CMDRF

ആശയവിനിമയ ഉപകരണങ്ങൾ ഉപേക്ഷിച്ച് ഇറാൻ റവല്യൂഷനറി ഗാർഡ്‌സ്

ഇറാനിലും വിദേശത്തുമുള്ള പല ഉദ്യോഗസ്ഥരുടെയും ബാങ്ക് അക്കൗണ്ടുകളും അവർ നടത്തിയ യാത്രകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ച് വരികയാണ്.

ആശയവിനിമയ ഉപകരണങ്ങൾ ഉപേക്ഷിച്ച് ഇറാൻ റവല്യൂഷനറി ഗാർഡ്‌സ്
ആശയവിനിമയ ഉപകരണങ്ങൾ ഉപേക്ഷിച്ച് ഇറാൻ റവല്യൂഷനറി ഗാർഡ്‌സ്

ലെബനൻ സായുധ സംഘമായ ഹിസ്‌ബുള്ള അംഗങ്ങളുടെ പേജറുകളും വാക്കി ടോക്കിയും ഉപയോഗിച്ച് ഇസ്രയേൽ സ്ഫോടനം നടത്തിയതിന് പിന്നാലെ എല്ലാ ആശയവിനിമയ ഉപകരണങ്ങളും ഉപേക്ഷിച്ച് ഇറാൻ റവല്യൂഷനറി ഗാർഡ്‌സ് കോർപ്സ്. എല്ലാത്തരത്തിലുള്ള ആശയവിനിമയ ഉപകരണങ്ങളും ഒഴിവാക്കണമെന്നാണ് സൈനിക അംഗങ്ങൾക്കുള്ള നിർദേശം. രണ്ട് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്ത ഏജൻസി റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആശയവിനിമയ ഉപകരണങ്ങൾ മാത്രമല്ല, എല്ലാത്തരം സജ്ജീകരണങ്ങളും പരിശോധിക്കാനാണ് ഇറാന്റെ എലൈറ്റ് സൈനിക വിഭാഗമായ ഐആർജിസിയുടെ നീക്കം. തങ്ങളുടെ പക്കലുള്ള ഉപകരണങ്ങളിൽ അധികവും ഇറാനിൽ നിർമിച്ചതോ ചൈന, റഷ്യ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തതോ ആണെന്നാണ് ഇറാനി ഉദ്യോഗസ്ഥർ പറയുന്നത്. എന്നിരുന്നാലും ഇസ്രയേലി ഏജന്റുമാരുടെ നുഴഞ്ഞുകയറ്റമോ അവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഇറാനി ഉദ്യോഗസ്ഥരോ ഉണ്ടാകാമെന്ന ആശങ്കയിലാണ് നടപടി. അങ്ങെനെയുള്ളവരെ കണ്ടെത്താനായി ഇതിനോടകം ഇറാൻ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.

Also Read: ലെബനനിലെ വീടുകള്‍ക്കുനേരെ വ്യോമാക്രമണം ഉടനെന്ന് ഇസ്രായേല്‍

ഇറാനിലും വിദേശത്തുമുള്ള പല ഉദ്യോഗസ്ഥരുടെയും ബാങ്ക് അക്കൗണ്ടുകളും അവർ നടത്തിയ യാത്രകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ച് വരികയാണ്. എന്നാൽ ഇതുവരെ ഔദ്യോഗികമായി വിവരങ്ങളൊന്നും കൈമാറാന്‍ ഇറാൻ്റെ വിദേശ, പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങൾ തയാറായിട്ടില്ല. ഏകദേശം 1,90,000 അംഗങ്ങളുള്ള സൈനിക വിഭാഗമാണ് ഐആർജിസി. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കീഴിലാണ് ഈ വിഭാഗം പ്രവർത്തിക്കുന്നത്.

സെപ്റ്റംബർ പതിനേഴിനാണ് ലെബനനിലെ പലയിടങ്ങളിലായി ഹിസ്‌ബുള്ള അംഗങ്ങളുടെ കൈവശമുണ്ടായിരുന്ന പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചത്. തൊട്ടടുത്ത ദിവസം വാക്കി ടോക്കികൾ ഉപയോഗിച്ചും ആക്രമണമുണ്ടായി. ഏകദേശം 39 പേരാണ് ഇസ്രയേൽ നടത്തിയ ആസൂത്രിത ആക്രമണത്തിൽ ലെബനനിൽ കൊല്ലപ്പെട്ടത്. പിന്നാലെ ആശയവിനിമയ ഉപകരണങ്ങൾ ഉപേക്ഷിക്കാൻ ഹിസ്‌ബുള്ളയും ആഹ്വാനം ചെയ്തിരുന്നു.

Top