കോഴിക്കോട്: ഒരു മാസവും മൂന്ന് ദിവസങ്ങളും പിന്നിട്ടു… കലങ്ങി മറിഞ്ഞൊഴുകിയ ഗംഗാവലി പുഴ തെളിഞ്ഞൊഴുകി തുടങ്ങി… കണ്ണാടിക്കലിലെ അർജുന്റെ വീട്ടിൽ കലങ്ങി മറിഞ്ഞ ഹൃദയവുമായി അച്ഛനും അമ്മയും ഭാര്യയും മകനും കുടുംബവുമുണ്ട്. നിലവിലെ സാഹചര്യമറിയിക്കാൻ, കുടുംബത്തിന് ധൈര്യം പകരാൻ കർണാടകയിൽ നിന്ന് ഈശ്വർ മാൽപെ അർജുന്റെ വീട്ടിലെത്തിയപ്പോഴും ആ അമ്മ ചോദിച്ചു… എന്റെ മകനെ കണ്ടെത്തില്ലേ ?
കുടുംബം പോറ്റാൻ 20-ാമത്തെ വയസ്സിൽ വളയം പിടിച്ച അർജുൻ അനിയത്തിയുടെ വിവാഹ നിശ്ചയം നടത്തണം, മകനെ മൂകാംബികയിൽ എഴുത്തിനിരുത്തണം എന്നിങ്ങനെ ഒരുപാട് സ്വപ്നങ്ങളുമായാണ് അവസാനം വീട്ടിൽ നിന്നും ഇറങ്ങിയത്. സ്വപ്നങ്ങൾക്ക് മേൽ അന്ന് ഒലിച്ചിറങ്ങിയ മണ്ണിനടിയിലെവിടോ മകനുണ്ടെന്ന് ഓർക്കുമ്പോൾ അമ്മയുടെ ഉള്ള് പിടയുന്നുണ്ട്.
ആ അമ്മയ്ക്കും കുടുംബത്തിനും അർജുനെ കണ്ടെത്തുമെന്ന് വാക്കുനൽകിയാണ് മാൽപെയുടെ മടക്കം.വെള്ളത്തിലിറങ്ങാനുള്ള അനുമതി ലഭിക്കാൻ പ്രയാസമുള്ള സാഹചര്യമാണ് ഉള്ളതെന്ന് മാൽപെ പറഞ്ഞു. 30 അടിയോളം താഴ്ചയിൽ മണ്ണടിഞ്ഞത് നീക്കണം, ഡ്രെഡ്ജിങ് മെഷീൻ ഉപയോഗിച്ച് കൊണ്ടുള്ള തെരച്ചിൽ ആണ് ഇനി വേണ്ടത്.
മെഷീൻ എത്താൻ ഇനിയും വൈകും എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിനായി ഫണ്ട് ഇല്ലാത്ത രീതിയിലാണ് കർണാടക സർക്കാരിന്റെ ഇടപെടലെന്നും ഇനിയും വൈകിയാൽ കാലാവസ്ഥ വീണ്ടും പ്രതികൂലമാവുമെന്നും അദ്ദേഹം പറഞ്ഞു.