CMDRF

നീണ്ട 27 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഇറാനി കപ്പ് ക്രിക്കറ്റ് കിരീടം മുംബൈക്ക്

ഒന്നാം ഇന്നിങ്‌സില്‍ ലീഡ് സ്വന്തമാക്കാന്‍ മുംബൈക്ക് സാധിച്ചതാണ് കിരീട നേട്ടത്തില്‍ നിര്‍ണായകമായത്. ഇതിന്റെ ബലത്തിലാണ് ചാംപ്യന്‍ പട്ടം

നീണ്ട 27 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഇറാനി കപ്പ് ക്രിക്കറ്റ് കിരീടം മുംബൈക്ക്
നീണ്ട 27 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഇറാനി കപ്പ് ക്രിക്കറ്റ് കിരീടം മുംബൈക്ക്

ലഖ്‌നൗ: ഇറാനി കപ്പ് കിരീടം സ്വന്തമാക്കി മുംബൈ. രണ്ടര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇറാനി കപ്പ് ഇന്ത്യയിലെത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ ലീഡ് സ്വന്തമാക്കാന്‍ മുംബൈക്ക് സാധിച്ചതാണ് കിരീട നേട്ടത്തില്‍ നിര്‍ണായകമായത്. ഇതിന്റെ ബലത്തിലാണ് ചാംപ്യന്‍ പട്ടം.ആദ്യ ഇന്നിംഗ്സില്‍ മുംബൈക്കായി ഡബിള്‍ സെഞ്ചുറി നേടിയ സര്‍ഫറാസ് ഖാനാണ് കളിയിലെ താരം. സ്കോര്‍ മുംബൈ 537, 329-8, റെസ്റ്റ് ഓഫ് ഇന്ത്യ 416.

ഒന്നാം ഇന്നിങ്‌സില്‍ മുംബൈ 537 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ 8ന് 329 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. റസ്റ്റ് ഓഫ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 416 റണ്‍സിനു പുറത്ത്. മുംബൈക്കായി രണ്ടാം ഇന്നിങ്‌സില്‍ തനുഷ് കൊടിയാന്‍ (പുറത്താകാതെ 114) സെഞ്ച്വറിയും മോഹിത് അവസ്തി (പുറത്താകാതെ 51) അര്‍ധ സെഞ്ച്വറിയും നേടി.

രണ്ടാം ഇന്നിങ്‌സില്‍ മുംബൈ ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. ഒരു ഘട്ടത്തില്‍ അവര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയിലും പിന്നീട് 171 റണ്‍സിനിടെ 8 വിക്കറ്റും നഷ്ടപ്പെട്ട നിലയിലെത്തി. എന്നാല്‍ ഒന്‍പതാം വിക്കറ്റില്‍ അപരാജിത കൂട്ടുകെട്ടുമായി തനുഷ് കൊടിയാന്‍, മോഹിത് അവസ്തി സഖ്യം ഐതിഹാസിക ബാറ്റിങുമായി കളം വാണ് ടീം സ്‌കോര്‍ 300 കടത്തി. പിരിയാത്ത 9ാം വിക്കറ്റില്‍ 158 റണ്‍സാണ് സഖ്യം ചേര്‍ത്തത്. സ്‌കോര്‍ 329ല്‍ നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു.

Also Read: ഗ്രൗണ്ടിൽ എതിരാളികളെ പ്രകോപിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ താരം

4 വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെന്ന നിലയിലാണ് റസ്റ്റ് നാലാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. 393ല്‍ നില്‍ക്കെ ധ്രുവും 396ല്‍ നില്‍ക്കെ അഭിനവും മടങ്ങിയതോടെ കടിഞ്ഞാണ്‍ മുംബൈയുടെ കൈയിലായി. അഭിനവ് 191 റണ്‍സുമായി മടങ്ങി. ധ്രുവ് 93 റണ്‍സിലും വീണു. ഇരുവരും പുറത്തായ ശേഷം കാര്യമായ ചെറുത്തു നില്‍പ്പില്ലാതെ റസ്റ്റ് ഓഫ് ഇന്ത്യയുടെ ഇന്നിങ്സും അവസാനിച്ചു.

Also Read: ലോകകപ്പ് നേടിയ ശേഷം വിവാഹമെന്ന് പ്രഖ്യാപനം; കപ്പ് കിട്ടിയില്ല, പക്ഷെ കല്യാണം നടത്തി

സായ് സുദര്‍ശന്‍ (32), ഇഷാന്‍ കിഷന്‍ (38), ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (9), ദേവ്ദത്ത് പടിക്കല്‍ (16) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. 9 റണ്‍സുമായി സരന്‍ഷ് ജയ്ന്‍ പുറത്താകാതെ നിന്നു. മുംബൈക്കായി ഷംസ് മുലാനി, തനുഷ് കൊടിയാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മോഹിത് അവസ്തി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് ജുനെദ് ഖാന്‍ ഒരു വിക്കറ്റെടുത്തു.

ഒന്നാം ഇന്നിങ്‌സില്‍ മുംബൈക്കായി സര്‍ഫറാസ് ഖാന്‍ ഇരട്ട സെഞ്ചറിയുമായി (222) പുറത്താകാതെ നിന്നിരുന്നു. താരത്തിന്റെ കിടയറ്റ ബാറ്റിങാണ് മുംബൈക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (97), തനുഷ് കൊടിയാന്‍ (64), ശ്രേയസ് അയ്യര്‍ (57) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. റസ്റ്റ് ഓഫ് ഇന്ത്യക്കായി മുകേഷ് കുമാര്‍ 5 വിക്കറ്റുകള്‍ വീഴ്ത്തി. യഷ് ദയാല്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി.

Top