CMDRF

ഐഎസ്എല്‍ സെമിഫൈനല്‍ ഫിക്‌സ്ചറായി; കരുത്തര്‍ ഏറ്റുമുട്ടും

ഐഎസ്എല്‍ സെമിഫൈനല്‍ ഫിക്‌സ്ചറായി; കരുത്തര്‍ ഏറ്റുമുട്ടും
ഐഎസ്എല്‍ സെമിഫൈനല്‍ ഫിക്‌സ്ചറായി; കരുത്തര്‍ ഏറ്റുമുട്ടും

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പത്താം സീസണിലെ സെമിഫൈനല്‍ ലൈനപ്പായി. മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റ്, മുംബൈ സിറ്റി, ഒഡീഷ എഫ്‌സി, എഫ്‌സി ഗോവ എന്നീ ടീമുകളാണ് സെമിഫൈനലില്‍ ഏറ്റുമുട്ടുന്നത്. ലീഗ് ഷീല്‍ഡ് ജേതാക്കളായ മോഹന്‍ബഗാനും രണ്ടാം സ്ഥാനക്കാരായ മുംബൈ സിറ്റിയും നേരത്തെ തന്നെ സെമി ബെര്‍ത്ത് ഉറപ്പിച്ചിരുന്നു. ബാക്കിയുള്ള രണ്ട് സ്ഥാനക്കാരെ കണ്ടെത്താനുള്ള നോക്ക്ഔട്ട് മത്സരങ്ങളില്‍ ഒഡീഷ എഫ്‌സി കേരളാ ബ്ലാസ്റ്റേഴ്‌സിനേയും എഫ്‌സി ഗോവ ചെന്നൈയിന്‍ എഫ്‌സിയേയും തോല്‍പ്പിച്ചു.

ഒഡീഷയിലെ കലിംഗയില്‍ നടന്ന ആദ്യ നോക്ക്ഔട്ട് മത്സരത്തില്‍ ഒന്നിനെതിരെ രണ്ട്‌ഗോളുകള്‍ക്കാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. ഇന്നലെ നടന്ന രണ്ടാം നോക്ക് ഔട്ട് മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയിനെ എഫ്‌സി ഗോവ വീഴ്ത്തിയത്. ഇരുപാദങ്ങളിലായാണ് സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കുക. സെമിഫൈനലില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍ ഹോം എവേ രീതിയില്‍ മത്സരിക്കും.

ഒഡീഷ എഫ്‌സിയും മോഹന്‍ബഗാന്‍ സൂപ്പര്‍ജയന്റും തമ്മിലുള്ള സെമിഫൈനലിന്റെ ആദ്യപാദ മത്സരം ഏപ്രില്‍ 23ന് നടക്കും.ഒഡീഷയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിലാണ്‌ അന്ന് മത്സരം. രണ്ടാം പാദ സെമിഫൈനല്‍ ഏപ്രില്‍ 28നാണ്. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് അന്ന് പോരാട്ടം. എഫ്‌സി ഗോവയും മുംബൈയും ഏറ്റുമുട്ടുന്ന ആദ്യപാദ സെമിഫൈനല്‍ മത്സരം ഏപ്രില്‍ 24നാണ് നടക്കുക. ഗോവയുടെ ഹോംഗ്രൗണ്ടിലാണ് ആദ്യപാദമത്സരം.ഏപ്രില്‍ 29നാണ് രണ്ടാം പാദ മത്സരം. മുംബൈ ഫുട്‌ബോള്‍ അരീനയാണ് വേദി. മെയ് നാലിനാണ് ഫൈനല്‍.

Top