ഒമാനില്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത

ഒമാനില്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത
ഒമാനില്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത

മസ്‌കറ്റ്: ഒമാനില്‍ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. രാജ്യത്തുടനീളം വ്യത്യസ്ത തീവ്രതയോടെ ഒറ്റപ്പെട്ട മഴ പെയ്യാനാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും മിന്നലും ഉണ്ടാകും. മസ്‌കത്ത്, തെക്ക്-വടക്ക് ബാത്തിന, ദാഖിലിയ, ദാഹിറ, ബുറൈമി, വടക്കന്‍ ശര്‍ഖിയ, മുസന്ദം ഗവര്‍ണറേറ്റില്‍ 25 മുതല്‍ 50 മി.മീ. വരെ മഴ ലഭിച്ചേക്കും. 15 മുതല്‍ 25 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശും. തീരദേശങ്ങളില്‍ തിരമാല ഉയരും.

തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ബുധനാഴ്ച വരെ അറബിക്കടലില്‍ നിന്നുള്ള ന്യൂനമര്‍ദ്ദം ഒമാനെ ബാധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. ഒമാനിലെ മിക്ക ഗവര്‍ണറേറ്റുകളിലും കാര്‍മേഘങ്ങള്‍ രൂപപ്പെടുമെന്നും തെക്കന്‍ അല്‍ ബത്തിന, അല്‍ ദഖിലിയ, മസ്‌കറ്റ്, വടക്കന്‍ അല്‍ ബത്തിന, അല്‍ ദാഹിറ, അല്‍ ബുറൈമി, വടക്കന്‍ അല്‍ ശര്‍ഖിയ, തെക്കന്‍ അല്‍ ശര്‍ഖിയ, മുസന്ദം എന്നീ ഗവര്‍ണറേറ്റുകളില്‍ ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top