ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രയേലിനെതിരെ ഇറാന്‍ സ്വീകരിക്കുന്ന പ്രതികാര നടപടികള്‍ക്ക് കാലതാമസം നേരിടുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയിച്ചതായി റിപ്പോര്‍ട്ട്. റഷ്യ ടുഡേയാണ് ഇറാന്‍ സൈനിക വക്താവിനെ ഉദ്ധരിച്ച് ഇത്തരമൊരു റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇറാന്റെ പ്രതികാരത്തിന് റഷ്യയുടെ പിന്തുണയുണ്ടെന്ന വിവരങ്ങള്‍ പുറത്ത് വരുന്നതിനിടെയാണ് ഇത്തരമൊരു വിവരവും പുറത്ത് വന്നിരിക്കുന്നത്. ഇസ്രയേലിന്റെ അയേണ്‍ ഡോം തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ ഉള്‍പ്പെടെ വന്‍ നശീകരണ ശേഷിയുള്ള ആയുധങ്ങള്‍ റഷ്യ ഇറാന് നല്‍കിയതായാണ് അമേരിക്ക ഉള്‍പ്പെടെ സംശയിക്കുന്നത്. അതുകൊണ്ട് തന്നെ ഇറാന്‍-ഇസ്രയേല്‍ യുദ്ധം ഒഴിവാക്കേണ്ടത് അമേരിക്കയുടെ കൂടി ആവശ്യമാണ്. ഇറാന്‍-ഇസ്രയേല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ റഷ്യയും, ഉത്തര കൊറിയയും, ചൈനയുമെല്ലാം ആ യുദ്ധത്തില്‍ ഇടപെടുമെന്ന ആശങ്ക അമേരിക്കയ്ക്ക് ഉണ്ട്. ഒരു യുദ്ധം ഒഴിവാക്കണമെന്ന കര്‍ക്കശ നിലപാട് അമേരിക്കന്‍ സഖ്യകക്ഷികളായ ബ്രിട്ടണും ജര്‍മ്മനിക്കും ജപ്പാനുമുണ്ട്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളും ഈ നിലപാടുകാരാണ്. ഇത് അമേരിക്കയ്ക്ക് ഉണ്ടാക്കുന്ന സമ്മര്‍ദ്ദവും വളരെ ശക്തമാണ്. ഇസ്രയേലിനൊപ്പം നിന്നാല്‍ തങ്ങളുടെ രാജ്യങ്ങളിലെ പൗരന്മാരെ ലക്ഷ്യമിട്ട് വ്യാപക ചാവേര്‍ ആക്രമണവും അമേരിക്കന്‍ ചേരി പ്രതീക്ഷിക്കുന്നുണ്ട്.
യുദ്ധാന്തരീക്ഷം നിലനില്‍ക്കെ തന്നെ ഇസ്രയേല്‍ തലസ്ഥാനത്ത് ഒരു ചാവേര്‍ പൊട്ടിത്തെറിച്ചത് ഇവര്‍ക്കിടയില്‍ വന്‍ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. മാത്രമല്ല ഇറാന് എതിരെ ഒരു ആക്രമണം ഉണ്ടായാല്‍ അമേരിക്കന്‍ പക്ഷത്തോടൊപ്പം നില്‍ക്കാന്‍ അറബ് രാജ്യങ്ങള്‍ക്കും കഴിയുകയില്ല. നാറ്റോയില്‍ അംഗമായ തുര്‍ക്കിക്ക് പോലും ഇറാന് എതിരായ ആക്രമണത്തില്‍ പങ്കെടുക്കുന്നത് ചിന്തിക്കാന്‍ കഴിയുകയില്ല. അത്തരമൊരു നിലപാട് ഏത് ഇസ്ലാമിക രാജ്യത്തെ ഭരണാധികാരി സ്വീകരിച്ചാലും ആ രാജ്യത്തെ ജനങ്ങള്‍ തന്നെയാകും അത്തരം ഭരണാധികാരികളെ പുറത്താക്കുക. ഈ യാഥാര്‍ത്ഥ്യം അറിയുന്നത് കൊണ്ടാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഇപ്പോള്‍ ഇറാനെതിരെ നിലപാട് സ്വീകരിക്കാതിരിക്കുന്നത്. കാരണം പലസ്തീനികളുടെ കണ്ണീര്‍, അത്രമാത്രം ഈ രാജ്യങ്ങളെ ചുട്ടുപ്പൊള്ളിക്കുന്നുണ്ട്. പലസ്തീന്റെ വിമോചനത്തിന് വേണ്ടി ഹമാസ് നടത്തിയ പോരാട്ടത്തിന് ആയുധം നല്‍കി സഹായിച്ചു എന്ന ഒറ്റ കാരണത്താല്‍ ഇസ്ലാമിക വിശ്വാസികളില്‍ ഹീറോ പരിവേഷമാണ് ഇറാനുള്ളത്. ഇറാന്‍, ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചത് പോലും ഹമാസ് തലവനെ ഇറാനില്‍വെച്ച് വധിച്ചത് കൊണ്ടാണ്. ഹമാസിന്റെ കേന്ദ്രമായ ഖത്തറില്‍വച്ച് ഇത്തരമൊരു കൃത്യം നടത്താതെ ഇറാനില്‍ വച്ച് വധിച്ചത് ഇറാനെ പ്രകോപിപ്പിക്കാനും അതുവഴി തിരിച്ചടിച്ച് ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാനുമാണ്. ഇത് ഇസ്രയേലിന്റെ മാത്രം ബുദ്ധിയല്ല, പിന്നില്‍ അമേരിക്കയുടെ കരങ്ങളുമുണ്ട്.
ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഹമാസ് തലവനെ വധിച്ചെങ്കിലും ആ നടപടിക്ക് നാറ്റോയിലെ സഖ്യകക്ഷികളുടെ പിന്തുണ പോലും വേണ്ടത്ര അമേരിക്കയ്ക്ക് ലഭിച്ചിട്ടില്ല. ഇസ്രയേലിനെ ആക്രമിക്കാന്‍ റഷ്യ… ആയുധങ്ങള്‍ നല്‍കുമെന്നതും അമേരിക്കയുടെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമായിരുന്നു. യുക്രൈന്‍ യുദ്ധത്തില്‍ കുരുങ്ങികിടക്കുന്ന റഷ്യ, ഇറാനൊപ്പം നിലയുറപ്പിച്ചതിനാല്‍ ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചാല്‍ അത്ര പെട്ടെന്ന് സൈനികമായി ഇടപെടാന്‍ അമേരിക്കയ്ക്ക് കഴിയില്ല. അങ്ങനെ ഇടപെട്ടാല്‍ യുക്രൈനിനെ അമേരിക്ക സഹായിച്ചതിലുള്ള പക കൂടിയാണ് റഷ്യ വീട്ടുക. അതിനുള്ള സാധ്യത തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.
ജൂലൈ 31ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഇസ്മായില്‍ ഹനിയയാണ് ടെഹ്‌റാനില്‍ വച്ച് കൊല്ലപ്പെടുന്നത്. ആക്രമണത്തിന് ഉത്തരവാദി ഇസ്രയേലാണെന്നാണ് ഹമാസും ഇറാനും ആരോപിച്ചിരുന്നത്. എന്നാല്‍ ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുക്കുകയോ, നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഈ ആക്രമണം നടന്ന ഉടനെയാണ് ഇസ്രായേലിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നത്.
”സമയം ഞങ്ങള്‍ക്ക് അനുകൂലമാണ്, അതേസമയം തന്നെ, പ്രത്യാക്രമണത്തിനുള്ള കാത്തിരിപ്പ് നീണ്ടതുമാണ്,” ഇറാന്‍ സൈന്യത്തിന്റെ വക്താവ് അലി മുഹമ്മദ് നൈനി ഇങ്ങനെയാണ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ‘കണക്കുകൂട്ടിയതിനും അപ്പുറമായ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നാണ് ‘അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇറാന്റെ തിരിച്ചടി എങ്ങനെ ആയിരിക്കുമെന്ന ഭീതി വളര്‍ത്തുന്ന പ്രതികരണമാണിത്. ചെറിയ രൂപത്തില്‍ ഉള്ള ഒരു തിരിച്ചടിക്കല്ല, ഒരു യുദ്ധത്തിന് തന്നെയുള്ള തയ്യാറെടുപ്പാണ് ഇറാന്‍ നടത്തുന്നത് എന്നാണ് പാശ്ചാത്യ ലോകം ഈ നിലപാടിനെ വിലയിരുത്തുന്നത്.
മുന്‍പ്, സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ ഇറാന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ഇറാന്‍ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും ഇസ്രായേലിന് നേരെയും പ്രയോഗിച്ചിരുന്നു. ഇസ്രയേലിന്റെ അയണ്‍ ഡോം, ഇതിനെ നേരിട്ടെങ്കിലും ഒരേ സമയം അനേകം റോക്കറ്റുകള്‍ ഉപയോഗിച്ച് ഈ അയേണ്‍ സിസ്റ്റത്തില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ അന്നും ഇറാന് കഴിഞ്ഞിട്ടുണ്ട്. ഇറാന്‍ മിസൈല്‍ ഇസ്രയേലിന്റെ സൈനിക കേന്ദ്രത്തില്‍ പതിച്ചത് മൂലം ആള്‍നാശം കുറവായിരുന്നെങ്കിലും ഇസ്രയേലിന് വലിയ നാശനഷ്ടം ഉണ്ടാക്കാന്‍ ഈ ആക്രമണം വഴി ഇറാന് കഴിഞ്ഞിരുന്നു. അന്ന് അതായിരുന്നു സ്ഥിതിയെങ്കില്‍ ഇന്ന് സ്ഥിതി തികച്ചും വ്യത്യസ്തമാണ്. ഇവിടെയാണ് അയേണ്‍ ഡോമിനെ തകര്‍ക്കാന്‍ ശേഷിയുള്ള റഷ്യന്‍ മിസൈലിന്റെ പ്രസക്തിയും വര്‍ദ്ധിക്കുന്നത്. ഇത് അമേരിക്കന്‍ ഭരണകൂടത്തിന് ഉണ്ടാക്കിയ ആശങ്കയും ചില്ലറയല്ല. പടക്കപ്പലുകളെ ഇസ്രയേലിനെ സഹായിക്കാന്‍ നിയോഗിക്കുമ്പോഴും മറ്റൊരു ഭാഗത്ത് ഒത്തുതീര്‍പ്പ് ശ്രമങ്ങളാണ് അമേരിക്ക മുന്നോട്ട് വച്ചിരിക്കുന്നത്.
ഹനിയയുടെ കൊലപാതകത്തെ തുടര്‍ന്ന് ഇസ്രായേലും, ഇറാനും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം ലഘൂകരിക്കാന്‍ ഇറാനുമായി ബന്ധം പുലര്‍ത്തുന്ന സഖ്യകക്ഷികളോട് നിരന്തരമായാണ് അമേരിക്ക ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നത്. ഇസ്രയേലിനെ സഹായിക്കാനുള്ള വാഷിംഗ്ടണിന്റെ പ്രതിബദ്ധത സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവര്‍ത്തിച്ചെങ്കിലും ഇസ്രയേല്‍ ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റിലെ എല്ലാ രാജ്യങ്ങളും സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കൂടി അദ്ദേഹം എടുത്ത് പറഞ്ഞിട്ടുണ്ട്.
ഗാസയില്‍ ഇസ്രായേല്‍- ഹമാസ് വെടിനിര്‍ത്തല്‍ സാധ്യമാക്കാന്‍ സംഘര്‍ഷം ഇല്ലാതാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് അമേരിക്ക ഇപ്പോള്‍ പറയുന്നത്. ഇതിന്റെ ഭാഗമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഇപ്പോഴും മേഖലയില്‍ തുടരുകയാണ്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്ന ഏത് നീക്കത്തെയും ഇറാനും പിന്തുണയ്ക്കുന്നുണ്ടെങ്കിലും അമേരിക്കയുടെ നടപടിയില്‍ അവര്‍ ഒരു ആത്മാര്‍ത്ഥതയും കാണുന്നില്ല. ഈ യുദ്ധത്തില്‍ അമേരിക്കയെ പ്രധാന വില്ലനായാണ് ഇറാന്‍ നോക്കിക്കാണുന്നത്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 7 ന്, ഗാസയില്‍ നിന്നും തെക്കന്‍ ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഏകദേശം 1,100 പേരാണ് കൊല്ലപ്പെട്ടത്. 200 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഒക്ടോബര്‍ 7 ന് ശേഷം, ഗാസയില്‍ ഇസ്രയേല്‍ ഇതുവരെ നടത്തിയ ആക്രമണത്തില്‍ 45,000 ത്തോളം പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 92,857 ആളുകള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇനി പ്രതികാരം ചെയ്യുമ്പോള്‍ ഇസ്രയേലിന് ഒരിക്കലും മറ്റൊരു തിരിച്ചടി നല്‍കാനുള്ള ശേഷി പോലും ഉണ്ടാകരുതെന്നാണ് ഇറാന്‍ സൈന്യവും അവര്‍ക്കൊപ്പമുള്ള വിവിധ ഗ്രൂപ്പുകളും ശപഥം ചെയ്തിരിക്കുന്നത്. പ്രതികാരം നീളുന്നതും അതുകൊണ്ട് തന്നെയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.
EXPRESS VIEW