തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച (11-8-204) പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പന്ത്രണ്ടാം തീയതി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 13-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഞായറാഴ്ച മുതല്‍ 13-8-2024 വരെ തെക്കന്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതേസമയം, നാളെ മുതല്‍ ആഗസ്റ്റ് 13 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കി.മീ വരെ (പരമാവധി 50 kmph വരെ) വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.