അതു പോലെ തന്നെ, ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ, നേതാക്കൾ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടതോടെ, ഹിസ്ബുള്ളയും ഇപ്പോൾ സംഘടിച്ചിട്ടുണ്ട്. ഇസ്രയേലിൻ്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ തകർത്ത്, നിരവധി ആക്രമണങ്ങൾ, ഇസ്രയേലിനു നേരെ ഇതിനകം തന്നെ അവർ നടത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി, നവംബർ 2ന് പുലർച്ചെ മധ്യ ഇസ്രായേലി നഗരത്തിൽ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ, 19 പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. വലിയ നാശനഷ്ടവും ഈ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെയും, ഇസ്രയേലിൻ്റെ അയൺ ഡോമിനെ തകർത്ത് കൊണ്ടാണ്, ഹിസ്ബുള്ളയുടെ മിസൈൽ ലക്ഷ്യത്തിൽ പതിച്ചിരിക്കുന്നത്.
ഹൂതികളും ഹിസ്ബുള്ളയും ഇറാനും സംയുക്തമായി നടത്തുന്ന ഒരാക്രമണം, ഏത് നിമിഷവും സംഭവിക്കാം എന്നതാണ് നിലവിലെ അവസ്ഥ. അത്, ഇസ്രയേലിൽ എന്ത് പ്രത്യാഘാതം ഉണ്ടാക്കുമെന്നത് കണ്ട് തന്നെ അറിയേണ്ടതുണ്ട്. ഇറാനും സഖ്യകക്ഷികൾക്കും, ഒരിക്കലും പൊറുക്കാൻ പറ്റാത്ത മുറിവുകളാണ് ഇസ്രയേൽ സൈന്യം, ഗാസയിലും ലെബനനിലും ഉണ്ടാക്കിയിരിക്കുന്നത്.
ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഇസ്രയേൽ സൈന്യത്തിൻ്റെ ആക്രമണത്തിൽ, ഇതുവരെ ഗാസയിൽ 43,314 പേർ കൊല്ലപ്പെടുകയും, 102,019 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ലെബനനിൽ 2,968 പേർ കൊല്ലപ്പെടുകയും 13,319 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി, ആ രാജ്യത്തെ ആരോഗ്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. ഒരു ഏജൻസിയും സിവിലിയന്മാരെയും പോരാളികളെയും തമ്മിൽ വേർതിരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
Also Read: ‘തകര്‍പ്പന്‍ പ്രതികരണം’; ഇസ്രയേലിനെയും അമേരിക്കയേയും വിറപ്പിച്ച് ഇറാന്റെ ആത്മീയ നേതാവ്
2023 ഒക്ടോബർ 7-ന്, ഹമാസ് നടത്തിയ ആക്രമണത്തിൽ, 300-ലധികം സൈനികർ ഉൾപ്പെടെ 1,200-ഓളം ഇസ്രയേലികളാണ് കൊല്ലപ്പെട്ടിരുന്നത്. ഗാസയിലെ സൈനിക നടപടിയിൽ, 366 ഇസ്രയേൽ സൈനികരും ഇതുവരെ കൊല്ലപ്പെട്ടു, ഇതിനു പുറമെ, ഗാസയിലും ലെബനനിലും സംഭവിച്ചിരിക്കുന്ന നാശനഷ്ടങ്ങളും വളരെ വലുതാണ്.
ഇതിനുള്ള മറുപടി കൂടിയാണ്, ഇറാനും ഹിസ്ബുള്ളയും ഹമാസും സംയുക്തമായി ഇപ്പോൾ ലക്ഷ്യമിടുന്നതെന്നാണ്, അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്, ഇറാഖിലെ വ്യോമ പാത അമേരിക്ക തുറന്ന് കൊടുത്തതാണ്, അമേരിക്കയ്ക്ക് എതിരെ തിരിയാൻ, ഇറാനെ പ്രേരിപ്പിച്ചിരിക്കുന്നത്. അമേരിക്കയുടെ പിൻബലത്തിലാണ്, ഇസ്രയേൽ സൈന്യം, ഗാസയിലും ലെബനനിലും ആക്രമണം നടത്തുന്നതെന്ന നല്ല ബോധ്യവും ഇറാനുണ്ട്. അതു കൊണ്ട് തന്നെ ശത്രുവിനെ ഭയന്ന് ജീവിക്കുന്നതിലും നല്ലത്, ആക്രമിക്കുന്നതാണെന്ന സന്ദേശമാണ്, ഇറാനും ഹിസ്ബുള്ളയും ഹൂതികളും ഇപ്പോൾ നൽകിയിരിക്കുന്നത്. മരണഭയമില്ലാത്ത സേനകൾ ആയതിനാൽ, എത് തരം ആക്രമണങ്ങൾക്കും ഇവർ മുതിരുമെന്നാണ്, സി.ഐ.എ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
ഇസ്രയേലിനും അമേരിക്കയ്ക്കും “തകർപ്പൻ പ്രതികരണം” ലഭിക്കുമെന്നാണ്, ഇറാൻ പരമോന്നത നേതാവായ, അയത്തുള്ള അലി ഖമേനി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതായത്, തിരിച്ചടിക്കും എന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നത് വ്യക്തം, ഇസ്രയേലിലേക്ക് കൂടുതൽ ബോംബറുകളെയും സേനകളെയും അമേരിക്ക അയച്ചു എന്ന വാർത്ത വന്നതിന് തൊട്ട് പിന്നാലെയാണ്, ഇത്തരം ഒരു പ്രതികരണം ഖമേനി നടത്തിയിരിക്കുന്നത്. അമേരിക്കയുടെ വിരട്ടൽ ഒന്നും ഇങ്ങോട്ട് വേണ്ടന്ന്, ഇറാൻ സൈന്യവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാൻ, ഇസ്രയേലിനെ വീണ്ടും ആക്രമിക്കുമെന്നത് എന്തായാലും ഉറപ്പാണ്. ഇസ്രയേലും അമേരിക്കയും, തിരിച്ചടിക്കാൻ ശ്രമിക്കുന്നതോടെ, അതൊരു തുറന്ന യുദ്ധത്തിൽ കലാശിക്കും. ഇസ്രയേലിന് ഒറ്റയ്ക്ക് ഇറാനെ ആക്രമിച്ച് തോൽപ്പിക്കാൻ എന്തായാലും കഴിയില്ല. ഇവിടെയാണ് അമേരിക്കയുടെ ഇടപെടലും, യുദ്ധത്തിൻ്റെ ഗതിമാറ്റവും സംഭവിക്കുക,
അമേരിക്ക ഇടപെട്ടാൽ, റഷ്യയും ഉത്തര കൊറിയയും മാത്രമല്ല, ചൈനയും രംഗത്തിറങ്ങാനാണ് സാധ്യത. ഒരേ സമയം പല പോർമുഖങ്ങൾ തുറക്കപ്പെടുക വഴി, അതൊരു ലോക മഹായുദ്ധത്തിലാണ് കലാശിക്കുക. അത് വേണോ എന്ന് തീരുമാനിക്കേണ്ടത്, അമേരിക്കയാണ്. കാരണം, ഈ യുദ്ധമുണ്ടായാൽ, ഏറെ നഷ്ടപ്പെടാനുള്ളതും അമേരിക്കയ്ക്ക് തന്നെയാണ്. റഷ്യ ആണവ മിസൈലും, ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈലുകളും പരീക്ഷിച്ചിരിക്കുന്നത്, യുക്രെയിൻ യുദ്ധമോ , ദക്ഷിണകൊറിയൻ സംഘർഷമോ മുന്നിൽ കണ്ടിട്ട് മാത്രമല്ല, അതിനും മീതെയാണ് അവരുടെയും ടാർഗറ്റ്. റഷ്യയുടെയും ഉത്തര കൊറിയയുടെയും ഇറാൻ്റെയും, യഥാർത്ഥ ശത്രു അമേരിക്കയാണ്. യുക്രെയിനിൻ്റെയും, ഇസ്രയേലിൻ്റെയും, ദക്ഷിണ കൊറിയയുടെയും പിന്നിൽനിന്നും കളിക്കുന്നതും ഈ സാമ്രാജ്യത്വ ശക്തി തന്നെയാണ്. ഇത് തിരിച്ചറിയുന്നവർ, അതിനുള്ള ‘മറുപണി’ പണിയുമെന്നതും ഉറപ്പാണ്. അതു കൊണ്ട് തന്നെ, എല്ലാകാലത്തും കാണിക്കുന്ന മിടുക്ക് കാണിച്ച്, ഇത്തവണയും, തങ്ങളുടെ അജണ്ട നടപ്പാക്കാമെന്നത് , അമേരിക്കയുടെ വ്യാമോഹം മാത്രമായിരിക്കും.
വീഡിയോ കാണാം