കൊച്ചി: കളിക്കളത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇനി വരുന്ന സീസണുകളില്‍ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഐ എസ് എല്ലിന്റെ പതിനൊന്നാം സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ് ടീം അംഗങ്ങളെ ഔദ്യോഗികമായി കഴിഞ്ഞ ദിവസമാണ് പരിചയപ്പെടുത്തിയത്. കൊച്ചി ലുലുമാളിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പൂര്‍ണ സ്‌ക്വാഡിനെ പരിചയപ്പെടുത്തുന്ന മീറ്റ് ദി സ്റ്റാര്‍സ് ചടങ്ങ് സംഘടിപ്പിച്ചത്.
സീസണിന് മുന്നോടിയായി തിങ്കളാഴ്ചയാണ് കൊച്ചിയിലേക്ക് താരങ്ങള്‍ വന്നത്. കേരളത്തനിമയില്‍ മുണ്ടുടുത്താണ് താരങ്ങളും പരിശീലകരും മാളിലേക്ക് എത്തിയത്. മാളിന്റെ എല്ലാ നിലകളിലും ആരാധകര്‍ ആവേശത്തോടെ നിലയുറപ്പിച്ചിരുന്നു. നിറഞ്ഞ കൈയടികളോടെയും ആര്‍പ്പ് വിളികളോടെയുമാണ് ഓരോ താരത്തെയും ആരാധകര്‍ എതിരേറ്റത്.
Also Read: സൂപ്പർ ലീഗ് കേരള; ഇന്ന് കാലിക്കറ്റ് എഫ്‌സി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയെ നേരിടും
മലയാളി താരം രാഹുല്‍ കെപിയാണ് താരങ്ങളെ മുണ്ടുടുക്കാനും മടക്കി കുത്താനും പരിശീലിപ്പിച്ചത്. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഒഴികെ ഉള്ള എല്ലാ താരങ്ങളും ടീം ഒഫിഷ്യല്‍സും ചടങ്ങിനെത്തിയിരുന്നു. പുതിയ പരിശീലകന്‍ മൈക്കിള്‍ സ്റ്റാറേയ്ക്ക് കീഴില്‍ മഞ്ഞപ്പട മികച്ച തുടക്കമാണ് ആഗ്രഹിക്കുന്നത്.
സെപ്തംബര്‍ 13 നാണ് ഐ എസ് എല്‍ പതിനൊന്നാം സീസണ്‍ തുടങ്ങുന്നത്. സെപ്തംബര്‍ 15 ന് തിരുവോണ നാളിലാണ് മഞ്ഞപ്പടയുടെ ആദ്യ മത്സരം. കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയാണ് കൊമ്പന്മാരുടെ എതിരാളികള്‍. പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി ആരാധകര്‍ക്ക് ഓണസമ്മാനം നല്‍കാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.