CMDRF

ആഭ്യന്തരക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കി ഇഷാൻ കിഷൻ

ആഭ്യന്തരക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കി ഇഷാൻ കിഷൻ
ആഭ്യന്തരക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കി ഇഷാൻ കിഷൻ

ചെന്നൈ: ആഭ്യന്തരക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. ദുലീപ് ട്രോഫിക്ക് മുന്നോടിയായി നടക്കുന്ന ബുച്ചി ബാബു ടൂർണമെന്റിൽ ജാർഖണ്ഡിനായി മിന്നും പ്രകടനമാണ് ഇഷാൻ കാഴ്ച വെച്ചത്. മധ്യപ്രദേശിനെതിരെ വെടിക്കെട്ട് സെഞ്ച്വറി നേടിയാണ് ജാർഖണ്ഡ് നായകനായ ഇഷാൻ തിരിച്ചുവരവ് ഗംഭീരമാക്കിയത്.

മധ്യപ്രദേശിനെതിരായ പോരാട്ടത്തിന്റെ ഒന്നാം ഇന്നിങ്‌സിലായിരുന്നു താരം സെഞ്ച്വറി തികച്ചത്. രണ്ടാം ദിനം ടീമിൽ ആറാമനായി ക്രീസിലെത്തിയ ഇഷാൻ 86 പന്തുകളിലാണ് മൂന്നക്കം തികച്ചത്. ആദ്യ 61 പന്തുകളിൽ അർദ്ധ സെഞ്ച്വറിയിലെത്തിയ താരം പിന്നീടുള്ള 25 പന്തിൽ സെഞ്ച്വറി തികച്ചു. തുടർച്ചയായ രണ്ട് സിക്‌സറുകൾ പറത്തിയാണ് ഇഷാൻ സെഞ്ച്വറിയിലെത്തിയത്. മത്സരത്തിൽ 107 പന്തുകൾ നേരിട്ട് പത്ത് സിക്‌സും അഞ്ച് ബൗണ്ടറിയും ഉൾപ്പടെ 114 റൺസാണ് ഇഷാന്റെ സമ്പാദ്യം.

വിക്കറ്റിന് പിന്നിലും ഇഷാൻ തിളങ്ങുകയുണ്ടായി. മധ്യപ്രദേശിന്റെ ആദ്യ ഇന്നിങ്‌സിൽ നാല് ക്യാച്ചുകളാണ് വിക്കറ്റ് കീപ്പറായ ഇഷാൻ നേടിയത്. ആഭ്യന്തരക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് മത്സരത്തിൽ ബാറ്റിങ്ങിനൊപ്പം കീപ്പിങ്ങിലും ഇഷാൻ തിളങ്ങിയത് ഇന്ത്യൻ ആരാധകർക്ക് വലിയ ആവേശമാണ് സമ്മാനിച്ചിരിക്കുന്നത്. നിർണായക പ്രകടനത്തോടെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് പ്രതീക്ഷകളും ശക്തമാക്കിയിരിക്കുകയാണ് ഇഷാൻ. ഇഷാൻ ഫോമിലെത്തിയത് മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിനും ഭീഷണിയാകുമെന്ന് ഉറപ്പാണ്.

നേരത്തെ കഴിഞ്ഞ രഞ്ജി ട്രോഫി ക്രിക്കറ്റിൽ വിട്ടുനിന്നത് താരത്തിന് വലിയ തിരിച്ചടിയായിരുന്നു. ബിസിസിഐ ആവശ്യപ്പെട്ടിട്ടും രഞ്ജി ട്രോഫി കളിക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് താരത്തിന് കരാർ നഷ്ടപ്പെടുകയും പിന്നാലെ ടീമിൽ നിന്ന് പുറത്തുപോവേണ്ടിവരികയും ചെയ്തിരുന്നു. കിഷൻ ടീമിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആഭ്യന്തര മത്സരങ്ങളിൽ കളിക്കുകയും പ്രകടനം നടത്തുകയും ചെയ്യണമെന്ന് അന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്ന രാഹുൽ ദ്രാവിഡ് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം നവംബറിൽ ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ടി20 യിലാണ് കിഷൻ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. തുടർന്നുള്ള ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ താരത്തെ ഉൾപ്പെടുത്തിയെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ ടെസ്റ്റ് പരമ്പരയിൽ നിന്ന് വിട്ടുനിന്നു. ആ സമയത്ത് തന്നെ രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ഇഷാൻ തീരുമാനമെടുത്തു. ഈ സമയത്ത് ഐ പി എൽ മത്സരങ്ങളുടെ ഭാ​ഗമായി മുംബൈ ഇന്ത്യൻസിനൊപ്പം പരിശീലനം തുടങ്ങിയ ഇഷാന്റെ നടപടി വാർത്തയായിരുന്നു. തുടർന്നാണ് ഇഷാനെ കേന്ദ്ര കരാർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്ന നടപടിയിലേക്ക് ബിസിസിഐയെ നയിച്ചത്.

Top