ഡമാസ്‌കസ് (സിറിയ): സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിൻ്റെ പടിഞ്ഞാറ് മെസ്സ പ്രാന്തപ്രദേശത്തുള്ള റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ഇസ്രായേൽ വ്യോമാക്രമണം. ഇസ്രായേലിൻ്റെ വ്യോമാക്രമണത്തിൽ ഏഴ് സാധാരണക്കാർ കൊല്ലപ്പെടുകയും പതിനൊന്ന് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. 20 ഓളം കാറുകൾ തകർന്നിട്ടുണ്ട്. ഇറാൻ റെവല്യൂഷനറി ഗാർഡുകൾ ഹിസ്ബുല്ലയുമായുള്ള കൂടിക്കാഴ്ചകൾക്കായി ഉപയോഗിച്ചിരുന്ന കെട്ടിടത്തെയാണ് ഇസ്രായേൽ ലക്ഷ്യം വെച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഏഴ് സാധാരണക്കാരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകളെ പുറത്തെടുക്കാൻ സിറിയൻ രക്ഷാസേന ഇപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഗോലാൻ കുന്നുകളുടെ ദിശയിൽ നിന്ന് വരുന്ന മൂന്ന് മിസൈലുകൾ ഉപയോഗിച്ചാണ് വ്യോമാക്രമണം നടത്തിയത്.
Also Read: പഠനാനന്തര തൊഴിൽ അനുമതികളിൽ മാറ്റം വരുത്തി കാനഡ
സിറിയയുടെ വ്യോമ പ്രതിരോധ സേന ഡമാസ്‌കസിന് സമീപമുള്ള “ശത്രു” ലക്ഷ്യങ്ങളെ തടഞ്ഞുവെന്ന് സ്റ്റേറ്റ് മീഡിയ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടെ സിറിയയിലും ലെബനനിലും ഗസ്സയിലും ഇസ്രായേൽ നടത്തുന്ന മനുഷ്യത്വ രഹിതമായ കൂട്ടക്കൊലകൾക്കെതിരെ ലോകമെങ്ങും പ്രതിഷേധങ്ങൾ ഉയർന്നു വരികയാണ്.