പ്രതികാരത്തിനൊരുങ്ങി ഇറാൻ; അമേരിക്കയും ഇസ്രായേലും ആശങ്കയിൽ, ഇറാനെ പിന്തുണച്ച് റഷ്യ

പ്രതികാരത്തിനൊരുങ്ങി ഇറാൻ; അമേരിക്കയും ഇസ്രായേലും ആശങ്കയിൽ, ഇറാനെ പിന്തുണച്ച് റഷ്യ
പ്രതികാരത്തിനൊരുങ്ങി ഇറാൻ; അമേരിക്കയും ഇസ്രായേലും ആശങ്കയിൽ, ഇറാനെ പിന്തുണച്ച് റഷ്യ

മാസ് തലവന്‍മാരെ ഒന്നടങ്കം കൊന്നൊടുക്കി ഇസ്രയേല്‍, അവരുടെ അജണ്ട നടപ്പാക്കുമ്പോള്‍, ഭീതിയിലാകുന്നത് ലോക രാജ്യങ്ങളാണ്. സര്‍വ്വ നിയന്ത്രണവും നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇറാന്‍ ഇപ്പോഴുള്ളത്. ഹമാസിനേറ്റ ആഘാതം, ഇറാനുണ്ടായ ആഘാതമായാണ് ആ രാജ്യം കാണുന്നത്. അതുകൊണ്ട് തന്നെ, ഇസ്രയേലിനും അവരെ സംരക്ഷിക്കുന്ന രാജ്യങ്ങളും കൂടുതല്‍ സൂക്ഷിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഏത് നിമിഷവും ലോകത്ത് എവിടെയും, ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ തിരിച്ചടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതു സംബന്ധമായി അമേരിക്കന്‍ ചാര സംഘടന ഉള്‍പ്പെടെ മുന്നറിയിപ്പും നല്‍കി കഴിഞ്ഞിട്ടുണ്ട്.

ഹമാസ് രാഷ്ട്രീയ കാര്യ മേധാവി ഇസ്മയില്‍ ഹനിയയെ, ഇസ്രയേല്‍ വധിച്ചത് ഏറെ നാളത്തെ ആസൂത്രണത്തിന് ഒടുവില്‍ ആണെങ്കില്‍, ഇറാന്റെ തിരിച്ചടിക്ക് വല്ലാതെ കാത്തിരിക്കേണ്ടി വരില്ലന്നതാണ് നിലവിലെ അവസ്ഥ. ലോക രാജ്യങ്ങളില്‍, അത്രയ്ക്കും ശക്തമായ നെറ്റ് വര്‍ക്ക് ഇറാനുണ്ട്. സ്വന്തം ജീവന്‍ നല്‍കിയും ചാവേര്‍ ആക്രമണം നടത്താന്‍ തയ്യാറുള്ള ഗ്രൂപ്പുകളാണിത്. ഈ ഗ്രൂപ്പുകളെ അമേരിക്കയും ഇസ്രയേലും ഭയപ്പെടുക തന്നെ വേണം.

കാരണം, പ്രതിരോധത്തിനായി ഇറാനെ ആക്രമിക്കാന്‍ ഒരു കാരണവശാലും അമേരിക്കയ്‌ക്കോ ഇസ്രയേലിനോ പുതിയ സാഹചര്യത്തില്‍ കഴിയുകയില്ല. ഇറാനെ ആര് ആക്രമിച്ചാലും റഷ്യ ഇടപെടും. അതോടെ അത് ലോക യുദ്ധമായാണ് മാറുക. യുക്രെയിന്‍ – റഷ്യ യുദ്ധത്തില്‍ യുക്രെയിനെ സഹായിക്കുന്ന നിലപാടാണ് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ സ്വീകരിച്ചിരിക്കുന്നത്. റഷ്യക്ക് എതിരായ ഉപരോധവും ഇതിന്റെ ഭാഗമാണ്. ഈ വിഷമ ഘട്ടത്തില്‍ ഇറാനും ഇന്ത്യയും ചൈനയുമാണ് റഷ്യയെ സഹായിക്കാന്‍ എത്തിയിരിക്കുന്നത്. അമേരിക്കയുടെ വിലക്ക് ലംഘിച്ചാണ് ഇന്ത്യ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ റഷ്യയില്‍ നിന്നും വാങ്ങുന്നതെങ്കില്‍ ഇറാന്‍ യുദ്ധ മുഖത്തേക്ക് വന്‍ തോതിലുള്ള ഡ്രോണുകള്‍ ഉള്‍പ്പെടെയാണ് റഷ്യക്ക് നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇറാന് നേരെ എന്ത് ആക്രമണം ഉണ്ടായാലും റഷ്യ ഇടപെടും.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആണവായുധങ്ങള്‍ കൈവശമുള്ള ഏക രാജ്യമാണ് റഷ്യ, യുക്രയിനുമായി ഇപ്പോള്‍ നടക്കുന്നത് പോലും, കേവലം സൈനിക നടപടി എന്നതിലുപരി ഒരു പൂര്‍ണ്ണയുദ്ധമായി റഷ്യ കാണുന്നില്ല. എന്നാല്‍, പൂര്‍ണ്ണ യുദ്ധത്തിലേക്ക് റഷ്യ ഇറങ്ങിയാല്‍ അത് ലോകത്തിന്റെ സര്‍വ്വനാശത്തിലാണ് കലാശിക്കുക. അത്തരമൊരു സാഹചര്യം അമേരിക്കയും ആഗ്രഹിക്കാത്തതിനാല്‍ ഇറാന്‍ തിരിച്ചടിച്ചാലും ഇറാനു നേരെ ഒരു പൂര്‍ണ്ണതോതിലുള്ള യുദ്ധം ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

ഉത്തര കൊറിയ എന്ന കുഞ്ഞന്‍ കമ്യൂണിസ്റ്റ് രാജ്യത്തിന്റെ കുഞ്ഞന്‍ ആണവ മിസൈലിനെ പേടിക്കുന്ന അമേരിക്കയ്ക്ക് റഷ്യയുടെ ‘സാത്താന്‍’ എന്ന, ലോകത്തിലെ തന്നെ ഏറ്റവും പ്രഹര ശേഷിയുള്ള ആണവ മിസൈലിനെ തടുക്കാനുള്ള ശേഷിയില്ലന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. അതു കൊണ്ട് തന്നെ വീരവാദം പ്രസ്താവനകളില്‍ ഒതുക്കി അമേരിക്കയ്ക്കും മാറി നില്‍ക്കേണ്ടി വരും. ഹമാസ് തലവനെ ഇറാന്റെ മണ്ണില്‍ രഹസ്യ ഓപ്പറേഷനിലൂടെ കൊലപെടുത്തിയ സാഹചര്യത്തില്‍, ഇറാന് ഇസ്രയേലിനെ ആക്രമിക്കാനുള്ള അവകാശമുണ്ടെന്നാണ് റഷ്യ കരുതുന്നത്.

ഇസ്മയില്‍ ഹനിയ താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസില്‍ രണ്ട് മാസം മുന്‍പ് ബോംബ് ഒളിപ്പിച്ചു വച്ചിരുന്നതായാണ് വിവിധ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാന്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്ത് മണിക്കൂറുകള്‍ക്കകമാണ് ഇസ്മയില്‍ ഹനിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ടെഹ്‌റാനിലെ തന്ത്രപ്രധാന കേന്ദ്രത്തിലായിരുന്നു, ഹനിയ താമസിച്ച ഗെസ്റ്റ് ഹൗസ് സ്ഥിതി ചെയ്തിരുന്നത്. ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡുകളുടെ നിയന്ത്രണത്തിലുള്ള ഇവിടെ വച്ചാണ് തന്ത്രപ്രധാന യോഗങ്ങള്‍ ചേര്‍ന്നിരുന്നത്. വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നതും ഇതിനകം തന്നെ ഇറാന്‍ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ഒരു ഭിത്തി പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ഹനിയയുടെ സുരക്ഷാ ഉദ്യോഗസ്ഥനും സ്‌ഫോടനത്തില്‍ മരിച്ചിട്ടുണ്ട്. ഇസ്രയേലാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് സംഭവം നടന്ന ഉടനെ തന്നെ, ഇറാനും ഹമാസും ആരോപിച്ചിട്ടുണ്ട്. വധത്തിനു പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചതാകട്ടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയാണ്.

കഴിഞ്ഞ ഏപ്രിലില്‍ ഗാസയില്‍ ഇസ്രയേലിന്റെ ബോംബാക്രമണത്തില്‍ ഹനിയയുടെ 3 ആണ്‍മക്കളും 4 പേരക്കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 7നു തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ കടന്നാക്രമണത്തിനുശേഷം സംഘടനയുടെ നേതാക്കളെ വകവരുത്തുമെന്ന് ഇസ്രയേല്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനമാണ് അവരിപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ഹമാസിന്റെ സൈനിക മേധാവി മുഹമ്മദ് ദായിഫിനെ വധിച്ചതായും ഇസ്രയേല്‍ സേന ഇപ്പോള്‍ അവകാശപ്പെട്ടിട്ടുണ്ട്. ഇത് മേഖലയില്‍ ഭീതിജനകമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.

2021 -ല്‍ ഉള്‍പ്പെടെ, ഇസ്രയേലിന്റെ 7 വധശ്രമങ്ങളെയാണ് ദായിഫ് അതിജീവിച്ചിരുന്നത്. ഈ ആക്രമണങ്ങളിലൊന്നില്‍ അദ്ദേഹത്തിന് ഒരു കണ്ണു നഷ്ടമായിട്ടുമുണ്ട്. ദായിഫിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ മര്‍വാന്‍ ഇസ്സയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടിട്ടുണ്ടെങ്കിലും അത് ഇതുവരെ ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.

ഹമാസ് മേധാവി ഇസ്മായില്‍ ഹനിയയ്ക്കായി ടെഹ്‌റാന്‍ സര്‍വകലാശാലയില്‍ നടന്ന പ്രാര്‍ഥനാചടങ്ങുകള്‍ക്ക് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയാണ് നേതൃത്വം നല്‍കിയിരിക്കുന്നത്. ടെഹ്‌റാനിലെ ആസാദി സ്‌ക്വയറില്‍ ആയിരങ്ങളെത്തി ആദരാഞ്ജലി അര്‍പ്പിച്ചതും വേറിട്ട കാഴ്ചയായി മാറിയിട്ടുണ്ട്. ഖത്തറിലാണു ഇസ്മായില്‍ ഹനി യുടെ കബറടക്കം നടക്കുന്നത്. ഗാസയിലെ ഹമാസ് മേധാവി യഹിയ സിന്‍വാര്‍, സൈനിക കമാന്‍ഡര്‍ മുഹമ്മദ് ദായിഫ്, സൈനിക ഉപമേധാവി മര്‍വാന്‍ ഇസ്സ എന്നിവരെ വധിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് പ്രഖ്യാപിച്ചിരുന്നത്. ഇസ്രയേലിന്റെ അവകാശവാദം വച്ചു നോക്കുമ്പോള്‍ യഹിയ സിന്‍വാര്‍ ഒഴികെയുള്ള ഉന്നതരെ ഇസ്രയേല്‍ ഇതിനകം വകവരുത്തി കഴിഞ്ഞിട്ടുണ്ട്.

അതേസമയം, 10-ാം മാസത്തിലെത്തിയ ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 39,480 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 91,314 പേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. ഹമാസ് ഉന്നതര്‍ വധിക്കപ്പെടുകയും ഇറാനില്‍ കയറി ആക്രമണം നടത്തുകയും ചെയ്തതിനാല്‍ ഇസ്രയേലുമായുള്ള യുദ്ധം പുതിയ ഘട്ടത്തിലേക്കാണ് എത്തിയിരിക്കുന്നത് എന്നാണ് ലബനനിലെ ഹിസ്ബുല്ലയുടെ മേധാവി ഹസന്‍ നസറല്ല വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേല്‍ ചുവന്ന വര ലംഘിച്ചിരിക്കുന്നതായാണ് ഇറാന്‍ അനുകൂല ഹിസ്ബുല്ല ചൂണ്ടിക്കാട്ടുന്നത്.
നിലവിലെ സാഹചര്യം വിലയിരുത്താല്‍ ഇറാനും സഖ്യകക്ഷികളും ടെഹ്‌റാനില്‍ ഉന്നതതല യോഗം ചേര്‍ന്നിട്ടുണ്ട്.

ഹിസ്ബുല്ല യെമനിലെ ഹൂതികള്‍ പലസ്തീന്‍ സംഘടനകളായ ഹമാസ് ഇസ്ലാമിക് ജിഹാദ് എന്നിവയുടെ നേതാക്കളാണ് ഈ യോഗത്തില്‍ പങ്കെടുത്തിരിക്കുന്നത്. ലോകത്ത് എവിടെയും നിമിഷ നേരം കൊണ്ട് ആക്രമണം നടത്താന്‍ ശേഷിയുള്ള സംഘടനകളാണിത്. അതുകൊണ്ടു തന്നെ ഇസ്രയേലും ആശങ്കയിലാണ്. വിദേശയാത്ര നടത്തുന്ന പൗരന്മാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് ഇസ്രയേല്‍ ഭരണകൂടം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. വിദേശത്തുള്ള ഇസ്രയേല്‍ പൗരന്മാരും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടേക്കുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണിത്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളും സമാന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റഷ്യയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. തിരിച്ചടി ഏത് രൂപത്തില്‍ വരുമെന്ന ഭയം അമേരിക്കന്‍ സഖ്യകക്ഷികള്‍ക്കുമുണ്ട്.

ഇസ്രയേല്‍ ചാര കണ്ണുകളെ വെട്ടിച്ച് ആ രാജ്യത്ത് പറന്നിറങ്ങി വന്‍ നാശനഷ്ടം സൃഷ്ടിക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ വീണ്ടും സംഘടിച്ച സ്ഥിതിക്ക് ഇനിയും എന്തും സംഭവിക്കാം എന്നതു തന്നെയാണ് നിലവിലെ അവസ്ഥ. ഭയപ്പെടുത്തുന്ന ആശങ്ക തന്നെയാണിത്, അതെന്തായാലും പറയാതെ വയ്യ…

EXPRESS KERALA VIEW

Top