കമലാ ഹാരിസിനെ പിന്തള്ളി അമേരിക്കൻ തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് അധികാരം കയ്യടക്കിയതിന്റെ പ്രതിഫലനം ഇന്ത്യയിലും കണ്ട് തുടങ്ങി. 640ഓളം പോയിന്റ് കുതിച്ച് 80,115 വരെയെത്തിയിരിക്കുകയാണ് ഇന്ത്യൻ ഓഹരി വിപണി. 24,308ൽ തുടങ്ങിയ നിഫ്റ്റി ഇന്ന് 24,415 വരെയും ഉയർന്നു. ഇന്നത്തെ നേട്ടത്തിൽ ഭൂരിപക്ഷവും കൊയ്തത് ഐടി കമ്പനികളാണ്. ഇന്ത്യൻ ഐടി കമ്പനികളുടെ മുഖ്യ വിപണിയാണ് അമേരിക്ക.
ട്രംപ് അധികാരത്തിൽ വന്നാൽ കോർപ്പറേറ്റ് നികുതി കുറച്ചേക്കുമെന്ന വിലയിരുത്തലുകളുമുണ്ട്. ട്രംപിന് സാധ്യത വർധിച്ചത് മുതലാണ് അമേരിക്കൻ ഓഹരിവിപണികളായ ഡൗ ഡോൺസ്, നാസ്ഡാക്, എസ് ആൻഡ് പി 500 എന്നിവ ഒരു ശതമാനത്തിലധികം ഉയർന്നത്. അതേസമയം, ട്രംപ് അധികാരത്തിലെത്തിയാൽ അത് ചൈനയുമായുള്ള വ്യാപാരപ്പോരിന് ആക്കം കൂട്ടാനും സാധ്യതയുണ്ട്. ചൈനയെ കൈവിടുന്ന കമ്പനികൾ ഇന്ത്യയിൽ നിക്ഷേപവും സാന്നിധ്യവും കൂട്ടിയാൽ അതും ഇന്ത്യക്ക് നേട്ടമായിരുക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം.
Also Read: അമേരിക്കയിൽ ഇനി ട്രംപ് യുഗം; സെനറ്റിലും റിപ്പബ്ലിക്കൻ ആധിപത്യം
ഐടിയുടെ സാന്നിധ്യം
അമേരിക്കയാണ് ഇന്ത്യൻ ഐടി കമ്പനികളുടെ മുഖ്യവിപണി. ട്രംപ് അധികാരത്തിൽ വന്നാൽ കോർപ്പറേറ്റ് നികുതി കുറച്ചേക്കുമെന്ന വിലയിരുത്തലുകളും നേട്ടമാണ്. അതേസമയം, നിഫ്റ്റി ഐടി സൂചിക ഇന്ന് 3.30 ശതമാനം ഉയർന്നു. നിഫ്റ്റി റിയൽറ്റി, നിഫ്റ്റി പൊതുമേഖലാ ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ്, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ 1.6% വരെയും ഉയർന്നിട്ടുണ്ട്. ഇന്ത്യ വിക്സ് സൂചിക 6.24% ഇടിഞ്ഞത് നിക്ഷേപകർക്കിടയിൽ ആശങ്കയൊഴിയുന്നു എന്നാണ് സൂചിപ്പിക്കുന്നത്. നിഫ്റ്റി 50ൽ 3.67% ഉയർന്ന് ഡോ.റെഡ്ഡീസ് ലാബ് ആണ് നേട്ടത്തിൽ മുന്നിൽ ഉള്ളത്. സെപ്റ്റംബർപാദ ലാഭം 9.5%, വരുമാനം 16.5% എന്നിങ്ങനെ ഉയർന്നത് കമ്പനിക്ക് ആവേശമാണ്. നേട്ടത്തിൽ 3.25-3.57% കുതിച്ച് തൊട്ടുപിന്നിലുള്ളത് ടിസിഎസ് , വിപ്രോ, എച്ച്സിഎൽടെക്, ഇൻഫോസിസ് എന്നിവയാണ്. ടൈറ്റൻ, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ്, ടാറ്റാ സ്റ്റീൽ എന്നിവയും 1.20-2.86% താഴ്ന്ന് നിഫ്റ്റി 50ൽ നഷ്ടത്തിൽ മുന്നിലുണ്ട്.
സെൻസെക്സിന്റെ കുതിപ്പ്
എച്ച്സിഎൽ ടെക് ആണ് സെൻസെക്സിൽ 3.52% ഉയർന്ന് നേട്ടത്തിൽ മുന്നിലുള്ളത്. തൊട്ടുപിന്നാലെ 1.3 മുതൽ 3.46% വരെ ഉയർന്ന് ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, അദാനി പോർട്സ്, മാരുതി സുസുക്കി, എസ്ബിഐ എന്നിവയുണ്ട്. ടൈറ്റൻ ആണ് 2.89% താഴ്ന്ന് നഷ്ടത്തിൽ മുന്നിൽ. ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റാ സ്റ്റീൽ, പവർഗ്രിഡ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവയും നഷ്ടത്തിലാണുള്ളത്.
Also Read: അമേരിക്കയെ പോലും വിറപ്പിച്ച് പശ്ചിമേഷ്യയിലെ വന് ശക്തിയായി ഇറാന് മാറുമ്പോള്
അമ്പമ്പോ നിക്ഷേപക സമ്പത്തിൽ 4 ലക്ഷം കോടി രൂപയുടെ വർധന
നിക്ഷേപക സമ്പത്തിൽ (ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം) 4 ലക്ഷം കോടി രൂപയുടെ വർധനയ്ക്കാണ് ഓഹരികളുടെ ഇന്നത്തെ നേട്ടം സഹായിച്ചത്. 444.88 ലക്ഷം കോടി രൂപയിൽനിന്ന് 448.95 ലക്ഷം കോടി രൂപയായാണ് ഇന്നുണ്ടായ വളർച്ച.
കേരളത്തിൽ മുന്നേറിയത്
കല്യാൺ ജ്വല്ലേഴ്സ് ആണ് കേരളത്തിൽ നിന്നുള്ള ലിസ്റ്റഡ് കമ്പനികളിൽ ഇന്ന് കൂടുതൽ മുന്നേറുന്നത്. 5.12% ശതമാനമാണ് ഇതിന്റെ നേട്ടം. എംഎസ്സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് ഇൻഡെക്സിൽ ഇടംപിടിക്കുന്നതും അതുവഴി അധികമായി 21 കോടി ഡോളറിന്റെ 1,770 കോടി രൂപയുടെ (21 കോടി ഡോളർ) അധിക നിക്ഷേപം ഓഹരികളിലേക്ക് എത്തുമെന്ന വിലയിരുത്തലുമാണ് കല്യാൺ ജ്വല്ലേഴ്സ് ഓഹരി നിക്ഷേപകരെ ഇന്ന് ആവേശത്തിലാക്കിയത്.
ഇന്ന് സെപ്റ്റംബർപാദ പ്രവർത്തനഫലം പുറത്തുവിടുന്ന പ്രൈമ അഗ്രോ ആണ് 5.46% ഉയർന്ന് രണ്ടാമതുള്ളത്. ടിസിഎം 4.96%, കെഎസ്ഇ 4.82% എന്നിങ്ങനെയും ഉയർന്നു. ഡബ്ല്യുഐപിഎൽ, റബ്ഫില, പോപ്പുലർ വെഹിക്കിൾസ്, ജിയോജിത്, ഈസ്റ്റേൺ, വെർട്ടെക്സ്, ഫാക്ട് എന്നിവയും 2-3.5% നേട്ടത്തിലാണുള്ളത്. സഫ സിസ്റ്റംസ്, ആഡ്ടെക്, സോൾവ് പ്ലാസ്റ്റിക്, മുത്തൂറ്റ് മൈക്രോഫിൻ എന്നിവയാണ് 3-5% ഇടിഞ്ഞ് നഷ്ടത്തിൽ മുന്നിൽ. മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, കൊച്ചിൻ മിനറൽസ്, വണ്ടർല, വി-ഗാർഡ് എന്നിവയും ചുവന്നാണിരിക്കുന്നത്.