യുദ്ധത്തിന് ചരടുവലിക്കുന്നത് അമേരിക്ക, ലക്ഷ്യം മൂന്നാം ലോക മഹായുദ്ധമോ ?

സംഘര്‍ഷം കൊണ്ടുണ്ടാക്കിയ നേട്ടങ്ങളുടെ കണക്ക് ഇനിയും കൂട്ടാനുള്ള പരോക്ഷമായ ശ്രമം മാത്രമാണ് അമേരിക്കയുടെ ലക്ഷ്യം

യുദ്ധത്തിന് ചരടുവലിക്കുന്നത് അമേരിക്ക, ലക്ഷ്യം മൂന്നാം ലോക മഹായുദ്ധമോ ?
യുദ്ധത്തിന് ചരടുവലിക്കുന്നത് അമേരിക്ക, ലക്ഷ്യം മൂന്നാം ലോക മഹായുദ്ധമോ ?

ലെബനനില്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകവെ സര്‍വസന്നാഹങ്ങളുമായി മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള അന്തിമശ്രമമാണ് അമേരിക്ക ഇപ്പോള്‍ നടത്തുന്നത്. ലെബനനില്‍ അധിനിവേശം നടത്തുന്നതിന് സജ്ജരാകാന്‍ ഇസ്രയേലിന്റെ സൈനിക മേധാവി സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയതോടെ പശ്ചിമേഷ്യയിലെ അശാന്തി ഇനിയും വര്‍ധിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. അമേരിക്കയുടെ നീക്കങ്ങളില്‍ പോലും അത് വ്യക്തമാണ്. ഹിസ്ബുള്ളയ്ക്കെതിരായ വ്യോമാക്രമണം സമ്പൂര്‍ണ അധിനിവേശത്തിലെ പര്യവസാനിക്കൂ എന്ന കടുംപിടുത്തത്തിലാണ് ഇസ്രയേല്‍. ലെബനന്‍ തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ കടന്നുപോകുമ്പോള്‍ കരയുദ്ധത്തിലേക്കുള്ള ഇസ്രയേലിന്റെ നീക്കം യുദ്ധം മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ്. ഇതിനായി ഡസന്‍ കണക്കിന് സൈനികരെയാണ് അമേരിക്ക സൈപ്രസിലേക്ക് വിന്യസിച്ചിരിക്കുന്നത്.

Also Read: ലോകം ഭീതിയിൽ, റഷ്യയുടെ അവസാന മുന്നറിയിപ്പ്, ആണവായുധം പ്രയോഗിക്കാൻ അണിയറയിൽ നീക്കം ?

പ്രദേശത്തെ അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പല രഹസ്യ പദ്ധതികളും സൈപ്രസിലെ അമേരിക്കന്‍ സൈനികര്‍ നടത്തിവരുന്നുണ്ട്. എന്നാല്‍ ലോകരാജ്യങ്ങളുടെ മുന്നില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തും ഇസ്രയേലിന് സമ്പൂര്‍ണ സഹായം വാഗ്ദാനം ചെയ്തുമുള്ള അമേരിക്കയുടെ ഇരട്ടത്താപ്പ് നയം ഇനിയും ലോകരാജ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. 40,000 അമേരിക്കന്‍ സൈനികരെയാണ് നിലവില്‍ പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. എന്നാല്‍ മിഡില്‍ ഈസ്റ്റിലേക്ക് എത്ര അമേരിക്കന്‍ സൈനികരെ ഇനിയും അയയ്ക്കുമെന്നതിനെക്കുറിച്ചുള്ള യാതൊരു വിവരവും ഇതുവരെ പെന്റഗണ്‍ പ്രസ് സെക്രട്ടറി മേജര്‍ ജനറല്‍ പാട്രിക് റൈഡര്‍ പങ്കുവെച്ചിട്ടില്ല. അമേരിക്കന്‍ സൈനികര്‍ക്ക് മിഡില്‍ ഈസ്റ്റില്‍ എന്ത് ഉത്തരവാദിത്തമാണ് നല്‍കുകയെന്നതും കണ്ടുതന്നെ അറിയണം.

USS Abraham Lincoln

എന്നാല്‍ അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് ട്രൂമാനും രണ്ട് ഡിസ്‌ട്രോയറുകളും (യുദ്ധക്കപ്പല്‍) ഒരു ക്രൂയിസറും വിര്‍ജീനിയയിലെ നോര്‍ഫോക്ക് നേവല്‍ ബേസില്‍ നിന്ന് മിഡില്‍ ഈസ്റ്റിലേക്ക് പുറപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.അമേരിക്കയുടെ മറ്റൊരു വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ നിലവില്‍ ഒമാന്‍ ഉള്‍ക്കടലില്‍ പട്രോളിങ് നടത്തുന്നുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും അമേരിക്കയ്ക്ക് ഒരേസമയം രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ വിന്യസിക്കാന്‍ സാധിക്കും എന്ന നിലയിലാണ് കാര്യങ്ങള്‍. അതായത് ഒരു മൂന്നാംലോക മഹായുദ്ധത്തിലേക്ക് അമേരിക്കയും കച്ചമുറുക്കി കഴിഞ്ഞു എന്നുസാരം. അതേസമയം ഇസ്രയേലിനെ ലക്ഷ്യമിട്ട് യെമനും രംഗത്തുവന്നു കഴിഞ്ഞു. എന്നാല്‍ തങ്ങളുടെ എയര്‍ ഡിഫന്‍സ് സിസ്റ്റം മിസൈല്‍ ആക്രമണത്തെ പ്രതിരോധിച്ചതായി ഇസ്രയേലിന്റെ പ്രതിരോധസേന അവകാശപ്പെടുന്നു.

Also Read: ഹിസ്ബുള്ളയുടെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ പ്രതികാരം വളരുന്നു

മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷം കണക്കിലെടുത്ത് മേഖലയില്‍ സൈനിക സേനയെ വര്‍ധിപ്പിക്കുകയാണെന്ന മേജര്‍ ജനറല്‍ പാട്രിക് റൈഡറുടെ പ്രസ്താവനയും, ഏത് അടിയന്തര സാഹചര്യത്തിലും ഇസ്രയേലിനെ സഹായിക്കാന്‍ തയ്യാറാണെന്ന മുന്നറിയിപ്പും ഈ യുദ്ധ സന്നാഹത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. എന്നിട്ടും യുദ്ധം ഒഴിവാക്കുന്നതിന് തങ്ങളാല്‍ കഴിയുന്നതെന്തും ചെയ്യാമെന്നാണ് അമേരിക്കന്‍ നിലപാട്. അതേസമയം, സംഘര്‍ഷം പൂര്‍ണയുദ്ധത്തിലേക്ക് വഴിമാറിയേക്കാമെന്ന സാഹചര്യം നിലനില്‍ക്കെത്തന്നെ ബെയ്റൂട്ടിലെ തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാനും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. താല്‍ക്കാലിക വെടിനിര്‍ത്തലിന് അമേരിക്കയ്ക്ക് പുറമെ ഓസ്ട്രേലിയ, കാനഡ, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുകെ, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

Patrick S. Ryder

എന്നാല്‍ നയതന്ത്ര പരിഹാരം എന്ന അമേരിക്കയുടെയും ഫ്രാന്‍സിന്റെയും നിര്‍ദേശം തള്ളിയ ഇസ്രയേല്‍, ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഉള്‍പ്പെടെ ആക്രമണം കടുപ്പിച്ച് നരനായാട്ട് തുടരുകയാണ്. ബെയ്‌റൂട്ടിലെ അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള ഡ്രോണ്‍ കമാന്‍ഡര്‍ മുഹമ്മദ് ഹുസൈന്‍ സുറൂറിനെ വധിച്ചതായും ഇസ്രയേല്‍ അവകാശപ്പെട്ടു. എന്നാല്‍, ഹിസ്ബുള്ള ഇതിനോട് പ്രതികരിച്ചിട്ടില്ല. തെക്കന്‍ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലുള്ള അല്‍ മനാര്‍ ടി.വി. സ്റ്റേഷന് നേരെയും ഇസ്രയേല്‍ ആക്രമണം നടത്തി. വ്യോമാക്രമണം തുടരുന്നതിനാല്‍ ലെബനനിലേക്ക് പോകരുതെന്ന് ചൈനയും ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇറ്റലി, ബെല്‍ജിയം, യു.കെ, റഷ്യ, ഇന്ത്യ, ഓസ്ട്രേലിയ, മലേഷ്യ എന്നീ രാജ്യങ്ങളും പൗരന്മാര്‍ക്ക് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.

Also Read: മോദി സന്ദർശനത്തിനും മുന്‍പേ അമേരിക്കയുടെ രഹസ്യ ചർച്ച; ഇത് പ്രകോപനമോ നയതന്ത്രമോ?

വെടിനിര്‍ത്തല്‍ വാര്‍ത്ത തെറ്റാണെന്ന് ആവര്‍ത്തിക്കുന്ന ഇസ്രയേല്‍ തങ്ങളുടെ സര്‍വ സന്നാഹവും ഉപയോഗിച്ച് പോരാടാനുള്ള നീക്കത്തിലാണ്. കരയുദ്ധത്തിന് ഒരുങ്ങുകയാണെന്ന് ഇസ്രയേല്‍ ആവര്‍ത്തിച്ചതിന് പിന്നാലെയാണ് വെടിനിര്‍ത്തണമെന്ന് അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പുതിയ കടുംപിടുത്തത്തോടെ വെടിനിര്‍ത്തല്‍ പ്രതീക്ഷകള്‍ പാടെ അസ്തമിക്കുകയാണ്. രണ്ട് പതിറ്റാണ്ടിനിടെ ഇസ്രയേലും ലെബനന്‍ ആസ്ഥാനമായുള്ള ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റവും വലിയ സംഘര്‍ഷം ശമിപ്പിക്കാനുള്ള ശ്രമത്തില്‍ സമ്പൂര്‍ണ പരാജയം നേരിട്ട അമേരിക്ക ഇനി എന്ത് മറിമായം കാണിക്കുമെന്ന് കണ്ടറിയണം.

Benjamin Netanyahu

സംഘര്‍ഷം കൊണ്ടുണ്ടാക്കിയ നേട്ടങ്ങളുടെ കണക്ക് ഇനിയും കൂട്ടാനുള്ള പരോക്ഷമായ ശ്രമം മാത്രമാണ് അമേരിക്കയുടെ ലക്ഷ്യം. എന്നിരുന്നാലും ഒരു പൂര്‍ണ്ണതോതിലുള്ള യുദ്ധത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെങ്കിലും ലെബനനിലേക്കും പുറത്തേക്കുമുള്ള വ്യോമാക്രമണങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ഇസ്രയേലിനും ഹിസ്ബുള്ളയ്ക്കും മേല്‍ ബൈഡന്‍ ഭരണകൂടം അടിയന്തരമായി സമ്മര്‍ദ്ദവും ചെലുത്തുന്നുണ്ട്. ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയിലെ പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളുടെ പര്യവസാനം എന്തായിരിക്കുമെന്ന് കണ്ടുതന്നെ അറിയണം.

MINNU WILSON

വീഡിയോ കാണാം

Top