എല്ലാ രോഗങ്ങളും ഗുരുതരമാകും മുൻപ് തന്നെ നമ്മുടെ ശരീരം പല തരത്തിലുള്ള സൂചനകളും നല്‍കും. എന്നാല്‍ പലരും അവയെ പാടേ അവഗണിക്കുകയോ അതിനെ വേണ്ടവിധം ഗൗരവമായി കാണാതെയിരിക്കുകയോ ചെയ്യാറുണ്ട്.
അത്തരത്തില്‍ നമ്മളിൽ പലരും അറിയാതെ പോകുന്ന ഒന്നാണ് തൊണ്ടയിലുണ്ടാകുന്ന ക്യാന്‍സര്‍. മൂക്കിന് പിന്നില്‍ ആരംഭിച്ച് കഴുത്തില്‍ അവസാനിക്കുന്ന പേശികളുടെ ഒരു കുഴലാണ് തൊണ്ട എന്ന് പറയുന്നത്. ഇവിടെ ഉണ്ടാകുന്ന കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് തൊണ്ടയിലെ ക്യാന്‍സര്‍ എന്ന രോഗം. അമിതമായുള്ള മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് പലപ്പോഴും തൊണ്ടയിലെ അര്‍ബുദത്തിന് കാരണമാകുന്നത്.
Also Read: കല്ലുപ്പ് ഒരു കില്ലാഡി തന്നെ! അറിയാം ഗുണങ്ങള്‍
കരുതൽ എടുക്കാൻ ലക്ഷണങ്ങൾ അറിയണം
പതിയെ ആണെങ്കിലും ശബ്ദം പരുക്കനാകുക, ശബ്ദത്തിലെ പെട്ടെന്നുള്ള മാറ്റം, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, കഴുത്തിനുവശത്തെ വീക്കം തുടങ്ങിയവയാണ് ആരംഭത്തിലുള്ള രോഗലക്ഷണങ്ങള്‍. എന്നാൽ വിട്ടുമാറാത്ത സ്ഥിരമായ തൊണ്ടവേദനയും ചിലപ്പോള്‍ ക്യാന്‍സറിന്റെ സൂചനയാകാം. കടുത്ത ചുമ, ചുമയ്ക്കുമ്പോൾ രക്തം കാണുക, ശ്വാസത്തിലുള്ള തടസം, തൊണ്ടയില്‍ എന്തോ തടഞ്ഞിരിക്കുന്നതുപോലെ തോന്നുക, തൊണ്ടയിലെ വീക്കം തുടങ്ങിയവയും ഇതിന്റെ സൂചനകളാകാം.
ചിലരില്‍ ഇതോടൊപ്പം ചെവി വേദനയുണ്ടാകാം. തൊണ്ടയിലെ ക്യാന്‍സര്‍ ചിലപ്പോള്‍ ചെവിയിലേക്കുള്ള രക്തക്കുഴലുകളെ സമ്മര്‍ദത്തില്ലാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കുന്ന ചെവി വേദനയെയും അവഗണിക്കരുത് . തൊണ്ടയില്‍ മാറാതെ നില്‍ക്കുന്ന മുറിവോ മുഴയോ ഉണ്ടെങ്കിലും അത് ശ്രദ്ധിക്കണം. 15-20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വായിലെ മുറിവുകള്‍ ഉണങ്ങുന്നില്ലെങ്കില്‍ ഉറപ്പായും ഒരു ഡോക്ടറെ കാണുക.
Also Read: കരുതിയിരിക്കണം, ക്രോണിക് കിഡ്‌നി അകാല മരണത്തിനു കാരണമാവാം..!
മൂക്കില്‍ നിന്ന് ഉണ്ടാവുന്ന രക്തസ്രാവം, വിട്ടു മാറാത്ത മൂക്കടപ്പ്, കാരണമില്ലാതെ ശരീരഭാരം കുറയുന്നതും, നിരന്തരമായ സൈനസ് അണുബാധ, ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന തുടങ്ങിയവും ശ്രദ്ധിക്കാതെ പോകരുത്.
ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.