വാഹന ഇന്‍ഷുറന്‍സ് വിതരണക്കാര്‍ക്ക് ഉയര്‍ന്ന കമ്മീഷന്‍ നല്‍കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഐആര്‍ഡിഎഐ

ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്തം ബിസിനസിന്റെ 45 ശതമാനം വിഹിതവും വാഹന മേഖയില്‍നിന്നാണ്.

വാഹന ഇന്‍ഷുറന്‍സ് വിതരണക്കാര്‍ക്ക് ഉയര്‍ന്ന കമ്മീഷന്‍ നല്‍കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഐആര്‍ഡിഎഐ
വാഹന ഇന്‍ഷുറന്‍സ് വിതരണക്കാര്‍ക്ക് ഉയര്‍ന്ന കമ്മീഷന്‍ നല്‍കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഐആര്‍ഡിഎഐ

വാഹന ഇന്‍ഷുറന്‍സ് വിതരണക്കാര്‍ക്ക് ഉയര്‍ന്ന കമ്മീഷന്‍ നല്‍കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഐആര്‍ഡിഎഐ. നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ‘ഓണ്‍ ഡാമേജ്’ പരിരക്ഷക്ക് ഉയര്‍ന്ന കമ്മീഷന്‍ നല്‍കുന്നതായി വ്യക്തമാക്കിയത്. ഇതിന് തെളിവായി കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു.

മോട്ടോര്‍ ഇന്‍ഷുറന്‍സ് സേവന ദാതാക്കള്‍ക്ക്(എംഐഎസ്പി) 25 ശതമാനം മുതല്‍ 57 ശതമാനംവരെ കമ്മീഷന്‍ നല്‍കുന്നുണ്ടെന്നായിരുന്നു ഐആര്‍ഡിഎഐയുടെ കണ്ടെത്തല്‍. ഇന്‍ഷുറന്‍സ് പ്രീമയത്തിന്മേല്‍ അധിക ബാധ്യതയാണ് ഇതിലൂടെ ഉണ്ടാകുന്നതെന്ന് റെഗുലേറ്റര്‍ വ്യക്തമാക്കി. ഉയര്‍ന്ന കമ്മീഷന്‍ നല്‍കുന്നതിലൂടെ പ്രീമിയം തുകയില്‍ കാര്യമായ വര്‍ധനവുണ്ടാകുന്നു. കമ്മീഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ അതിന്റെ നേട്ടം വാഹന ഉടമകള്‍ക്ക് ലഭ്യമാക്കാനാണ് ശ്രമം.

രാജ്യത്തെ ജിഡിപിയുടെ 7.1 ശതമാനം സംഭാവന ചെയ്യുന്നത് വാഹന വ്യവസായമാണ്. വാഹന വിപണിയുടെ മൂന്നേറ്റം മോട്ടോര്‍ ഇന്‍ഷുറന്‍സ് മേഖലയുടെ വളര്‍ച്ചക്കും കാരണമായി. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്തം ബിസിനസിന്റെ 45 ശതമാനം വിഹിതവും വാഹന മേഖയില്‍നിന്നാണ്.

വാഹന നിര്‍മാതാക്കളുടെ അനുബന്ധ വിതരണ കമ്പനികള്‍ വഴി ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്ന സാഹചര്യം നേരിത്തെയുണ്ടായിരുന്നു. ഐആര്‍ഡിഎഐ ഇടപെട്ടതിനെ തുടര്‍ന്നാണ് ഇതിന് മാറ്റംവന്നത്.

ഇക്കാര്യത്തില്‍ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് മാര്‍ഗ നിര്‍ദേശങ്ങള്‍ അവലോകനം ചെയ്യാന്‍ 2019ല്‍ സമതി രൂപീകരിച്ചിരുന്നു. 2021 ജനുവരിയില്‍ സമതി നല്‍കിയ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. വിവിധ ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്നുള്ള മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നതില്‍ വന്‍കിട ഇടനിലക്കാര്‍(എംഐഎസ്പികള്‍) പരാജയപ്പെട്ടതായി സമിതി വിലയിരുത്തിയിരുന്നു.

വന്‍കിട ഇടനിലക്കാര്‍ വഴി ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ക്ക് കാഷ്ലെസ് ക്ലെയിം നിഷേധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് കോടി രൂപയാണ് വന്‍കിട വാഹന നിര്‍മാണക്കമ്പനിയുമായി ബന്ധപ്പെട്ട അനുബന്ധ ഇന്‍ഷുറന്‍സ് സ്ഥാപനത്തിന് ഐആര്‍ഡിഎഐ പിഴ ചുമത്തിയത്.

Top