തിരുവനന്തപുരത്തുനിന്ന് ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി, ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന ചാര്‍ധാം വിമാനയാത്രാ പാക്കേജുമായി ഐ.ആര്‍.സി.ടി.സി. ഹിമാലയത്തിലെ നാല് പുണ്യസ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി വര്‍ഷത്തില്‍ 6 മാസം മാത്രം നടത്തുന്ന അതിവിപുലമായ തീര്‍ത്ഥാടന യാത്രയാണ് ചാര്‍ധാം യാത്ര. ഹിന്ദു വിശ്വാസമനുസരിച്ച് മോക്ഷപ്രാപ്തിക്ക് സഹായകരമാകുന്ന തീര്‍ത്ഥാടനയാത്രയാണിത്.
ഉത്തരാഖണ്ഡിലെ ചാര്‍ധാം തീര്‍ത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയോടൊപ്പം ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളും കൂടാതെ ഉത്തരാഖണ്ഡിലെ മറ്റു പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളും ഈ യാത്രയിലൂടെ സന്ദര്‍ശിക്കാവുന്നതാണ്. തീര്‍ത്ഥാടന യാത്ര എന്നതിലുപരി, ഹിമാലയന്‍ മടിത്തട്ടിലെ മനോഹര പ്രദേശങ്ങള്‍ സന്ദര്‍ശിക്കുവാനും അനുഭവിക്കുവാനും 13 ദിവസം നീണ്ടുനില്‍ക്കുന്ന ഈ യാത്ര അവസരമൊരുക്കുന്നു.
തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകള്‍, യാത്രകള്‍ക്ക് വാഹനം, 12 രാത്രി ഹോട്ടല്‍ താമസം, മൂന്നു നേരവും ഭക്ഷണം, ഐ.ആര്‍.സി.ടി.സി ടൂര്‍ മാനേജരുടെ സേവനം, യാത്രാ ഇന്‍ഷുറന്‍സ് എന്നിവ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും 2024 സെപ്റ്റംബര്‍ 24 ന് ഈ യാത്ര പുറപ്പെടുന്നു. 64450 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്.