CMDRF

‘ഈ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല’; അന്റോണിയോ ഗുട്ടറസിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്രായേല്‍

ഇറാന്റെ മിസൈല്‍ ആക്രമണത്തെ അന്റോണിയോ ഗുട്ടറസ് അസന്ദിഗ്ധമായി അപലപിച്ചില്ലെന്ന് ഇസ്രായേല്‍

‘ഈ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല’; അന്റോണിയോ ഗുട്ടറസിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്രായേല്‍
‘ഈ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല’; അന്റോണിയോ ഗുട്ടറസിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്രായേല്‍

ടെല്‍ അവീവ്: യുഎന്‍ തലവന്‍ അന്റോണിയോ ഗുട്ടറസിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്രായേല്‍. ഇറാന്റെ മിസൈല്‍ ആക്രമണത്തെ അന്റോണിയോ ഗുട്ടറസ് അസന്ദിഗ്ധമായി അപലപിച്ചില്ലെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ചൂണ്ടിക്കാട്ടി. മാത്രമല്ല അന്റോണിയോ ഗുട്ടറസ് ഭീകരവാദികളെ പിന്തുണയ്ക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.

ഇസ്രായേലിനെതിരായ ഇറാന്‍ ആക്രമണത്തെ അപലപിക്കാന്‍ കഴിയാത്ത ആര്‍ക്കും ഇസ്രായേലിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ലെന്ന് കാറ്റ്സ് വ്യക്തമാക്കി. ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ കൂട്ടക്കൊലയെയും ലൈംഗിക അതിക്രമങ്ങളെയും ഇതുവരെ അപലപിച്ചിട്ടില്ലാത്ത ഒരു സെക്രട്ടറി ജനറലാണ് ഗുട്ടറസ്. ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനുള്ള ഒരു ശ്രമത്തിനും അദ്ദേഹം നേതൃത്വം നല്‍കിയിട്ടില്ല. തീവ്രവാദികള്‍ക്കും ബലാത്സംഗക്കാര്‍ക്കും പിന്തുണ നല്‍കുന്ന ഒരു സെക്രട്ടറി ജനറലാണിത്. ഗുട്ടറസ് ഉണ്ടായാലും ഇല്ലെങ്കിലും ഇസ്രായേല്‍ തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുന്നത് തുടരുമെന്നും ദേശീയ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇറാന്‍, ഹമാസ്, ഹിസ്ബുല്ല എന്നിവയുമായുള്ള ഇസ്രായേലിന്റെ പോരാട്ടത്തിലുടനീളം യുഎന്‍ തലവനായ ഗുട്ടറസ് ഒരു തരത്തിലും സഹായിച്ചിട്ടില്ലെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി വക്താവ് അലക്‌സ് ഗാന്‍ഡ്ലര്‍ പറഞ്ഞു. എപ്പോഴും അവര്‍ക്കൊപ്പം നില്‍ക്കുകയാണ് ഗുട്ടറസ് ചെയ്തത്. കഴിഞ്ഞ ദിവസം പോലും ഇസ്രായേലിലെ സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തിട്ടും അവര്‍ക്ക് നേരെ വിരല്‍ ചൂണ്ടാന്‍ ഗുട്ടറസ് തയ്യാറായില്ലെന്നും അലക്‌സ് ഗാന്‍ഡ്ലര്‍ കൂട്ടിച്ചേര്‍ത്തു.

Top