CMDRF

അർജുനായി ഈശ്വർ മാൽപെ ഗംഗാവലി പുഴയിലിറങ്ങി

അർജുനായി ഈശ്വർ മാൽപെ ഗംഗാവലി പുഴയിലിറങ്ങി
അർജുനായി ഈശ്വർ മാൽപെ ഗംഗാവലി പുഴയിലിറങ്ങി

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായിതിരച്ചിൽ നടത്താൻ ഈശ്വർ മാൽപെ ​ഗം​ഗാവലി പുഴയിലേക്ക് ഇറങ്ങി. മൂന്ന് ദിവസം തിരച്ചിൽ നടത്താനാണ് മാൽപ്പെക്ക് അനുമതി ലഭിച്ചിരിക്കുന്നത്. പുഴയിൽ അടിയൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് തിരച്ചിൽ തുടരാൻ തീരുമാനമായത്. നേവിക്ക് പുഴയിലെ ഡൈവിങിന് ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നൽകിയില്ലെന്നാണ് പുറത്ത് വരുന്നത്. അതേസമയം, എന്തുകൊണ്ടാണ് അനുമതി ലഭിക്കാത്തത് എന്നതിനെ കുറിച്ച് ഇതുവരേയും ഔദ്യോ​ഗിക വിവരം ലഭിച്ചിട്ടില്ല. 

നാളെ എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് അംഗങ്ങളും തിരച്ചിലിൽ പങ്കെടുക്കും. പുഴയിലെ അടിയൊഴുക്ക് രണ്ട് നോട്ടായി കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥയും അനുകൂലമാണ്. ഇന്നലെ നടത്തിയ പരിശോധനയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്നും സിഗ്നലുകള്‍ ലഭിച്ചിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചാവും ഇനി വിശദമായ പരിശോധന.

നേരത്തെ തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല. മണ്ണും വലിയ കല്ലുകളും മറ്റും പ്രദേശത്ത് അടിഞ്ഞുകൂടിയതാണ് തിരച്ചിലിന് തിരിച്ചടിയായത്. പുഴയിലെ അടിയൊഴുക്ക് കുറഞ്ഞതോടെയാണ് സംഘം വീണ്ടും പുഴയിലിറങ്ങുന്നത്. ദിവസങ്ങൾ നീണ്ട തിരച്ചിലിനിടെ ശക്തമായ അടിയൊഴുക്കുള്ള ഗംഗാവലി പുഴയിൽ ഉഡുപ്പി അക്വാമാൻ എന്നറിയപ്പെടുന്ന ഈശ്വർ മൽപെയിറങ്ങി തിരച്ചിൽ നടത്തിയത് ശ്രദ്ധേയമായിരുന്നു.

Top