ശരീരത്തിൽ കാത്സ്യം കുറവാണോ? എങ്ങനെ തിരിച്ചറിയാം

ശരീരത്തിൽ കാത്സ്യം കുറവാണോ? എങ്ങനെ തിരിച്ചറിയാം
ശരീരത്തിൽ കാത്സ്യം കുറവാണോ? എങ്ങനെ തിരിച്ചറിയാം

രീരത്തിനും എല്ലുകള്‍ക്കും പല്ലുകള്‍ക്കും ഏറ്റവും ആവശ്യമാണ് കാത്സ്യം. പല കാരണങ്ങള്‍ കൊണ്ടും ശരീരത്തില്‍ കാത്സ്യം കുറയാം. ഇത്തരത്തില്‍ ശരീരത്തിൽ കാത്സ്യം കുറയുമ്പോൾ അത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. ഹൃദയത്തിന്റെയും പേശികളുടെയും ശരിയായ പ്രവര്‍ത്തനത്തിനും കാത്സ്യം പ്രധാനമാണ്.

പേശികള്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളാണ് കാത്സ്യം കുറഞ്ഞതിന്‍റെ പ്രധാന സൂചന. പേശിവലിവ്, കൈ-കാല്‍ മരവിപ്പ്, നടക്കുമ്പോഴോ ചലിക്കുമ്പോഴോ തുടകള്‍ക്കും കൈകള്‍ക്കും വേദനയും അനുഭവപ്പെടുക തുടങ്ങിയവ കാത്സ്യം കുറവിന്‍റെ ലക്ഷണങ്ങളാണ്. എല്ല് തേയ്മാനം അഥവാ ഓസ്റ്റിയോപൊറോസിസ് സാധ്യത കൂടാനും ഇത് കാരണമാകും. ദന്തക്ഷയം, പൊട്ടുന്ന പല്ലുകൾ, പല്ലുകള്‍ പെട്ടെന്ന് കേടാവുക, പല്ലിന്‍റെ ഇനാമലിന് ഉണ്ടാകുന്ന മറ്റ് പ്രശ്നങ്ങള്‍ തുടങ്ങിയവയും കാത്സ്യം കുറവിന്‍റെ ലക്ഷണമാകാം. നഖങ്ങളുടെ ആരോഗ്യത്തിനും വേണ്ട ധാതുവാണ് കാത്സ്യം. പെട്ടെന്ന് പൊട്ടുന്നതുമായ നഖങ്ങൾ പലപ്പോഴും കാത്സ്യത്തിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം. അതുപോലെ വരണ്ട നഖങ്ങൾ, വരണ്ട ചർമ്മം, പരുക്കൻ തലമുടി, ചർമ്മത്തിലെ ചൊറിച്ചിൽ തുടങ്ങിയവയൊക്കെ കാത്സ്യം കുറവ് മൂലം ഉണ്ടാകാം.

ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കിലും കാത്സ്യത്തിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമായും അമിത ക്ഷീണം ഉണ്ടാകാം. കാത്സ്യത്തിന്‍റെ കുറവ് മൂലം ചിലരില്‍ ഓര്‍മ്മക്കുറവ്, വിഷാദം, മറ്റ് മാനസിക പ്രശ്നങ്ങള്‍ തുടങ്ങിയവ ഉണ്ടാകാം. അതുപോലെ ചിലരില്‍ ഹാര്‍ട്ട് ബീറ്റ് കൂടുന്നതും കാത്സ്യം കുറയുന്നത് മൂലമാകാം. കാത്സ്യം കുറഞ്ഞാല്‍ സ്ത്രീകളില്‍ ആര്‍ത്തവ പ്രശ്നങ്ങളും ഉണ്ടാകാം.

കാത്സ്യത്തിന്‍റെ കുറവിനെ പരിഹരിക്കാന്‍ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. പാല്‍, തൈര്, ചീസ്, യോഗര്‍ട്ട്, ഇലക്കറികള്‍, മുട്ട, ബദാം, ബദാം പാല്‍, സോയാ മില്‍ക്ക്, എള്ള്, ചിയ വിത്തുകള്‍, ബീന്‍സ്, മത്സ്യം, നട്സ് തുടങ്ങിയവയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Top