കാസര്‍കോട്: കീഴൂര്‍ ഹാര്‍ബറിന് സമീപം കാണാതായ യുവാവിനായുള്ള തിരച്ചിലിനായി ഈശ്വര്‍ മാല്‍പെയും സംഘവും. പ്രദേശത്ത് 25 അടി താഴ്ചയുണ്ടെന്നും ആദ്യ ഘട്ട തെരച്ചിലില്‍ യുവാവിനെ കണ്ടെത്താനായില്ലെന്നും മാല്‍പെ മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയാണ് ചെമ്മനാട് കല്ലുവളപ്പ് സ്വദേശിയും പ്രവാസിയുമായ മുഹമ്മദ് റിയാസിനെ കാണാതായത്.
വിദേശത്ത് ജോലി ചെയ്യുന്ന റിയാസ് ഒരുമാസം മുന്‍പാണ് നാട്ടിലെത്തിയത്. ശനിയാഴ്ച മീന്‍ പിടിക്കാനെത്തിയ റിയാസ് ഏറെ വൈകിയിട്ടും വീട്ടിലെത്താതിരുന്നതോടെയാണ് കുടുംബം അന്വേഷണത്തിനായെത്തിയത്. പ്രദേശത്ത് നിന്നും റിയാസിന്റെ ബാഗും വാഹനവും കുടുംബം കണ്ടെത്തിയിരുന്നു. കഴിഞ്ഞ അഞ്ച് ദിവസവും തുടര്‍ച്ചയായി പ്രദേശവാസികളും കുടുംബവും തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല.
700 മീറ്ററോളം താഴ്ചയില്‍ അന്വേഷിച്ചു. യുവാവിനെ കണ്ടെത്താനായില്ല. അഞ്ച് ദിവസം പിന്നിട്ടതിനാല്‍ യുവാവ് മരണപ്പെട്ടിട്ടുണ്ടാകാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ യുവാവ് വീണുവെന്ന് പറയപ്പെടുന്ന സ്ഥലത്തുനിന്നും ദൂരേക്ക് മൃതദേഹം നീങ്ങിയിട്ടുണ്ടാകാനാണ് സാധ്യതയെന്നും മാല്‍പെ പറഞ്ഞു.