തെഹ്റാൻ: ഇസ്മയിൽ ഹനിയ്യയുടെ കൊലപാതകത്തിന് പകരമായി തിരിച്ചടിയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് ഇറാൻ. യുഎൻ സെക്യൂരിറ്റി കൗൺസിലിൻ്റെ നിഷ്‌ക്രിയത്വത്തിനിടയിൽ രാജ്യത്തിനെതിരായ കൂടുതൽ ആക്രമണങ്ങൾ തടയാൻ ഇത് അത്യാവശ്യമാണെന്നും ഇറാൻ വ്യക്തമാക്കി.
ഇറാന്റെ പരമാധികാരം, പൗരൻമാർ, ഭൂപ്രദേശം എന്നിവ സംരക്ഷിക്കുന്നതിന് തിരിച്ചടി അനിവാര്യമായിരിക്കുകയാണ്. ഉചിതമായ സമയത്ത് ഉചിതമായ രീതിയിൽ തിരിച്ചടിയുണ്ടാവുമെന്നും ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോർപറേഷന്റെ അടിയന്തര യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ഇറാന്റെ ആക്ടിങ് വിദേശകാര്യമന്ത്രി അലി ബാകേരിയാണ് അറിയിച്ചു. മേഖലയിൽ കൂടുതൽ പ്രശ്നങ്ങളും സംഘർഷങ്ങളും ഉണ്ടാവുന്നത് തടയാൻ ഇറാൻ പരമാവധി ശ്രമിച്ചു. എന്നാൽ, ഇപ്പോൾ തങ്ങൾക്ക് മുന്നിൽ മറ്റ് വഴികളില്ലാതായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മാസങ്ങളായി ഗാസയിൽ തുടരുന്ന വംശഹത്യയും ഹനിയ്യയുടെ വധവും സയണിസ്റ്റ് രാഷ്ട്രം മേഖലയിൽ നടത്തുന്ന തീവ്രവാദ കുറ്റകൃതങ്ങൾക്ക് ഉദാഹരണമാണ്. ഹനിയ്യയുടെ വധം ഇറാന്റെ പരമാധികാരത്തിന്റെയും ലംഘനമാണ്. ഇത് മേഖലയുടേയും ലോകത്തിന്റേയും സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണ്. അന്താരാഷ്ട്ര നിയമങ്ങളുടേയും യു.എൻ ചാർട്ടറിന്റേയും നഗ്നമായ ലംഘനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു ഭയാനകമായ കുറ്റകൃത്യത്തിന്റെ സാഹചര്യത്തിൽ യു.എൻ സെക്യരൂറ്റി കൗൺസിൽ ഉത്തരവാദിത്തം നിറവേറ്റണമെന്നും ഇറാൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ യു.എൻ സ്വീകരിക്കണം.
ഇസ്രായേലിനെ പിന്തുണക്കുന്ന രാജ്യമെന്ന നിലയിൽ കുറ്റകൃത്യത്തിൽ യു.എസിന്റെ പങ്ക് വിസ്മരിക്കരുത്. യു.എസിന്റെ സമ്മതവും പിന്തുണയും ഇല്ലാതെ ഇത്തരമൊരു കുറ്റകൃത്യം നടപ്പാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.