ടെല്‍ അവീവ്: ഗാസയില്‍ പോളിയോ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എന്നാല്‍ ഗാസയിലെ എല്ലാ ഭാഗങ്ങളെയും സൈനിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവാക്കില്ലെന്നും മറിച്ച് വാക്‌സിനേഷന്‍ നല്‍കാനായി തിരഞ്ഞെടുക്കപ്പെട്ട നിശ്ചിത പ്രദേശങ്ങളില്‍ മാത്രമെ ഈ ആനുകൂല്യം ലഭിക്കുകയുള്ളുവെന്നും നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ഒരു ഇസ്രയേൽ മാധ്യമം ഈ ആഴ്ച്ച അവസാനം ആരംഭിക്കുന്ന വാക്‌സിനേഷന്‍ ക്യാമ്പയിന്‍ നടപ്പിലാക്കുന്നതിനായി ഇസ്രയേൽ സൈന്യത്തിന്റെ ഗാസയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് അറിയിപ്പ് നൽകിയിരുന്നു. എന്നാല്‍ വാക്‌സിനേഷന്‍ ക്യാമ്പയിനില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ മാത്രമേ സൈനിക നടപടി നിര്‍ത്തിവെക്കുകയുള്ളു എന്നാണ് പ്രസ്താവനയില്‍ അറിയിച്ചിരുന്നത്.
Also Read: വരാന്‍ പോകുന്നത് യുദ്ധത്തേക്കാള്‍ ഭീകരം; ഗാസ മുനമ്പിലെ ആധിയും വ്യാധിയും
ഈ തീരുമാനം സുരക്ഷാ ക്യാബിനറ്റില്‍ അറിയിച്ചതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അംഗീകാരം ലഭിച്ചെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താനവയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇസ്രയേലിലെ തീവ്രവലതുപക്ഷ വിഭാഗങ്ങള്‍ ഈ തീരുമാനത്തെ എതിര്‍ത്തതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ 25 വര്‍ഷത്തിനിപ്പുറം ഗാസയില്‍ പൊട്ടിപ്പുറപ്പെട്ട പോളിയോ വൈറസ് ഇസ്രയേലിലേക്ക് വ്യാപിക്കെുമെന്ന ഭയവും ഈ തീരുമാനത്തിന് പിന്നിലുണ്ട് എന്നാണ് സൂചന. അതേസമയം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കഴിഞ്ഞ ആഴ്ച ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ ഇടപെടലുകളാണ് ഇത്തരം ഒരു തീരുമാനമെടുക്കാന്‍ ഇസ്രയേലിനെ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Also Read: അമേരിക്കൻ നിലപാട് ഇരട്ടതാപ്പ്, ഗാസയിലെ ശവംതീനികളായ ‘കഴുകൻമാർ’
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വാക്‌സിനേഷന്‍ ക്യാമ്പിന്റെ ആദ്യഘട്ടം ശനിയാഴ്ച ആരംഭിക്കും. പത്ത് ലക്ഷം പേര്‍ക്ക് നല്‍കാനുള്ള ശീതീകരിച്ച 25,000 ഡോസ് വാക്‌സിനുകള്‍ ഇതിനകം ഗാസയില്‍ എത്തിച്ചു കഴിഞ്ഞു. എന്നാല്‍ ഇടയ്ക്കിടെ നടക്കുന്ന വ്യോമാക്രമണങ്ങള്‍ കാരണം വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തുന്നതിലെ ആശങ്ക ഇതിനകം ആരോഗ്യപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്.
എന്നാല്‍ 10 വയസ്സിന് താഴെയുള്ള ഗാസയിലെ 90ശതമാനം വരുന്ന 6,40,000 കുട്ടികള്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കിയാല്‍ മാത്രമെ ഗാസയില്‍ രോഗബാധ നിയന്ത്രണ വിധേയമാകൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇടയ്ക്കിടെ ഉണ്ടാവുന്ന ആക്രമണങ്ങള്‍ കാരണം പലായനം ചെയ്യുന്ന ഒരു പ്രദേശത്ത് ഇത് എത്രത്തോളം പ്രവര്‍ത്തികമാണെന്ന കാര്യത്തില്‍ ആശങ്കയുണ്ടെങ്കിലും ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയെ മുന്‍നിര്‍ത്തി താത്കാലികമായി ബോംബാക്രമണങ്ങള്‍ നിര്‍ത്തിവെക്കുമെന്നാണ് സൂചന.