ദുബായ്: ഹിസ്ബുള്ളയുടെ തലവനെ ഇസ്രയേൽ കൊലപ്പെടുത്തിയതിന് പിന്നാലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഇറാൻ. ടെഹ്‌റാൻ കേന്ദ്രീകരിച്ചുള്ള രണ്ട് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹിസ്ബുള്ള തലവൻ നസ്‌റുല്ലയുടെ കൊലപാതകത്തിന് ശേഷമുള്ള അടുത്തഘട്ടം നിർണയിക്കാൻ ഇറാൻ ഹിസ്ബുള്ളയുമായും മറ്റ് പ്രാദേശിക ഗ്രൂപ്പുകളുമായും ബന്ധപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രായേൽ വിനാശകരമായ ആക്രമണ പരമ്പര ആരംഭിച്ചിരിക്കെയാണ് ഉന്നത തീരുമാനമെടുക്കുന്നയാളെ സുരക്ഷിതമാക്കാനുള്ള ഇറാൻ നീക്കം. നസ്‌റുല്ലയെ കൊലപ്പെടുത്തിയെന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഖാംനഇ ഇസ്രയേലിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
ഈ പ്രദേശത്തിന്റെ വിധി നിർണയിക്കുന്നത് ചെറുത്തുനിൽപ്പിന്റെ ശക്തികളായിരിക്കുമെന്നും ഹിസ്ബുള്ള അതിന്റെ മുൻനിരയിലുണ്ടാവുമെന്നും രക്തസാക്ഷിയുടെ രക്തം പ്രതികാരം ചെയ്യപ്പെടാതെ പോകില്ല എന്നും അദ്ദേഹം പറഞ്ഞു.
ഗാസയിലെ ഇസ്രയേൽ ആക്രമണം ക്രിമിനൽ കുറ്റമാണെന്ന് പറഞ്ഞ ഖമേനി ഈ ഘട്ടത്തിൽ ലബനാനും ഹിസ്ബുള്ളക്കുമൊപ്പം നിൽക്കാൻ ലോക മുസ്‍ലിംങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. നസ്റുല്ലയുടെ മരണത്തെ അനുസ്മരിച്ച് അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്തു.