ഹമാസ് രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രാജ്യം. ടെഹ്‌റാൻ യൂണിവേഴ്‌സിറ്റിയിൽ നടന്ന ഹനിയയുടെ ശവസംസ്‌കാര ചടങ്ങിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി നേതൃത്വം നൽകുന്ന തത്സമയ ചിത്രങ്ങൾ സ്റ്റേറ്റ് ടിവി സംപ്രേക്ഷണം ചെയ്തു.
കറുത്ത വസ്ത്രം ധരിച്ച ആയിരക്കണക്കിന് ജനങ്ങൾ വിലാപയാത്ര നടത്തി. ഇസ്രായേലിനെതിരെ രാജ്യത്ത് ജനരോക്ഷം ആളിക്കത്തുകയാണ്. വിലാപയാത്രയിലുടനീളം അമേരിക്കക്കെതിരെ ആക്രോശിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ മുഴങ്ങി കേട്ടു. മൃതദേഹം വെള്ളിയാഴ്ച ഖത്തറിലേക്ക് കൊണ്ടുപോകും. ഖത്തറിലാണ് സംസ്കാരം.
“സമാധാനത്തിൽ വിശ്രമിക്കൂ, അബു അൽ-ആബെദ് ഇസ്മായിൽ ഹനിയേ. ഞങ്ങളുടെ രാഷ്ട്രം, ഇറാൻ, ചെറുത്തുനിൽപ്പിൻ്റെ അച്ചുതണ്ട്, നിങ്ങളുടെ ജനത, നിങ്ങളുടെ പോരാളികൾ … സയണിസ്റ്റ് അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള ചെറുത്തുനിൽപ്പിൻ്റെ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടാണ്,” ഗാസയിലെ ഹമാസ് ഡെപ്യൂട്ടി ചീഫ് ഖലീൽ അൽ ഹയ്യ ടെഹ്‌റാൻ സർവകലാശാലയിൽ നടത്തിയ ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. മിഡിൽ ഈസ്റ്റിലെ ഇസ്രയേലിന്റെയും യുഎസിൻ്റെയും സ്വാധീനത്തെ ചെറുക്കാൻ നാല് പതിറ്റാണ്ടുകളായി ഇറാനിയൻ പിന്തുണ നൽകിയ സഖ്യമാണ് ആക്സിസ് ഓഫ് റെസിസ്റ്റൻസ്.