ഗസ: ഹമാസ് ബന്ദികളാക്കിയ നാല് പേരെ മോചിപ്പിച്ചതിനു പിന്നാലെ പലസ്തീനിലെ അഭയാര്‍ഥി ക്യാംപുകള്‍ക്ക് നേരെ വീണ്ടും ആക്രമണം നടത്തി ഇസ്രായേല്‍. ആക്രമണത്തില്‍ 18 പേര് കൊല്ലപ്പെട്ടു. പ്രാദേശിക മാധ്യമങ്ങളാണ് ഇസ്രായേല്‍ ആക്രമണം സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബുറേജി അഭയാര്‍ഥി ക്യാംപിന് നേരെ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്നും നിരവധി പേര്‍ക്ക് പരുക്കേറ്റുവെന്നുമാണ് റിപ്പോര്‍ട്ട്. നുസൈറത്ത് അഭയാര്‍ഥി ക്യാംപിലെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ 17 പേര് കൊല്ലപ്പെട്ടുവെന്നും വാര്‍ത്തകളുണ്ട്. ഇതോടെ ഈ മാസം നുസൈറത്ത് ക്യാംപില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയി.