ഇസ്രയേൽ കൊലപ്പെടുത്തിയ ഹിസ്‌ബുള്ള നേതാവ് ഹസൻ നസ്രള്ള, ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ എന്നിവരുടെ ചോരയ്ക്കു പകരം ചോദിച്ച് കഴിഞ്ഞ ദിവസം ഇറാൻ ഇസ്രയേൽ ലക്ഷ്യം വെച്ച് തൊടുത്ത് വിട്ട 180 ഓളം ബാലിസ്റ്റിക് മിസൈലുകളുടെ പ്രകമ്പനത്തിലാണ് ഇസ്രയേൽ. ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 2’ എന്നാണ് ഈ ആക്രമണത്തിന് നല്‍കിയ പേര്. തങ്ങളുടെ മിസൈലുകള്‍ 90 ശതമാനവും ലക്ഷ്യം കണ്ടുവെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഗദ്ദര്‍, ഇമാദ് എന്നീ മിസൈലുകള്‍ക്കൊപ്പം ഏറ്റവും പുതിയ ഫത്ത ഹൈപ്പര്‍ സോണിക് മിസൈലുകളും ഇറാന്‍ ഇസ്രയേലിനെതിരെ ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
Also Read: പശ്ചിമേഷ്യ സംഘർഷഭരിതം: അന്താരാഷ്ട്ര വിമാന സര്‍വീസുകളും താറുമാറായി
ഫത്ത ഹൈപ്പര്‍സോണിക് മിസൈല്‍
ഇറാനിയൻ റവല്യൂഷനറി ഗാർഡ്‌സിന്‌റെ എയ്‌റോസ്‌പേസ് ഫോഴ്‌സ് സ്‌പെഷലിസ്റ്റുകളാണ് ഫത്താ വികസിപ്പിച്ചിരിക്കുന്നത്. ഇറാനിയൻ പ്രസിഡന്‌റ് ഇബ്രാഹിം റെയ്‌സി, റവല്യൂഷനറി ഗാർഡ്‌സിന്‌റെ മറ്റു മുതിർന്ന കമാൻഡർമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഫത്താ അവതരിപ്പിച്ചത്. ശബ്ദത്തേക്കാള്‍ വേഗതയുണ്ട് ഫത്തയ്ക്ക്. കൃത്യമായി ലക്ഷ്യം കാണുന്ന പ്രിസിഷന്‍ ഗൈഡഡ് മിസൈലായ ഫത്തയുടെ രണ്ട് ഘട്ടങ്ങളിലായി പ്രവര്‍ത്തിക്കുന്ന റോക്കറ്റുകള്‍ക്ക് കരുത്തേകുന്നത് ഖര ഇന്ധനമാണ്.
ജേതാവ് എന്നതാണ് ഫത്താ എന്ന പേരിനർഥം. ശബ്ദവേഗത്തിന്‌റെ 15 മടങ്ങുവേഗം കൈവരിക്കാനും ഇതിനു കഴിയുമെന്ന് കരുതപ്പെടുന്നു. പൊതുവെ ഹൈപ്പർസോണിക് മിസൈലുകളെ തടയാനോ ചെറുക്കാനോ പാടാണ്. ഇതിനു പുറമേ ഫത്തായിൽ അധികമായുള്ള രഹസ്യചലന സംവിധാനങ്ങൾ മിസൈലിനെ കൂടുതൽ അപകടകാരിയാക്കുന്നു. ലോകത്തെ പല പ്രമുഖ എയർ ഡിഫൻസ് സംവിധാനങ്ങളെയും ചെറുക്കാൻ ഫത്തായ്ക്കു കഴിയും. ഇസ്രയേലിന്‌റെ അയൺ ഡോം പോലുള്ള സംവിധാനങ്ങളെയും ഫത്താ നിഷ്പ്രഭമാക്കുമെന്ന് ഇറാൻ അവകാശപ്പെടുന്നു. ആർട്ടിഫിഷ്യൽ ഇന്‌റലിജൻസ് ശേഷിയും മിസൈലിനുണ്ടെന്ന് റവല്യൂഷനറി ഗാർഡ്‌സ് പറയുന്നു. മധ്യപൂർവദേശ മേഖലയിൽ ഹൈപ്പർസോണിക് മിസൈൽ അവതരിപ്പിക്കുന്ന ആദ്യരാജ്യമായി ഇതോടെ ഇറാൻ മാറിയിരിക്കുകയാണ്.
ഗദ്ദര്‍ മിസൈലുകള്‍
2005-ലാണ് ഗദ്ദര്‍ മിസൈലുകള്‍ ഇറാന്‍ അവതരിപ്പിച്ചത്. 2003 വരെ ഇറാന്‍ ഉപയോഗിച്ചിരുന്ന ഷഹബ്-3 എന്ന മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഗദ്ദര്‍. ഒന്നാം ഘട്ടത്തില്‍ ദ്രവ ഇന്ധനവും രണ്ടാം ഘട്ടത്തില്‍ ഖര ഇന്ധനവുമാണ് ഗദ്ദറിന് കരുത്തേകുക. ഗദ്ദര്‍-എസ് (1350 കിലോമീറ്റര്‍ ദൂരപരിധി), ഗദ്ദര്‍-എച്ച് (1650 കിലോമീറ്റര്‍ ദൂരപരിധി), ഗദ്ദര്‍-എഫ് (1950 കിലോമീറ്റര്‍ ദൂരപരിധി) എന്നിങ്ങനെ മൂന്ന് തരം ഗദ്ദര്‍ മിസൈലുകളാണ് ഇറാന്‍ വികസിപ്പിച്ചത്. 1.25 മീറ്റര്‍ വ്യാസമുള്ള ഗദ്ദര്‍ മിസൈലുകളുടെ നീളം 15.86 മീറ്ററിനും 16.58 മീറ്ററിനും ഇടയിലാണ്.
ഇമാദ് മിസൈല്‍
2015 മുതലാണ് ഇറാന്‍ ഇമാദ് മിസൈലുകള്‍ ഉപയോഗിച്ച് തുടങ്ങിയത്. ഇറാന്റെ ആദ്യ പ്രിസിഷന്‍-ഗൈഡഡ് മിസൈലാണ് ഇത്. ദ്രവ ഇന്ധനം കരുത്തേകുന്ന ഇമാദിന്റെ നീളം 15.5 മീറ്ററാണ്. 1750 കിലോഗ്രാം ഭാരമുള്ള ഈ മിസൈൽ 1700 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. ഗദ്ദര്‍ മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇമാദ് ബാലിസ്റ്റിക് മിസൈല്‍. ഉയര്‍ന്ന കൃത്യത, മികച്ച ഗൈഡന്‍സ് സംവിധാനം എന്നിവയാണ് ഇമാദിന്റെ പ്രധാന പ്രത്യേകതകള്‍.