ടെൽ അവീവ്: പരസ്പരം ആക്രമണ ഭീഷണി മുഴക്കി ഇസ്രയേലും ഇറാനും. ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിനെതിരെ തുറന്ന യുദ്ധത്തിലേക്ക് നീങ്ങിയാൽ ഇസ്രയേലിനെ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. എന്നാൽ ഇറാൻ ഭരണകൂടം നാശം അർഹിക്കുന്നതായി ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് തിരിച്ചടിച്ചു. ലെബനനിൽ ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രയേൽ തുറന്ന സൈനിക നടപടി ആരംഭിച്ചാൽ സർവനാശമാകും ഫലമെന്ന് ഇറാന്റെ പ്രതിനിധി യു.എന്നിൽ പ്രതികരിച്ചതിന് പിന്നാലെയാണ് കാറ്റ്സ് രംഗത്തെത്തിയത്.
ഹിസ്ബുള്ള തെക്കൻ ലെബനൻ അതിർത്തിയിൽ നിന്നുള്ള ആക്രമണം തുടർന്നാൽ ഇസ്രയേൽ പൂർണ ശക്തിയോടെ തിരിച്ചടിക്കുമെന്നും കാറ്റ്സ് വ്യക്തമാക്കി. ഒക്ടോബറിൽ ഗാസയിൽ യുദ്ധം ആരംഭിച്ച നാൾ മുതൽ ഇറാന്റെ പിന്തുണയുമായി ഹിസ്ബുള്ള വടക്കൻ ഇസ്രയേലിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഹിസ്ബുള്ളയുടെ ആക്രമണത്തിൽ ഇസ്രയേലിൽ ഇതുവരെ 30ഓളം പേർ കൊല്ലപ്പെട്ടു.
ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ 400ലേറെ പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്. ഗാസ യുദ്ധം അവസാനിക്കാതെ ഇസ്രയേലിന് നേരെയുള്ള ആക്രമണം നിറുത്തില്ലെന്നാണ് ഹിസ്ബുള്ളയുടെ പക്ഷം. കഴിഞ്ഞ ഏതാനും ദിവസമായി വടക്കൻ ഇസ്രയേലിന് നേരെയുള്ള ഹിസ്ബുള്ള പ്രകോപനം രൂക്ഷമാണ്.