എന്‍സിപിയുടെ മന്ത്രിയായി തോമസ് കെ തോമസിന് വരാന്‍ തടസ്സമാകുന്നത് എം.എല്‍.എമാരെ കൂറുമാറ്റാനുള്ള നൂറ് കോടിയുടെ ഓഫറാണെന്ന വിവരമാണിപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. എന്‍.സി.പി അജിത് പവാര്‍ പക്ഷത്തേക്ക് ചേരാന്‍ കോവൂര്‍ കുഞ്ഞുമോനും ആന്റണി രാജുവിനും 50 കോടി വീതം എന്‍.സി.പി, എം.എല്‍.എ ആയ തോമസ് കെ തോമസ് വാഗ്ദാനം ചെയ്‌തെന്ന ആരോപണം അതീവഗുരുതരമാണ്. ഇത് സംബന്ധമായ നിര്‍ണായക വിവരം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തതായാണ് മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. ലോക്‌സഭ തിരെഞ്ഞെടുപ്പിന് മുമ്പാണ് ഈ സംഭവം നടന്നതെന്നാണ് പറയപ്പെടുന്നത്. എല്ലാം മുഖ്യമന്ത്രിയെ അറിയിച്ചെന്ന് ആന്റണി രാജുവും മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.
അങ്ങനെ ഒരു സംഭവം ഉണ്ടെങ്കില്‍ ആന്റണി രാജു പൊലീസിലും പരാതി നല്‍കേണ്ടതുണ്ട്. കാരണം ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ട കേസാണിത്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു എം.എല്‍.എയെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് ഏത് എം.എല്‍.എ ആയാലും അയാള്‍ക്ക് എം.എല്‍.എ ആയി തുടരാനും അവകാശമില്ല. അതും നാം മനസ്സിലാക്കേണ്ട കാര്യമാണ്. ഇനി ഇതൊന്നുമല്ല ആന്റണി രാജുവും മന്ത്രി എ.കെ ശശീന്ദ്രനും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആരോപണമെങ്കില്‍ തീര്‍ച്ചയായും അതും അന്വേഷിക്കപ്പെടേണ്ടതുണ്ട്. കാരണം, പ്രത്യക്ഷത്തില്‍ ആര് കേട്ടാലും ഒരു യുക്തിയും ഇല്ലാത്ത കാര്യങ്ങളായി തന്നെയാണ് ഈ കൂറുമാറ്റ ആരോപണവും തോന്നുക. തനിക്ക് പണം ആരും വാഗ്ദാനം ചെയ്തിട്ടില്ലെന്നും, ആരോപണത്തില്‍ അന്വേഷണം വേണമെന്നും കോവൂര്‍ കുഞ്ഞുമോന്‍ ആവശ്യപ്പെട്ടത് ഈ സംശയം ബലപ്പെടുത്തുന്നതാണ്.
Also Read: ചെന്നിത്തല കാണാത്ത…പറയാത്ത… ജയ് ഭീം ! ഒരു ഓർമ്മപ്പെടുത്തൽ
അജിത് പവാര്‍ പക്ഷത്തേക്ക് ചേരാന്‍ കോവൂര്‍ കുഞ്ഞുമോനും ആന്റണി രാജുവിനും 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്നത് കേവലം ആരോപണം മാത്രമാണെങ്കില്‍ അതിന് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നുതന്നെ തീര്‍ച്ചയായും സംശയിക്കപ്പെടേണ്ടതുണ്ട്. മുഖ്യമന്ത്രിയെ ആന്റണി രാജു തെറ്റിധരിപ്പിച്ചതാണെന്ന സംശയവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ആന്റണി രാജു നിലവില്‍ കേരള കോണ്‍ഗ്രസ്സിന്റെ എം.എല്‍.എയും, കോവൂര്‍ കുഞ്ഞുമോന്‍ ആര്‍.എസ്.പി ലെനിനിസ്റ്റ് പാര്‍ട്ടിയുടെ എം.എല്‍.എയുമാണ്. ഈ രണ്ട് പാര്‍ട്ടികള്‍ക്കും ഒറ്റയ്ക്ക് നിന്നാല്‍ കേരളത്തിലെ ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കാന്‍ കഴിയുകയില്ല. ഇങ്ങനെയുള്ള പാര്‍ട്ടികളെ എന്തിന് എന്‍.സി.പി അജിത് പവാര്‍ പക്ഷം അടര്‍ത്തിയെടുക്കാന്‍ നോക്കണമെന്നതും ചിന്തിക്കേണ്ട കാര്യമാണ്.
കുട്ടനാട് എം.എല്‍.എ ആയ തോമസ് കെ തോമസ് നിലവില്‍ എന്‍.സി.പി ശരദ് പവാര്‍പക്ഷ നേതാവാണ്. ഇയാള്‍ ബി.ജെ.പി മുന്നണിയിലുള്ള അജിത് പവാര്‍ പക്ഷത്തേക്ക് പോയാല്‍, ഇടതുപക്ഷത്തല്ല യു.ഡി.എഫില്‍ പോലും എടുക്കുകയില്ലെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി രണ്ട് വര്‍ഷം പോലും ഇല്ലാത്ത സാഹചര്യത്തില്‍ ഈ എം.എല്‍.എമാരെ ലഭിച്ചതുകൊണ്ട് എന്ത് നേട്ടമാണ് അജിത് പവാര്‍ പക്ഷത്തിന് ഉണ്ടാകുക എന്നതിനും കൃത്യമായ മറുപടി ലഭിക്കേണ്ടതുണ്ട്. ഇവിടെയാണ്… എ.കെ ശശീന്ദ്രന്‍ – ആന്റണി രാജു ഗൂഢാലോചനയും സംശയിക്കേണ്ടത്.
Also Read: ഇന്ത്യൻ ഏജൻസി വിവരം നൽകി, ഇസ്രയേലികളെ ആക്രമിക്കാൻ വന്നവർ ശ്രീലങ്കയിൽ അറസ്റ്റിൽ
രണ്ടര വര്‍ഷത്തെ ടേം പൂര്‍ത്തിയായപ്പോള്‍ കെ.ബി ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം ഒഴിഞ്ഞുകൊടുക്കാന്‍ താല്‍പര്യമില്ലാതിരുന്ന ആളാണ് ആന്റണി രാജു. അതുപോലെ തന്നെ രണ്ടര വര്‍ഷം കഴിഞ്ഞിട്ടും മന്ത്രി പദവിയില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്ന നേതാവാണ് എ.കെ ശശീന്ദ്രന്‍. കഴിഞ്ഞ പിണറായി സര്‍ക്കാരിലും മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ ഇത്തവണയും മന്ത്രിപദവി വിട്ടുനല്‍കാന്‍ തയ്യാറായിട്ടില്ല.
ഇക്കാര്യത്തില്‍ എന്‍.സി.പി ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും പിടിമുറുക്കിയ പശ്ചാത്തലത്തിലാണ് കോഴ ആരോപണവും ഉയര്‍ന്നിരിക്കുന്നത്. ഇങ്ങനെ ഒരു ആരോപണം മന്ത്രിസ്ഥാനം മോഹിച്ചിരുന്ന തോമസ് കെ തോമസിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. ഇതോടെ അദ്ദേഹത്തിന്റെ സാധ്യതകളാണ് അടഞ്ഞിരിക്കുന്നത്. തോമസ് കെ തോമസ് കോഴ വാഗ്ദാനം ചെയ്‌തെങ്കില്‍ ഒരു നിമിഷം പോലും അയാളെ ഇടതുപക്ഷത്ത് നിര്‍ത്താന്‍ പാടില്ല. മറിച്ചാണെങ്കില്‍ ആരോപണം ഉന്നയിച്ചവരെയും മുന്നണിയില്‍ നിന്നും പുറത്താക്കണം. ആ രാഷ്ട്രീയ മാന്യതയാണ് ഇടതുപക്ഷം കാണിക്കേണ്ടത്.
Also Read: ഇറാനെ ആക്രമിക്കാൻ തയ്യാറെടുപ്പ് പൂർത്തിയാക്കി ഇസ്രയേൽ, മൂന്നാം ലോക മഹായുദ്ധത്തിൽ കലാശിച്ചേക്കും
സി.പി.എമ്മിന്റെ കരുത്തില്‍ മാത്രം എം.എല്‍.എ ആയ ഇത്തരം ഈര്‍ക്കില്‍ പാര്‍ട്ടികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയതാണ് സി.പി.എമ്മിന് പറ്റിയ വലിയ വീഴ്ച. മന്ത്രിസ്ഥാനത്തിന് അര്‍ഹതപ്പെട്ട നിരവധി സി.പി.എം നേതാക്കള്‍ എം.എല്‍.എമാരായി ഉണ്ടായിട്ടും അവരെ പരിഗണിക്കാതെ ഇത്തരം ആളുകളെ പരിഗണിച്ചത് മുന്നണിയുടെ പ്രതിച്ഛായയെയാണ് ബാധിച്ചിരിക്കുന്നത്.
ഇടതുപക്ഷമെന്നാല്‍ അത് യഥാര്‍ത്ഥത്തില്‍ സി.പി.എമ്മിന്റെ മാത്രം കരുത്തില്‍ നിലനില്‍ക്കുന്നതാണ്. മുന്നണിയിലെ രണ്ടാമത്തെ ഘടക കക്ഷിയായ സി.പി.ഐക്ക് തൃശൂര്‍, കൊല്ലം, ഇടുക്കി ജില്ലകളിലാണ് പ്രധാനമായും സ്വാധീനമുള്ളത്. മറ്റൊരു ഘടക കക്ഷിയായ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ്സിന് കോട്ടയം, പത്തനംതിട്ട ജില്ലകളിലും സ്വാധീനമുണ്ട്. പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ് കുമാറിന് സ്വന്തം നിലയ്ക്ക് ആ മണ്ഡലത്തിലും സ്വാധീനമുണ്ട്. ഐ.എന്‍.എല്ലിന് കാസര്‍ഗോട്ടെയും കോഴിക്കോട്ടെയും ചില പ്രദേശങ്ങളില്‍ മാത്രമാണ് സ്വാധീനമുള്ളത്. ഈ പാര്‍ട്ടിയില്‍ ഭിന്നിപ്പ് വന്നതോടെ ഉള്ള സ്വാധീനം പോലും നഷ്ടമായ സാഹചര്യമാണുള്ളത്. ഇടതുപക്ഷത്തുള്ള മറ്റ് ഘടക കക്ഷികള്‍ക്കൊന്നും തന്നെ മുന്നണിക്ക് ശക്തിപകരുന്ന തരത്തിലുള്ള ഒരു സ്വാധീനവും ഇല്ല.
Also Read: ഇറാനെ ആക്രമിച്ചാൽ യു.എസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെ ബാധിക്കും, സി.ഐ.എ മുന്നറിയിപ്പ് ഫലം കണ്ടു !
എന്നിട്ടും ഒരു എം.എല്‍.എ ഉള്ള പാര്‍ട്ടിക്കും സി.പി.എം, മന്ത്രിമാരെ നല്‍കുകയാണ് ഉണ്ടായത്. ഇതിലും പക്ഷേ, വിവേചനം കാണിച്ചു. അപ്പോഴാണ് കോവൂര്‍ കുഞ്ഞുമോനും, ആര്‍.ജെ.ഡി എം.എല്‍.എ ആയ കെ.പി മോഹനനും തഴയപ്പെട്ടത്. ഇവരെ തഴയാനുള്ള കാരണം എന്താണെന്നത് ഇതുവരെ ഇടതുപക്ഷ നേതൃത്വം വ്യക്തമാക്കിയിട്ടില്ല. ആന്റണി രാജുവിനെ പോലുള്ള ഒരാളെ മന്ത്രിയാക്കാമെങ്കില്‍ എന്താണ് മോഹനന്റെയും കുഞ്ഞുമോന്റെയും അയോഗ്യത എന്നതിന് സി. പി.എം നേതൃത്വം മറുപടി പറയണം. ഒന്നുകില്‍ ചെറുകിട പാര്‍ട്ടികളെ എല്ലാം ഒഴിവാക്കി നിര്‍ത്തണം, അതല്ലെങ്കില്‍ എല്ലാവരെയും ഒരു പോലെ പരിഗണിക്കണം. അതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിക്കേണ്ട നിലപാട്. ദൗര്‍ഭാഗ്യവശാല്‍ അതിവിടെ സംഭവിച്ചിട്ടില്ല. അതുകൊണ്ടാണ് മുന്നണിയെ നാണംകൊടുത്തുന്ന ഇത്തരം ആരോപണങ്ങളും ഇടതുപക്ഷത്തിന് ഇപ്പോള്‍ നേരിടേണ്ടി വരുന്നത്.
Political Reporter
വീഡിയോ കാണാം