ലോകത്ത് എവിടെ ചെന്നും ടാർഗറ്റ് ചെയ്യുന്നതെന്തും അത് എത്ര ഉന്നതനായാലും കൊലപ്പെടുത്തുന്നതിൽ അസാമാന്യ കഴിവുള്ള സംവിധാനമാണ് ഇസ്രയേലിൻ്റെ മൊസാദ്. അമേരിക്കൻ ചാര സംഘടനയായ സി.ഐ.എയെ വെല്ലുന്ന പ്രകടനങ്ങൾ കാഴ്ചവച്ച മൊസാദ് തന്നെയാണ് ഇസ്രയേലിൻ്റെ ഗാസയിലെയും ലെബനനിലെയും സകല നീക്കങ്ങൾക്കും ചുക്കാൻ പിടിക്കുന്നത്. ഇറാനിൽ കയറി ഹമാസ് മേധാവി ഇസ്മായിൽ ഹനിയയെ വകവരുത്തിയതും ഇതിനു പിന്നാലെ ഗാസയിലും ലെബനനിലും നടത്തിയ കൂട്ടക്കുരുതിയുമെല്ലാം മൊസാദ് പ്ലാൻ ചെയ്ത് നടപ്പാക്കിയതാണ്.
ലെബനനിലെ പേജർ-വാക്കി ടോക്കി സ്ഫോടനങ്ങളും, മൊസാദ് ആസൂത്രണം ചെയ്തതാണ്. അതായത്, ഹമാസിൻ്റെയും ഹിസ്ബുള്ളയുടെയും തലവന്മാർ ഉൾപ്പെടെ, നല്ലൊരു വിഭാഗം നേതാക്കളെയും അനുയായികളെയും അവർ കൊന്നൊടുക്കി കഴിഞ്ഞു. നേതാക്കളാൽ കേന്ദ്രീകരിക്കപ്പെട്ട സംഘടനകൾ അല്ലാത്തത് കൊണ്ട് മാത്രമാണ് 45,000ത്തോളം പേരെ ഗാസയിൽ കൊന്നൊടുക്കിയിട്ടും, ഹമാസിനെ ഇല്ലാതാക്കാൻ ഇസ്രയേലിന് കഴിയാതിരിക്കുന്നത്.
ലെബനനിൽ ഹിസ്ബുള്ളയെ ഇല്ലാതാക്കാൻ കഴിയാത്തതും, അതു കൊണ്ട് തന്നെയാണ്. ഏത് നേതാവ് കൊല്ലപ്പെട്ടാലും, ഉടനെ തന്നെ മറ്റുള്ളവർ ആ ചുമതല ഏറ്റെടുത്ത് മുന്നോട്ട് പോകുന്നതാണ് ഹമാസിൻ്റെയും ഇസ്രയേലിൻ്റെയും രീതി. ഇറാൻ്റെ ശക്തമായ പിന്തുണയും, ഗാസയിലെയും ലെബനനിലെയും ജനങ്ങൾ ഒറ്റക്കെട്ടായി ഈ സംഘടനകൾക്ക് പിന്നിൽ അടിയുറച്ച് നിൽക്കുന്നതുകൊണ്ടുമാണ് ഹമാസിനെയും ഹിസ്ബുള്ളയെയും ഇല്ലാതാക്കാവുന്നതിന് പ്രധാന തടസ്സമെന്നാണ് ഇസ്രയേലിൻ്റെ വിലയിരുത്തൽ.
ഇറാനെ ടാർഗറ്റ് ചെയ്താണ് നിലവിൽ സകല നീക്കങ്ങളും ഇസ്രയേൽ നടത്തുന്നത്. എന്നാൽ, ആ നീക്കമിപ്പോൾ, അവർക്ക് തന്നെ വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേൽ നടത്തിയ പ്രത്യാക്രമണം അവർക്ക് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. ഇറാനിൽ കടക്കാൻ പോലും ഇസ്രയേൽ യുദ്ധവിമാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. പകരം അവർ ഇറാഖിലെ അമേരിക്കയുടെ വ്യോമപാതയിൽ നിന്നാണ് ഇറാനെ ആക്രമിച്ചിരിക്കുന്നത്.
ഈ ആക്രമണത്തിലൂടെ കാര്യമായ ഒരു പ്രഹരം ഇറാന് ഏൽപ്പിക്കാനും ഇസ്രയേലിന് സാധിച്ചിട്ടില്ല. പാശ്ചാത്യ മാധ്യമങ്ങളിലൂടെ, വലിയ ആക്രമണം നടത്തിയെന്ന ഒരു പ്രതീതി സൃഷ്ടിക്കാൻ മാത്രമാണ് യഥാർത്ഥത്തിൽ ഇസ്രയേലിന് കഴിഞ്ഞത്. അതിനാകട്ടെ അൽപ്പായുസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. ഇസ്രയേൽ ആക്രമണത്തെ ഇറാൻ്റെ പ്രതിരോധ സംവിധാനം നേരിടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ, ആ അവകാശവാദവും പൊളിയുകയാണ് ഉണ്ടായത്.
Also Read: അമേരിക്ക ഊരാകുടുക്കിൽ, പുടിനൊപ്പം കിമ്മിൻ്റെ സേനയും, എന്തു ചെയ്യണമെന്നറിയാതെ പകച്ച് നാറ്റോ
രാജ്യത്തിന് നേരെ നടന്ന ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇറാൻ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതാകട്ടെ ഏത് നിമിഷവും സംഭവിക്കാം എന്ന അവസ്ഥയിലുമാണുള്ളത്. ഇക്കാര്യത്തിൽ ഇസ്രയേലിനു മാത്രമല്ല അമേരിക്കയ്ക്കും വലിയ ആശങ്കയുണ്ട്. ഇറാനും ഹിസ്ബുള്ളയും ഹൂതികളും ഹമാസും ചേർന്ന് സംയുക്തമായ ഒരാക്രമണമാണ് വരാനിരിക്കുന്നത് എന്ന മുന്നറിയിപ്പ് അമേരിക്കൻ ചാര സംഘടനയായ സി.ഐ.എ ഇതിനകം തന്നെ ഇസ്രയേലിന് നൽകിയിട്ടുണ്ട്.
അമേരിക്ക ഈ യുദ്ധത്തിൽ നേരിട്ട് ഇടപെടുന്ന സാഹചര്യം ഉണ്ടായാൽ റഷ്യയും ഉത്തരകൊറിയയും ചൈനയും രംഗത്തിറങ്ങാനുള്ള സാധ്യതയും അമേരിക്ക മുന്നിൽ കാണുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ അതൊരു മൂന്നാംലോക മഹായുദ്ധമായി മാറുമെന്നതിനാൽ അമേരിക്കയാണ് ഇപ്പോൾ ശരിക്കും പ്രതിരോധത്തിലായിരിക്കുന്നത്. ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനു ശേഷം ഇസ്രയേലിനെതിരായ നീക്കങ്ങൾ ഹമാസും, ഹിസ്ബുള്ളയും ഹൂതികളും ശക്തമാക്കിയിട്ടുണ്ട്.
മൊസാദിൻ്റെ നിർദ്ദേശ പ്രകാരം ഇസ്രയേലിൻ്റെ സകലസൈനിക നടപടികൾക്കും നേതൃത്വം നൽകുന്ന ഐ.ഡി.എഫ് തലവന്‍ ഹെര്‍സി ഹലേവിയെ വധിക്കാന്‍ ആസൂത്രിതമായ ശ്രമമാണ് നടന്നിരിക്കുന്നത്. ഹമാസ് നടത്തിയ ഈ നീക്കത്തിൽ നിന്നും കഷ്ടിച്ചാണ് അദ്ദേഹം രക്ഷപ്പെട്ടിരിക്കുന്നത്. വടക്കന്‍ ഗാസയിലെ യുദ്ധനീക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയ ഹെര്‍സി ഹലേവിയ്ക്കു നേരെ, അദ്ദേഹം വിളിച്ചു ചേർത്ത സൈനിക ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന വീടിന് നേരെയാണ് ആക്രമണമുണ്ടായിരുന്നത്.
ഹമാസിന്റെ അല്‍ ഖസ്സാം ബ്രിഗേഡാണ്, ഇത്തരമൊരു മിന്നൽ ആക്രമണം നടത്തിയതെന്നാണ്, വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവ സമയത്തിന് തൊട്ട് മുൻപ്, ഹലേവി അവിടം വിട്ടിരുന്നതിനാൽ മാത്രമാണ് രക്ഷപ്പെട്ടിരിക്കുന്നത്. ഇക്കാര്യം, ഇറാന്‍ വാര്‍ത്ത ഏജന്‍സിയായ ‘ഇര്‍ന’ അടക്കമുള്ളവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഐ.ഡി.എഫ് തലവന്‍ പോയതിന് പിന്നാലെ നടന്ന ആക്രമണത്തില്‍ സ്ഥലത്ത് അവശേഷിച്ചിരുന്ന ഐ.ഡി.എഫ് 888 മള്‍ട്ടിഡൈമന്‍ഷണല്‍ യൂണിറ്റിലെ നാല് സൈനിക ഉദ്യാഗസ്ഥർ കൊല്ലപ്പെട്ടതായി ‘പലസ്തീന്‍ ക്രോണിക്കിളും’ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹമാസ് ആക്രമണത്തില്‍ തങ്ങളുടെ നാല് സൈനികര്‍ കൊല്ലപ്പെട്ട വാര്‍ത്ത നേരത്തെ തന്നെ, ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇത് ഐ.ഡി.എഫ് തലവനെ ലക്ഷ്യമിട്ടാണെന്ന കാര്യം, അവർ മറച്ചു വയ്ക്കുകയാണുണ്ടാ യത്. ഹലേവിയായിരുന്നു ലക്ഷ്യമെന്നത് മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ പുറത്ത് വന്നിട്ടും, അത് ഇസ്രയേൽ നിഷേധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇസ്രയേല്‍ മാധ്യമമായ ഹാരെറ്റ്‌സിന്റെ ഹീബ്രു പതിപ്പിനെ ഉദ്ധരിച്ചാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതെങ്കിലും, പിന്നീട് ഈ വാര്‍ത്ത ഹാരെറ്റ്‌സില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും, അവര്‍ ഹീബ്രു പതിപ്പില്‍നിന്ന് വാര്‍ത്ത നീക്കം ചെയ്തതാണോ എന്നത് വ്യക്തമല്ലെന്നുമാണ് പലസ്തീന്‍ ക്രോണിക്കിള്‍ ചൂണ്ടിക്കാട്ടുന്നത്. യൂറോ ന്യൂസ് പോലുള്ള പാശ്ചാത്യ മാധ്യമങ്ങളും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Also Read: ‘ഇസ്രയേൽ ആക്രമണം വ്യാപിപ്പിക്കുന്നു’; വിമർശനവുമായി ലബനാൻ പ്രധാനമന്ത്രി
ഒക്ടോബര്‍ 20ന്, ഐ.ഡി.എഫിലെ ഉന്നത ഉദ്യോഗസ്ഥനായ കേണല്‍ ഇഹ്സാന്‍ ദഖ്സയെ, ഹമാസ് കൊലപ്പെടുത്തിയിരുന്നു. ഇത് ഗാസയിൽ ഇപ്പോഴും ചെറുത്തുനില്‍പ്പ് ഗ്രൂപ്പുകള്‍ സജീവമാണെന്നതിന് തെളിവായാണ് വിലയിരുത്തപ്പെടുന്നത്. ഇതിനു പിന്നാലെയാണ് ഐ.ഡി.എഫ് തലവനെ തന്നെ ഹമാസ് ലക്ഷ്യമിട്ടിരിക്കുന്നത്. ലെബനനിൽ നന്നും ഹിസ്ബുള്ള നടത്തിയ മിസൈൽ ആക്രമണത്തിൽ നിന്നും, മൊസാദിൻ്റെ ആസ്ഥാനം തകർക്കപ്പെടാതിരുന്നതും തലനാരിഴയ്ക്കാണ്. മിസൈൽ പതിച്ച് വൻ ഗർത്തമാണ് മൊസാദ് ആസ്ഥാനത്തിൻ്റെ തൊട്ട് മുന്നിൽ രൂപപ്പെട്ടിരുന്നത്. ഈ ആക്രമണം പാളിയില്ലായിരുന്നെങ്കിൽ, മൊസാദ് മേധാവി ഉൾപ്പെടെയുള്ള സകലരും കൊല്ലപ്പെടുമായിരുന്നു.
ഇസ്രയേൽ പ്രധാനമന്ത്രിയുടെ വീട്ടിലും മൊസാദിൻ്റെ ആസ്ഥാനത്തും, ഹിസ്ബുള്ളയുടെ മിസൈലുകൾ പതിച്ചത്, അയൺ ഡോം സംവിധാനം തകർത്തു കൊണ്ടാണ് എന്നതും, നാം മനസ്സിലാക്കേണ്ടതുണ്ട്. ഇതിനുമുൻപ് ഇറാൻ നടത്തിയ മിസൈൽ ആക്രമണം ഇസ്രയേലിൻ്റെ സൈനിക കേന്ദ്രങ്ങൾ തകർത്തതും, മിസൈൽ പ്രതിരോധ സംവിധാനം തകർത്തു കൊണ്ട് തന്നെയാണ്. ഇറാൻ ചേരിയെ പേടിച്ച്, ഇപ്പോൾ മന്ത്രിസഭാ യോഗങ്ങൾ പോലും ബങ്കറിലാക്കേണ്ട ഗതികേടിലാണ് ഇസ്രയേൽ ഉള്ളത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ മകൻ്റെ വിവാഹവും, ആക്രമണം ഭയന്ന് മാറ്റിവച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇസ്രയേലാണ് ഇതുസംബന്ധമായ വിവരം പുറത്ത് വിട്ടിരിക്കുന്നത്.
ഇസ്രയേലിലെ ഉന്നതരെ വധിക്കാന്‍, സ്വന്തം പൗരന്‍മാരെ, ഇറാൻ ഉപയോഗിക്കുന്നതും, ഇസ്രയേൽ നിലവിൽ നേരിടുന്ന വലിയ ഭീഷണിയാണ്. ഇറാനുവേണ്ടി ചാരവൃത്തി നടത്തിയതായി ആരോപിച്ച്, നിരവധി പേരെയാണ്, അടുത്തിടെ ഇസ്രയേലിൽ പിടികൂടിയിരിക്കുന്നത്. അതില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ്, ദമ്പതികള്‍ അടക്കം മൂന്നുപേര്‍ അറസ്റ്റിലായത്. ഇസ്രയേലി ആണവശാസ്ത്രജ്ഞനെ കൊല്ലാന്‍ ചാരവൃത്തി നടത്തിയെന്നാരോപിച്ചാണ്, ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തത്.
ഇറാനിയന്‍ ഭരണകൂടത്തിന് വേണ്ടി ഇസ്രയേലി ആണവ ശാസ്ത്രജ്ഞന്റെ നീക്കങ്ങള്‍ പിന്തുടര്‍ന്നുവെന്നാരോപിച്ച്, ബെനി ബ്രാക്ക് സ്വദേശിയായ ആഷര്‍ ബിന്യാമിന്‍ വെയ്സിനെയാണ് അറസ്റ്റ് ചെയ്തത്. ഗോപ്രോ കാമറ ഉപയോഗിച്ച് വീടും കാറും ഉൾപ്പടെ റെക്കോര്‍ഡ് ചെയ്ത ഇയാൾ, ശാസ്ത്രജ്ഞനെ വധിക്കാന്‍ ചുമതലപ്പെടുത്തിയ കിഴക്കന്‍ ജറുസലെമില്‍ നിന്നുള്ള യുവാവിന്, ഈ ദൃശ്യങ്ങൾ കൈമാറിയതായാണ്, ഇസ്രയേലി രഹസ്യാന്വേഷണ ഏജന്‍സി ആരോപിക്കുന്നത്.
ഇറാന് വേണ്ടി ഇസ്രയേലിലെ ഉന്നതരെ കൊല്ലാന്‍, രാജ്യത്തിനകത്തുനിന്ന് വാടകക്കൊലയാളികളെ കണ്ടെത്താന്‍ നീക്കം നടത്തുന്നു എന്നാരോപിച്ചാണ്, ഇസ്രയേലി ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ദമ്പതികളായ റാഫേലും ലാല ഗുലിയേവും ആണ് അറസ്റ്റിലാക്കപ്പെട്ടത്. ഇസ്രയേലികളെ ചാരവൃത്തിക്ക് വേണ്ടി റിക്രൂട്ട് ചെയ്യുന്ന ഇറാനിയന്‍ സംഘത്തിന്റെ ഭാഗമായാണ്, 32 വയസ്സുകാരായ ഇരുവരും പ്രവര്‍ത്തിച്ചിരുന്നതെന്നാണ്, ഷിന്‍ ബെറ്റും പൊലീസും പറയുന്നത്. അസര്‍ബൈജാനി വംശജനായ ഒരു ഇസ്രയേലിയാണ് ഇവരെ സംഘത്തില്‍ ചേര്‍ത്തതെന്നാണ്, പൊലീസ് പുറത്ത് വിടുന്ന വിവരം.
Also Read: ‘യുദ്ധം സൈനികരിൽ മടുപ്പുളവാക്കുന്നു’; യുദ്ധം അവസാനിപ്പിക്കാൻ നെതന്യാഹുവിന് മേൽ സമ്മർദം
അറസ്റ്റിലായ റാഫേല്‍ ഗുലിയേവ് , ഇസ്രയേലിലെ മൊസാദിന്റെ ആസ്ഥാനം ഉള്‍പ്പെടെയുള്ള സുരക്ഷാ കേന്ദ്രങ്ങളില്‍ നിരീക്ഷണം നടത്തുകയും, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസിലെ ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ ശേഖരിച്ചതായും, സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്, ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചാരപ്രവർത്തനം നടത്തിയതിന് മുൻപും ഇസ്രയേൽ പാരന്മാർ അറസ്റ്റിലായിട്ടുണ്ട്. ഒക്ടോബര്‍ 21ന് ഏഴ് ഇസ്രയേലി പൗരന്മാരാണ് പിടികൂടപ്പെട്ടത്. രണ്ട് വര്‍ഷത്തിനിടെ ഈ ചാരസംഘം 600 ദൗത്യങ്ങള്‍ നടത്തിയതായാണ്, ഇസ്രയേല്‍ പൊലീസ് പറയുന്നത്.
ഇസ്രയേല്‍ പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവന്‍ എന്നിവരെ വധിക്കാനുള്ള സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍, ഇറാനിൽ പോയ ഇസ്രയേലി വ്യവസായിയും ഇതിന് തൊട്ട് മുൻപ് അറസ്റ്റിലായിരുന്നു. പിടിക്കപ്പെട്ടവർ ഇത്രയാണെങ്കിൽ പിടിക്കപ്പെടാത്തവർ എത്രയുണ്ടെന്ന ആശങ്കയാണ് ഇസ്രയേൽ ഭരണകൂടത്തിൻ്റെ ഉറക്കം കെടുത്തുന്നത്. മറ്റ് രാജ്യങ്ങളിൽ ചാരപ്രവർത്തനം നടത്തുന്നതിലും, മിന്നൽ ആക്രമണം നടത്തുന്നതിലും മിടുക്കരായവർക്കാണിപ്പോൾ ഇറാൻ ചേരിയുടെ പുതിയ നീക്കങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കേണ്ടി വന്നിരിക്കുന്നത്. ഇസ്രയേൽ, മറ്റു രാജ്യങ്ങളിൽ ചെയ്യുന്നത് തന്നെയാണ് തിരിച്ച് ഇപ്പോൾ ഇറാനും പ്രയോഗിച്ചിരിക്കുന്നത്.
Express View
വീഡിയോ കാണാം