ബാഗ്ദാദ്: ഐഎസ് തലവനായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യക്ക് വധശിക്ഷ വിധിച്ച് ഇറാഖ് കോടതി. ഭീകരവാദ സംഘടനയുമായുള്ള പങ്കും, യസീദി സ്ത്രീകളെ തടങ്കലില്‍ വച്ചതിനുമാണ് വധശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി. ഇറാഖിലെ തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് പടിഞ്ഞാറന്‍ ബാഗ്ദാദിലെ കോടതി ശിക്ഷ വിധിച്ചത്. വടക്കന്‍ ഇറാഖിലെ സിന്‍ജാറില്‍ ഐഎസ് ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ യസീദി സ്ത്രീകളെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ മൊസൂളിലെ വീട് ഉപയോഗിച്ചതിനും ഐഎസുമായി സഹകരിച്ചുവെന്നും പ്രൊസിക്യൂഷന്‍ ആരോപിച്ചു.
ഇവരുടെ പേര് കോടതി പറഞ്ഞിട്ടില്ല. അസ്മ മുഹമ്മദ് എന്നാണ് ഇവരുടെ പേരെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അപ്പീല്‍ കോടതി അംഗീകരിച്ചാല്‍ ഇവരെ തൂക്കിലേറ്റും. അഞ്ച് വര്‍ഷം മുമ്പാണ് പ്രത്യേക ഓപ്പറേഷനിലൂടെ ബാഗ്ദാദിയെ യുഎസ് സേന വധിച്ചത്. തുര്‍ക്കിയില്‍ തടവിലാക്കപ്പെട്ട അല്‍ ബാഗ്ദാദിയുടെ കുടുംബത്തിലെ ചിലരെ തിരിച്ചയച്ചതായി ഫെബ്രുവരിയില്‍ ഇറാഖ് പ്രഖ്യാപിച്ചിരുന്നു. അല്‍-ബാഗ്ദാദിക്ക് നാല് ഭാര്യമാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ല്‍ അദ്ദേഹത്തിന്റെ ഭാര്യമാരില്‍ ഒരാളെയും മറ്റ് കുടുംബാംഗങ്ങളെയും പിടികൂടിയതായി തുര്‍ക്കി പറഞ്ഞു.