വാക്സിനേഷന് ഇടയിലും ഗാസയിൽ ആക്രമണം നടത്തി ഇസ്രയേൽ

ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 42 പലസ്തീൻകാർ കൊല്ലപ്പെട്ടു, 107 പേർക്കു പരുക്കേറ്റു.

വാക്സിനേഷന് ഇടയിലും ഗാസയിൽ ആക്രമണം നടത്തി ഇസ്രയേൽ
വാക്സിനേഷന് ഇടയിലും ഗാസയിൽ ആക്രമണം നടത്തി ഇസ്രയേൽ

ജറുസലം: ഗാസയിൽ ആദ്യഘട്ട പോളിയോ വാക്‌സിനേഷൻ വിജയകരമായി പൂർത്തിയാക്കിയതായി ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഇതിനിടെ 24 മണിക്കുറിനിടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 42 പലസ്തീൻകാർ കൊല്ലപ്പെട്ടു. 107 പേർക്കു പരുക്കേറ്റു. മധ്യഗാസയിൽ ദെയ്‌റൽ ബലാഹിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പകൽ ഏതാനും മണിക്കൂർ വെടിനിർത്തലുണ്ടായിരുന്നെങ്കിലും മറ്റു സ്‌ഥലങ്ങളിൽ ഇളവില്ല വാക്‌സിനേഷൻ കേന്ദ്രങ്ങളോടു ചേർന്ന മഗാസി അഭയാർഥി ക്യാംപിലും ബുറേജിലും ഇന്നലെ തുടർച്ചയായ ബോംബാക്രമണമുണ്ടായി.

Israeli attacks in Gaza

അധിനിവേശ വെസ്‌റ്റ്‌ബാങ്കിൽ ഇസ്രയേൽ സൈനിക നടപടി ഒൻപതാം ദിവസത്തിലേക്കു കടന്നു. കഴിഞ്ഞ മാസം 28 നുശേഷം ഇതുവര ജെനിനിലും തുൽകരിമിലും 33 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. 130 പേർക്കു പരുക്കേറ്റു. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ 40,861 പലസ്തീൻകാർ കൊല്ലപ്പെട്ടു. 94,398 പേർക്കു പരുക്കേറ്റു.

മധ്യഗാസയിൽ ആദ്യഘട്ടം പിന്നിടുമ്പോൾ 1,89,000 കുട്ടികൾക്കാണു വാക്സിൻ നൽകിയതെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. അടുത്ത ഘട്ടം തെക്കൻ ഗാസയിലാണ്.

Also Read:ട്രൂഡോ സർക്കാർ പ്രതിസന്ധിയിൽ; സർക്കാരിനുള്ള പിന്തുണ എൻഡിപി പിൻവലിച്ചു

വെടിനിർത്തൽ മധ്യസ്‌ഥ ചർച്ചകൾ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിൻ്റെ പിടിവാശിയിൽ ഉടക്കിനിൽക്കുകയാണെന്നു റിപ്പോർട്ടുണ്ട്. യുദ്ധം നിർത്തിയാലും തെക്കൻ ഗാസ-ഈജിപ്‌ത് അതിർത്തിയിലെ ഫിലാഡൽഫിയ ഇടനാഴിയിൽ ഇസ്രയേൽ സൈന്യം തുടരുമെന്നാണു നെതന്യാഹുവിൻ്റെ നിലപാട്. ഹമാസ് ഇതിനെ എതിർക്കുന്നു. ഈജിപ്തിൽ നിന്ന് ഗാസയിലേക്കുള്ള ആയുധക്കടത്ത് തടയാൻ വേണ്ടിയാണിതെന്ന നെതന്യാഹുവിൻ്റെ വാദം മധ്യസ്‌ഥരായ ഈജിപ്തിനെയും ചൊടിപ്പിച്ചിട്ടുണ്ട്. യുഎൻ രക്ഷാസമിതി അംഗീകരിച്ചതും കഴിഞ്ഞ മാസം 2 നു യൂഎസ് മുന്നോട്ടുവച്ചതുമായ കരാർ ഇസ്രയേൽ അംഗീകരിച്ചാൽ യുദ്ധം അവസാനിക്കുമെന്നാണ് ഹമാസ് നിലപാട്.

അതേസമയം, വടക്കൻ ഇസ്രയേലിലേക്ക് തെക്കൻ ലബനനിൽനിന്ന് ഹിസ്ബുല്ല തുടർച്ചയായ മിസൈൽ ആക്രമണം നടത്തിയെങ്കിലും കാര്യമായ നാശമില്ല. തിരിച്ചടിയായി ലബനനിലെ ഹിസ്ബുല്ല താവളങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി.

Also Read: പലസ്തീന്‍ അനുകൂല പ്രതിഷേധം; പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് അറസ്റ്റില്‍

ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ പലസ്‌തീൻ അനുകുല വിദ്യാർഥി പ്രകടനത്തിൽ പങ്കെടുത്ത പരിസ്‌ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂൻബെർഗിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തുനീക്കി. യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗൻ ഇസ്രയേലുമായുള്ള സഹകരണം തുടരുന്നതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

Top