കൊളോണിയല്‍ ഏഷ്യയിലെ വിദ്യാര്‍ത്ഥി കുടിയേറ്റത്തിന്റെ ചരിത്രം ആരംഭിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്. 1865 നും 1885 നും ഇടയില്‍ എഴുന്നൂറിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് വിദേശ പഠനമോഹവുമായി ബ്രിട്ടനിലേക്ക് ചേക്കേറിയത്. പിന്നീട് കാനഡ, ഓസ്‌ട്രേലിയ, യുകെ, അമേരിക്ക, ജപ്പാന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ രീതി വ്യാപിച്ചു. മെച്ചപ്പെട്ട ജീവിതനിലവാരം തന്നെയാണല്ലോ വിദ്യാര്‍ത്ഥികളെ ഇത്തരം നാടുകടക്കലിലേക്ക് ആകര്‍ഷിക്കുന്നതിന്റെ പ്രധാന ഘടകം. പൊതുവെ ഇത്തരം രാജ്യങ്ങളില്‍ പൗരത്വം ലഭിക്കുന്നതിനുള്ള ഒരു ചവിട്ടുപടിയായോ എളുപ്പമാര്‍ഗ്ഗമായോ ആണ് പലരും വിദ്യാഭ്യാസ കുടിയേറ്റത്തെ കണക്കാക്കുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരെത്തുന്ന രാജ്യമാണ് ബ്രിട്ടണ്‍. 2023 അവസാനം യുകെ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അരലക്ഷത്തിലധികം അഭയാര്‍ഥികളാണ് ആ വര്‍ഷം മാത്രം യുകെ യിലേക്ക് അനധികൃതമായി പ്രവേശിച്ചത്. 2022-നേക്കാള്‍ 17% കൂടുതലായിരുന്നു ഇത്. രാജ്യത്ത് അനധികൃതമായി തുടരുന്ന കുടിയേറ്റക്കാരുടെ എണ്ണം അതിലും എത്രയോ കൂടുതലാണ്. ഇതില്‍ 85% പേരും ഇംഗ്ലീഷ് ചാനല്‍ കടന്ന് ചെറുബോട്ടുകളിലാണ് രാജ്യത്തേക്കെത്തിയത്. ഇറാന്‍, അല്‍ബേനിയ, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ, ഇന്ത്യ, പാകിസ്താന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും അഭയാര്‍ഥികളെത്തുന്നത്. യുകെ റെഫ്യൂജി കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023-ല്‍ 67,337 പേരുടെ അഭയാര്‍ഥി അപേക്ഷയാണ് സര്‍ക്കാരിന് ലഭിച്ചത്.
യുക്രൈനിലെ യുദ്ധവും അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷങ്ങളുമെല്ലാം ബ്രിട്ടണിലേക്കുള്ള അഭയാര്‍ഥി ഒഴുക്കിലേക്ക് നയിച്ചിട്ടുണ്ട്. 2023-ല്‍ മാത്രം യുകെ യിലേക്ക് ഇംഗ്ലീഷ് ചാനലിലൂടെ ആയിരത്തിലേറെ ബോട്ടുകളിലായി അരലക്ഷത്തിലധികം അഭയാര്‍ഥികളാണ് അനധികൃതമായി എത്തിയത്. 2017 മുതല്‍ 2023 വരെ ബോട്ടുകളിലൂടെ മാത്രം 1.35 ലക്ഷത്തിലേറെപ്പേര്‍ യുകെ യിലേക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍. കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെയുണ്ടായ മോശം പ്രതിഫലനങ്ങള്‍ വര്‍ത്തമാനകാലത്തില്‍ പ്രകടമാണ്. സ്വന്തം മണ്ണില്‍ ആധിപത്യം പുലര്‍ത്താന്‍ ശ്രമിക്കുന്ന ബാഹ്യ ഇടപെടലുകളെ തകര്‍ത്തെറിയുക എന്നത് മാനുഷികമാണ്. ഒരു രാജ്യത്തിന്റെ ക്രമസമാധാന പാലനത്തിനുമേല്‍ ഏല്‍ക്കുന്ന ഏതൊരു കരടും പലപ്പോഴും ഒരു ചെറിയ തീപ്പൊരിയില്‍ നിന്ന് കാട്ടു തീ പടര്‍ത്തുന്നതിന് സമാനമായി ഭവിക്കാറുണ്ട്.
സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഒരു നുണപ്രചാരണത്തിന്റെ ഫലമാണ് കഴിഞ്ഞ നാളുകളില്‍ നാം ബ്രിട്ടനില്‍ കണ്ടതെന്നിരിക്കെ തക്കം പാര്‍ത്തിരുന്ന് തമ്മില്‍ തല്ലിക്കുന്ന ബാഹ്യശക്തികളെയും ഇതോടൊപ്പം നാം കാണണം. ബ്രിട്ടനില്‍ സമീപകാലത്തൊന്നും കാണാത്ത വിധമുള്ള വംശീയ ലഹളയ്ക്ക് പിന്നിലും ഇത്തരം ബോധപൂര്‍വമായ ഇടപെടലുകളാണ് ഉണ്ടായത്. സൗത്ത്പോര്‍ട്ടില്‍ ഡാന്‍സ് ക്ലാസ് കഴിഞ്ഞ് മടങ്ങിയ കൊച്ചു കുട്ടികളെ ആക്രമിച്ചു കൊലപ്പെടുത്തിയതിന് പിന്നില്‍ വെയില്‍സില്‍ ജനിച്ചുവളര്‍ന്ന ആക്‌സല്‍ റുഡകുബാന എന്ന പതിനേഴുകാരന്‍ ആയിരുന്നെങ്കിലും സമൂഹമാധ്യമങ്ങളില്‍ അക്രമത്തിന് പിന്നില്‍ അത് മുസ്ലിം കുടിയേറ്റക്കാരനായി മാറി. കുടിയേറ്റക്കാരനോടുള്ള പക വംശീയ വെറിയായി കാത്തുസൂക്ഷിക്കുന്ന പലര്‍ക്കും അത് വീണുകിട്ടിയ അവസരമായി മാറി, അല്ല മാറ്റി എന്ന് തന്നെ പറയാം. ലണ്ടന്‍, ഹാര്‍ട്ടില്‍പൂള്‍, മാഞ്ചസ്റ്റര്‍, മിഡില്‍സ്ബറോ, ഹള്‍, ലിവര്‍പൂള്‍, ബ്രിസ്റ്റോള്‍, ബെല്‍ഫാസ്റ്റ്, നോട്ടിംഗ്ഹാം, ലീഡ്‌സ് എന്നിവയുള്‍പ്പെടെ ഒരു ഡസനിലധികം പട്ടണങ്ങളും നഗരങ്ങളും അശാന്തിയില്‍ കുടുങ്ങി.
രാജ്യത്താകെ പ്രതിഫലിക്കുന്ന കുടിയേറ്റ വിരുദ്ധ മനോഭാവത്തിന്റെ മറവില്‍ തീവ്രവലതുപക്ഷക്കാരും, നവ നാസികളും, മുസ്ലിം വിരുദ്ധരുമെല്ലാം സംഘം ചേര്‍ന്ന് യുകെയില്‍ കുടിയേറ്റ വിരുദ്ധ, മുസ്ലിം വിരുദ്ധ അക്രമസംഭവങ്ങള്‍ അഴിച്ചു വിട്ടു. ഞായറാഴ്ച, ബര്‍മിംഗ്ഹാമിന് പുറത്തുള്ള റോതര്‍ഹാം പട്ടണത്തില്‍ അഭയം തേടിയവര്‍ താമസിക്കുന്ന ഹോളിഡേ ഇന്‍ എക്സ്പ്രസില്‍ നൂറുകണക്കിന് കലാപകാരികള്‍ അതിക്രമിച്ച് കയറിയതാണ് ഏറ്റവും മോശമായ അക്രമങ്ങളില്‍ ചിലത്. കുടിയേറ്റ വിരോധവും അതിതീവ്ര വലതുപക്ഷ ആശയവും വിചിത്രമായ ഒരു കൂട്ടുകെട്ടിന് വേദിയായി പിന്നീടവിടം. ബ്രിട്ടനോട് കൂറു പുലര്‍ത്തുന്നവരും, ഐക്യ അയര്‍ലന്‍ഡിനായി വാദിക്കുന്നവരും മറ്റ് വ്യത്യാസങ്ങള്‍ മറന്ന് ബെല്‍ഫാസ്റ്റില്‍ പ്രതിഷേധത്തിനിറങ്ങിയ കാഴ്ചയാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ദൃശ്യമായത്.
തീവ്ര വലതുപക്ഷത്തിലെ ചില ബന്ധങ്ങളും, ചില അജ്ഞാത സമൂഹ മാധ്യമ പോസ്റ്റുകളുമാണ് ഇവരെ ഒന്നിപ്പിച്ചത്. ഇരുകൂട്ടരുടെയും പതാകകളും, ചിഹ്നങ്ങളുമെല്ലാം പ്രകടനത്തില്‍ ഉയര്‍ത്തിയിരുന്നു. ഏറ്റുമുട്ടലുകളില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിഭാഗവും പ്രാദേശിക പ്രദേശങ്ങള്‍ക്ക് പുറത്തുള്ള തീവ്ര വലതുപക്ഷ പ്രക്ഷോഭകരായിരുന്നു. ഉയര്‍ന്ന കുടിയേറ്റം ബ്രിട്ടീഷ് സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് അവര്‍ അവകാശപ്പെട്ടു. കഴിഞ്ഞവര്‍ഷം 2.5 ബില്യണ്‍ പൗണ്ട് (3.2 ബില്യണ്‍ ഡോളര്‍) ചെലവില്‍ അഭയം തേടുന്നവരെ ഹോട്ടലുകളില്‍ പാര്‍പ്പിക്കുക എന്ന മുന്‍ സര്‍ക്കാരിന്റെ നയം ജനങ്ങളുടെ ഈ അതൃപ്തിയുടെ ആക്കം കൂട്ടുന്നതായിരുന്നു. ദേശീയതയുടെ ഉയര്‍ന്നുവരുന്ന വികാരങ്ങള്‍, രാജ്യത്തിന്റെ സ്വന്തം ജനങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നു എന്ന ചിന്ത ഇവയെല്ലാം കുടിയേറ്റ വിരുദ്ധ മനോഭാവത്തിന്റെ കാരണങ്ങളായി വര്‍ത്തിക്കുന്നവയാണ്.