ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കുമ്പോൾ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് തമിഴ് നാട്ടിൽ ഇപ്പോൾ നടന്നു വരുന്നത്. നിലവിൽ ശക്തനായ എതിരികൾ ഇല്ലാതെയാണ് ഡി.എം.കെ സഖ്യം ഭരണം നടത്തുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൽ തമിഴകം ഡി.എം.കെ സഖ്യം തൂത്തുവാരിയതോടെ പ്രതിപക്ഷ പാർട്ടികൾ ചിന്നഭിന്നമായിരിക്കുകയാണ്. പ്രധാന പ്രതിപക്ഷമായ അണ്ണാ ഡി.എം.കെയുടെ അവസ്ഥയും അതിദയനീയമാണ്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എതിരികൾ ഇല്ല എന്ന് വിചാരിച്ച് മുന്നോട്ട് പോകുന്ന ഡി.എം.കെയ്ക്ക് കടുത്ത വെല്ലുവിളി ഇനി ഉയർത്താൻ പോകുന്നത് ദളപതി വിജയ് ആണ്. വിജയ് രൂപീകരിച്ച ‘തമിഴക വെട്രി കഴകം’ എന്ന രാഷ്ട്രീയ പാർട്ടി 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുകയാണ്. ഇതിന് മുന്നോടിയായി തൻ്റെ ഫാൻസ് അസോസിയേഷനായ ‘വിജയ് മക്കൾ ഇയക്കം’ എന്ന സംഘടനയെ തമിഴക വെട്രി കഴകത്തിൽ വിജയ് ലയിപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി ഏറെ സ്വാധീനമുള്ള വിജയ് ഫാൻസ് അസോസിയേഷന് ഓരോ ജില്ലയിലും ലക്ഷക്കണക്കിന് പ്രവർത്തകരുണ്ട്. ദളപതിയുടെ ഈ ആരാധക കരുത്തിനെയാണ് ഡി.എം.കെ ഉൾപ്പെടെയുള്ള തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ ഭയപ്പെടുന്നത്.
വിജയ് താരപരിവേഷം ഉപയോഗിച്ച് തമിഴ്നാട്ടിൽ റാലികളും റോഡ് ഷോയും നടത്തിയാൽ അത് ഒരു തരംഗമായി പടരുമെന്ന ഭയമാണ് രാഷ്ട്രീയ പാർട്ടികളെ നയിക്കുന്നത്. ഈ ഭയം ഡി.എം.കെ നേതൃത്വത്തിനുമുണ്ട്. അതു കൊണ്ട് തന്നെ ദളപതിയെ പ്രതിരോധിക്കാൻ ബദൽ സംവിധാനമാണ് ഡി.എം.കെ തേടുന്നത്.
മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ്റെ പിൻഗാമിയായ ഉദയനിധിക്കൊപ്പം തന്നെ, ഉലക നായകൻ കമൽഹാസനെ കൂടി രംഗത്തിറക്കാനാണ് ഡി.എം.കെ നേതൃത്വം ആലോചിക്കുന്നത്. 2026-ൽ അധികാരം ലഭിച്ചാൽ കമൽഹാസന് ഉപമുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ആന്ധ്രയിൽ ചന്ദ്രബാബു നായിഡു സർക്കാറിൽ ജനസേന പാർട്ടി നേതാവും തെലുങ്ക് സൂപ്പർസ്റ്റാറുമായ പവൻ കല്യാണിന് ഉപമുഖ്യമന്ത്രിസ്ഥാനമാണ് നൽകിയിരിക്കുന്നത്. പവൻ കല്യാണിൻ്റെ പവറാണ് ആന്ധ്രയിൽ ഭരണം പിടിക്കാൻ ചന്ദ്രബാബു നായിഡുവിനെ സഹായിച്ചിരുന്നത്. ഇതേ മോഡൽ തമിഴകത്ത് പരീക്ഷിക്കണമെന്നതാണ് ഡി.എം.കെയിൽ ഉയർന്നു വരുന്ന അഭിപ്രായം. നിലവിൽ കമലിൻ്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം ഡി.എം.കെ യുമായി സഹകരിക്കുന്നുണ്ട്. രാജ്യസഭയിൽ കമലിന് ഒരു സീറ്റും ഡി.എം.കെ. വാഗ്ദാനം ചെയ്തിട്ടുണ്ട്. പാർലമെൻ്റിലെ കമലിൻ്റെ പ്രകടനം 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമാകുമെന്നതാണ് വിലയിരുത്തൽ. ദളപതി പേടിയിലാണ് ഈ നീക്കവും ഡി.എം.കെ നടത്തുന്നത്.
എന്തിനേറെ, കമലിൻ്റെ ‘ഇന്ത്യൻ-2’ സിനിമയ്ക്ക് പിന്നിൽ പോലും ഡി.എം.കെയുടെ രാഷ്ട്രീയ അജണ്ടയുണ്ട്. പ്രതിസന്ധിയിൽപ്പെട്ട് ചിത്രീകരണം മുടങ്ങുന്ന സാഹചര്യം ഉണ്ടായപ്പോൾ അത് ഏറ്റെടുത്ത് ഇപ്പോൾ വിതരണത്തിന് വരെ എത്തിക്കുന്നതിൽ ഉദയനിധി സ്റ്റാലിനാണ് നേരിട്ട് ഇടപെട്ടിരിക്കുന്നത്.
കമലിൻ്റെ താരപരിവേഷം കൂട്ടി ദളപതി വിജയ് യെ എതിർക്കാൻ ശേഷിയുള്ള കരുത്ത് സമാഹരിക്കുകയാണ് ലക്ഷ്യം. ഇന്ത്യൻ ഒന്നാം ഭാഗത്തെ പോലെ തന്നെ രണ്ടാം ഭാഗവും മൂന്നാംഭാഗവും വൻ ഹിറ്റായാൽ അത് കമലിൻ്റെ താരമൂല്യം കൂട്ടുമെന്നാണ് സ്റ്റാലിൻ്റെ പിൻഗാമിയായ ഉദയനിധി കരുതുന്നത്. അഴിമതിക്ക് എതിരെ പോരാടുന്ന പ്രതിച്ഛായയോടെ കമൽ കളം നിറഞ്ഞാൽ അത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഡി.എംകെ മുന്നണിയ്ക്ക് ഗുണം ചെയ്യുമെന്നതാണ് കണക്ക് കൂട്ടൽ. നിലവിൽ അഴിമതിക്ക് എതിരെ പോരാടുന്ന ഒരു പ്രതിച്ഛായയാണ് ദളപതിയ്ക്കുള്ളത്. തമിഴ്നാട്ടിലെ മദ്യ ദുരന്തവും നീറ്റ് വിഷയവും മുൻ നിർത്തി വിജയ് നടത്തിയ പ്രതികരണം വലിയ ജനശ്രദ്ധയാണ് പിടിച്ചു പറ്റിയിരുന്നത്. ഇതാകട്ടെ, സ്റ്റാലിൻ സർക്കാറിന് തലവേദനയും ആയിരുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ സിനിമാ അഭിനയം നിർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ദളപതിയുടെ ഇനി ഇറങ്ങാനുള്ള സിനിമ ഗോട്ട് ആണ്. അതായത് ഇന്ത്യൻ – 2 വിന് പിന്നാലെ എത്തുന്ന ഗോട്ട്, ഇന്ത്യൻ – 2വിനെ മറികടക്കുമോ എന്നതും പ്രസക്തമായ ചോദ്യമാണ്.
ഇന്ത്യൻ – 2 സിനിമയ്ക്ക് വേണ്ടി ഡി.എം.കെ നേതൃത്വത്തിന് സ്വാധീനമുള്ള സൺടിവിയും വൻ പ്രചരണമാണ് നിലവിൽ നടത്തി വരുന്നത്. ഒരിടവേളയ്ക്ക് ശേഷം തമിഴകത്ത് വമ്പൻ റിലീസ് ആണ് ജൂലായ് 12 ന് നടക്കുന്നത്. ഇന്ത്യൻ എന്ന കമൽ സിനിമ നൽകിയ ആദ്യ സിനിമാനുഭവം തന്നെയാണ് രണ്ടാം ഭാഗത്തിലേക്കും പ്രേക്ഷകരെ ആകർഷിച്ചിരിക്കുന്ന പ്രധാന ഘടകം. പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞാൽ ഈ സിനിമ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൻ്റെ ഭാഗമായും മാറും.
ഷങ്കർ സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ബജറ്റ് 200 കോടിയാണ്. 15 കോടി മാത്രം ആയിരുന്നു ആദ്യ ഭാഗത്തിന്റെ മുതൽമുടക്ക് എന്നതും നാം ഓർക്കണം. 5 ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസും ഉദയനിധി സ്റ്റാലിൻ്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള റെഡ് ജയിൻറ് മൂവീസും ചേർന്ന് നിർമിക്കുന്ന ഇന്ത്യൻ 2 വൻ വിജയമായാൽ, അത് കമലഹാസന് നൽകുക വലിയ ഊർജ്ജമാകും. അത് ഡി.എം.കെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതോടെ ദളപതിയും കമലും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനു കൂടിയാണ് 2026-ൽ തമിഴ്നാട് സാക്ഷ്യം വഹിക്കുക. അതാകട്ടെ, വ്യക്തവുമാണ്.
EXPRESS KERALA VIEW