ചെന്നൈ: ആന്ധ്രപ്രദേശില്‍ ചന്ദ്രബാബു നായിഡു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെ തമിഴ്നാട് ബിജെപി നേതാവും തെലങ്കാന മുന്‍ ഗവര്‍ണറുമായ തമിഴിസൈ സൗന്ദര്‍രാജനെ കേന്ദ്ര ആഭ്യന്തരമന്ത്രി പരസ്യമായി താക്കീത് ചെയ്തതിനെ വിമര്‍ശിച്ച് ഡിഎംകെ രംഗത്ത്. തമിഴ്നാട്ടിലെ ഒരു പ്രമുഖ വനിതാ നേതാവിനെ പരസ്യമായി ശാസിക്കുന്നത് മര്യാദയാണോ എന്നാണ് ഡിഎംകെയുടെ ചോദ്യം.
”ഇത് എന്തു തരം രാഷ്ട്രീയമാണ്? തമിഴ്നാട്ടിലെ ഒരു പ്രമുഖ വനിതാ നേതാവിനെ പരസ്യമായി ശാസിക്കുന്നത് മര്യാദയാണോ? എല്ലാവരും ഇതു കാണുമെന്ന് അമിത് ഷാ ഓര്‍ക്കണം. വളരെ തെറ്റായ ഉദാഹരണം!’ – ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ എക്‌സില്‍ കുറിച്ചു.
തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈയെ തമിഴി തമിഴിസൈ സൗന്ദര്‍രാജന്‍ വിമര്‍ശിച്ചിരുന്നു. ഇക്കാര്യത്തിലാണ് അമിത് ഷായുടെ പരസ്യമായ താക്കീതെന്നാണ് സൂചന. അമിത് ഷായും മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും സംസാരിച്ചു കൊണ്ടിരിക്കെ ഇവരെ അഭിവാദ്യം ചെയ്തുകൊണ്ട് അടുത്തേക്ക് വന്ന തമിഴിസൈ കൈകൂപ്പി അമിത് ഷായെ അഭിവാദനം ചെയ്തിരുന്നു. പിന്നീട് തൊട്ടടുത്തിരുന്ന ജെ.പി നഡ്ഡയെയും നിതിന്‍ ഗഡ്കരിയെയും അഭിവാദ്യം ചെയ്തു. ഈ സമയത്താണ് അമിത് ഷാ തമിഴിസൈയെ അടുത്തേക്ക് വിളിച്ചത്. വിരല്‍ ചൂണ്ടിക്കൊണ്ടായിരുന്നു അമിത് ഷായുടെ സംസാരം. ശകാരിക്കുന്നതാണെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.