CMDRF

‘ഈ മണ്ണില്‍ കയറി ഞങ്ങളുടെ അതിഥിയെ കൊലപ്പെടുത്തി’; ഹനിയയുടെ മരണത്തില്‍ പ്രതികാരം വീട്ടുമെന്ന് ഇറാന്‍

‘ഈ മണ്ണില്‍ കയറി ഞങ്ങളുടെ അതിഥിയെ കൊലപ്പെടുത്തി’; ഹനിയയുടെ മരണത്തില്‍ പ്രതികാരം വീട്ടുമെന്ന് ഇറാന്‍
‘ഈ മണ്ണില്‍ കയറി ഞങ്ങളുടെ അതിഥിയെ കൊലപ്പെടുത്തി’; ഹനിയയുടെ മരണത്തില്‍ പ്രതികാരം വീട്ടുമെന്ന് ഇറാന്‍

ടെഹ്റാന്‍: ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തില്‍ ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്. ഹനിയയുടെ മരണത്തില്‍ ഇസ്രയേലിനെ ശിക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഇറാന്‍ അറിയിച്ചു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയുടേതാണ് മുന്നറിയിപ്പ്.

‘ധീരനായ പലസ്തീന്‍ നേതാവ് ഇസ്മായില്‍ ഹനിയ അന്തരിച്ചു. അദ്ദേഹത്തിന്റെ മരണത്തില്‍ മഹത്തായ പ്രതിരോധ മുന്നണി ദുഃഖത്തിലാണ്. ക്രിമിനലും ഭീകരരുമായ സയണിസ്റ്റ് ഭരണകൂടം ഞങ്ങളുടെ അതിഥിയെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തി. ഈ നടപടി ശക്തമായ പ്രതികാരത്തിന് കളമൊരുക്കിയിരിക്കുകയാണ്,’ എന്നാണ് ഖമേനി പറഞ്ഞത്.

രക്തസാക്ഷിത്വത്തെ അദ്ദേഹം ധീരതയോടെയാണ് നേരിട്ടതെന്നും ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ മണ്ണില്‍ സംഭവിച്ച ഈ ക്രൂരകൃത്യത്തിന് പ്രതികാരം ചെയ്യേണ്ടത് തങ്ങളുടെ കടമയാണെന്നുമാണ് ആയത്തുല്ല ഖമേനി പറഞ്ഞത്. ഹനിയയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് പലസ്തീന്‍ സായുധ സംഘടനയായ ഹമാസ് ആരോപിച്ചിരുന്നു.

യെമനിലെ ഹൂത്തി വിമതസംഘവും ജോര്‍ദാന്‍, തുര്‍ക്കി, ചൈന അടക്കമുളള രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരും ഹനിയയുടെ മരണത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ആക്രമണം ഭീകരമായ കുറ്റകൃത്യമാണെന്നായിരുന്നു പ്രതികരണം. എന്നാല്‍ ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Top